India
കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടില്ല, ജാഗ്രത പാലിക്കുക: അഭിജിത് ദിപ്കെ
ബെംഗളൂരു: സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി മാറിയ കോക്ക്രോച്ച് ജനതാ പാര്‍ട്ടി യാതൊരുവിധ പ്രതിഷേധങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടില്ലെന്ന് സ്ഥാപകന്‍ അഭിജിത് ദിപ്കെ. പ്രസ്ഥാനത്തെ തകര്‍ക്കാനും പൈശാചികവല്‍ക്കരിക്കാനും ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും വ്യാജ പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയൊരു വീഴ്ചയ്ക്കായി കാത്തുനില്‍ക്കുന്നവര്‍ക്ക് അവസരം ഒരുക്കിക്കൊടുക്കരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണമെന്നും ദിപ്കെ എക്‌സ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചു.
മെയ് 24 ഞായറാഴ്ച ‘കോക്രോച്ച് ജനതാ പാര്‍ട്ടി കര്‍ണാടക’യുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരു ടൗണ്‍ ഹാളിന് സമീപം മനുഷ്യച്ചങ്ങല പ്രതിഷേധം സംഘടിപ്പിക്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പൗരന്മാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പൊലീസ് രംഗത്തെത്തിയിരുന്നു.
പ്രതിഷേധത്തിനായി ടൗണ്‍ ഹാളിന് സമീപം ഒത്തുകൂടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സമാധാനപരമായ മനുഷ്യച്ചങ്ങല എന്ന പേരില്‍ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക നിര്‍ദേശം പുറപ്പെടുവിച്ചത്.
ഫ്രീഡം പാര്‍ക്ക് ഒഴികെയുള്ള സ്ഥലങ്ങളില്‍ പ്രതിഷേധങ്ങളോ റാലികളോ ധര്‍ണ്ണകളോ അനുവദിക്കില്ലെന്ന 2022 ഓഗസ്റ്റ് 1-ലെ കര്‍ണാടക ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ ഉത്തരവ് ലംഘിച്ച് ടൗണ്‍ ഹാളിന് മുന്നില്‍ ഒത്തുകൂടുന്നത് കോടതി നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനമായി കണക്കാക്കും
ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ഈ പ്രതിഷേധവുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ കൈമാറാനോ പങ്കുവെക്കാനോ പാടില്ലെന്ന് പൊലീസ് പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. പൊതുതാത്പര്യം മുന്‍നിര്‍ത്തിയും നിയമത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഈ ഉപദേശമെന്നും നോട്ടീസില്‍ പറയുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു നിയമവിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ രൂപംകൊള്ളുന്നത്. മുതിര്‍ന്ന പദവി ആവശ്യപ്പെട്ട് വന്ന ഒരു അഭിഭാഷകനെതിരെ ‘പരാദങ്ങള്‍’, ‘കോക്രോച്ച്’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചുവെന്ന തരത്തില്‍ വിവാദമുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് തന്റെ പരാമര്‍ശം തെറ്റായി ഉദ്ധരിച്ചതാണെന്നും, വ്യാജ ബിരുദങ്ങള്‍ വഴി നിയമരംഗത്തേക്ക് പ്രവേശിക്കുന്ന വ്യക്തികളെ ഉദ്ദേശിച്ചാണ് താന്‍ സംസാരിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയുണ്ടായി.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ പ്രോജക്റ്റായി ആരംഭിച്ചതാണ് സി.ജെ.പി. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ ഇത് സമകാലിക പ്രതിഷേധങ്ങളുടെ ഭാഗമായി മാറി. നിലവില്‍ എക്‌സില്‍ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈ കൂട്ടായ്മയ്ക്കുള്ളത്.
തൊഴിലില്ലായ്മ, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, വിദ്യാഭ്യാസ രംഗത്തെ അഴിമതി തുടങ്ങിയ യുവജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളാണ് ഈ പ്ലാറ്റ്ഫോം ചര്‍ച്ച ചെയ്യുന്നത്. ഗ്രാഫിക്‌സ്, ആനിമേഷന്‍, വ്യത്യസ്തമായ മാനിഫെസ്റ്റോകള്‍, ചാര്‍ട്ടര്‍ സ്‌റ്റൈല്‍ ആവശ്യങ്ങള്‍ എന്നിവയിലൂടെ മൂര്‍ച്ചയേറിയ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഇവര്‍ അവതരിപ്പിക്കുന്നത്.
യുവതലമുറയുടെ വിയോജിപ്പുകളെയും നര്‍മ ബോധത്തെയും മുന്‍നിര്‍ത്തി മുന്നോട്ട് പോകുന്ന പ്രസ്ഥാനമായതിനാല്‍, വ്യാജ വാര്‍ത്തകളില്‍ വീണുപോകാതെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് അഭിജിത് ഫോളോവേഴ്‌സിനോട് ആവശ്യപ്പെടുന്നത്.
Content Highlight: Cockroach Janta Party has not given any call for protest Abhijith




