ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണം: ഡി. രാജ
ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യാ മുന്നണിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.ഐ നേതാവ് ഡി.രാജ. സഖ്യകക്ഷികള്‍ തമ്മില്‍ കൂടുതല്‍ വിശ്വാസവും ഐക്യവും വിട്ടുവീഴ്ചാ മനോഭാവവും വളര്‍ത്തിയെടുക്കണമെന്നും മൂന്നാം മുന്നണിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമല്ല ഇതെന്നും രാജ പറഞ്ഞു.
സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് തങ്ങളുടെ പങ്കും ഉത്തരവാദിത്തങ്ങളും വ്യക്തമായി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടര്‍ന്നുണ്ടായ സഖ്യ മാറ്റത്തെ ചൊല്ലി കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മുന്നണി നിലവില്‍ ഏകോപന വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.
‘തമിഴ്നാട്ടിലെ സഖ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രണ്ട് പ്രധാന പാര്‍ട്ടികളും ഒരേ നിലപാടിലല്ലാത്തതിനാല്‍ ബ്ലോക്ക് ഒരു ദുഷ്‌കരമായ ഘട്ടത്തെ നേരിടുകയാണ്. എല്ലാ പങ്കാളികള്‍ക്കിടയിലും കൂടുതല്‍ ഐക്യം, പരസ്പര വിശ്വാസം, സഹവര്‍ത്തിത്വം എന്നിവ ആവശ്യമാണ്,’ ഡി.രാജ പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളെ പ്രതിരോധിക്കുക എന്നതായിരിക്കണം ഇന്ത്യ സഖ്യത്തിന്റെ അന്തിമ ലക്ഷ്യമെന്നും, അതിനായി എല്ലാ പ്രാദേശിക-ദേശീയ പാര്‍ട്ടികളും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ടി.വി.കെ നേതൃത്വത്തിലുള്ള മുന്നണിയുമായി അടുത്തതിനെ തുടര്‍ന്ന്, ഡി.എം.കെയും കോണ്‍ഗ്രസും തമ്മിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം അവസാനിച്ചിരുന്നു. കോണ്‍ഗ്രസ് കാണിച്ചത് പിന്നില്‍ നിന്നും കുത്തുന്ന സമീപനമാണെന്നായിരുന്നു ഡി.എം.കെയുടെ പ്രതികരണം.
മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനകളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് ഡി.എം.കെയും ആം ആദ്മി പാര്‍ട്ടിയും സി.പി.എമ്മിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതും മുന്നണിയില്‍ ഭിന്നതയ്ക്ക് കാരണമായിരുന്നു.
Content Highlight: Opposition parties in the Bharatiya Janata Party should stand together in the fight against BJP: D. Raja




