24
June, 2026

A News 365Times Venture

24
Wednesday
June, 2026

A News 365Times Venture

പാറ്റ പരാമര്‍ശം; ലണ്ടനിലെ പരിപാടിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍; തടഞ്ഞ് സംഘാടകര്‍

Date:



India


‘പാറ്റ’ പരാമര്‍ശം; ലണ്ടനിലെ പരിപാടിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍; തടഞ്ഞ് സംഘാടകര്‍

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ലണ്ടന്‍ സര്‍വകലാശാലയിലെ ബിര്‍ക്ക്‌ബെക്കില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അന്താരാഷ്ട്ര നിയമവും’ എന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രഭാഷണം നടത്തിയതിന് പിന്നാലെയാണ് ചോദ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

മുന്‍പ് ഒരു കോടതി വാദത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച യുവാക്കളെ ചീഫ് ജസ്റ്റിസ് ‘പാറ്റകള്‍’ എന്നും ‘പരാദങ്ങള്‍’ എന്നും വിളിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ലണ്ടന്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നേരിട്ട് ചോദ്യങ്ങളുമായി എത്തിയത്.

ഇന്ത്യയ്ക്കുള്ളില്‍ വിയോജിപ്പുകളോടുള്ള ഭരണകൂടത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ശത്രുതയെയും, പൗരസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെയും കുറിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യം.

ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിന് ശേഷം സദസ്സിലുള്ളവരുമായി സംവദിക്കുന്ന സെഷനിലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ജനാധിപത്യപരമായ വിയോജിപ്പും ആശങ്കകളും പരസ്യമായി പ്രകടിപ്പിച്ചത്.

ഇന്ത്യയില്‍ വിയോജിപ്പുകളോട് ഭരണകൂടവും നീതിന്യായ വ്യവസ്ഥയും പുലര്‍ത്തുന്ന വര്‍ദ്ധിച്ചുവരുന്ന ശത്രുതയെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. എന്നാല്‍ ഉടന്‍ തന്നെ സംഘാടകര്‍ ഇടപെടുകയും ചോദ്യം വിദ്യാര്‍ത്ഥിയുടെ ചോദ്യം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമാണുണ്ടായത്.

‘എല്ലാ ആദരവോടും കൂടി, എനിക്ക് വളരെ ഖേദമുണ്ട്, വിഷയം കൃത്രിമബുദ്ധിയെയും അന്താരാഷ്ട്ര നിയമത്തെയും കുറിച്ചുള്ളതായതിനാല്‍ എനിക്ക് ആ ചോദ്യം ഏറ്റെടുക്കാന്‍ കഴിയില്ല. എനിക്ക് വളരെ ഖേദമുണ്ട്! നമ്മള്‍ അത് നിര്‍ത്തണം,’ എന്ന് പറഞ്ഞ് അവതാരകന്‍ ചോദ്യം ചോദിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ വിലക്കുകയായിരുന്നു.

വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ക്ക് സംഘാടകര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംഘാടകരും വിദ്യാര്‍ത്ഥികളും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടാവുകയും ചെയ്തു.

തങ്ങളുടെ ന്യായമായ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശത്തെയും ജനാധിപത്യപരമായ സംവാദത്തെയും അധികൃതര്‍ തടയാന്‍ ശ്രമിച്ചതോടെ വിദ്യാര്‍ത്ഥികള്‍ ശക്തമായി പ്രതിരോധിച്ചു.

സാമൂഹ്യ പ്രവര്‍ത്തകന്‍ സൗരവ് ദാസ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പരിപാടിയുടെ വീഡിയോകളില്‍, ചോദ്യം ചെയ്യലിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍, ‘ദയവായി ഞങ്ങള്‍ക്ക് കുറച്ച് ബഹുമാനം തരൂ’ എന്ന് ഒരു വിദ്യാര്‍ത്ഥി സംഘാടകരോട് ഉറക്കെ ആവശ്യപ്പെടുന്നത് വ്യക്തമായി കേള്‍ക്കാം.

ഇന്ത്യയിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യാന്തര വേദികളിലെങ്കിലും ശബ്ദമുയര്‍ത്താനുള്ള വിദ്യാര്‍ത്ഥികളുടെ ശ്രമങ്ങളെയാണ് സംഘാടകര്‍ തടഞ്ഞതെന്ന വിമര്‍ശനവും ഇതിന് പിന്നാലെ ഉയര്‍ന്നു.

ചീഫ് ജസ്റ്റിസിനെതിരെ ലണ്ടനില്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങാനുള്ള പ്രധാന കാരണം കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന കടുത്ത ജനരോഷമാണ്.

ഒരു കോടതി വാദത്തിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകള്‍’ (Cockroaches), ‘പരാദങ്ങള്‍’ (Parasites) എന്ന് വിളിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തന്റെ അഭിപ്രായങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് ജസ്റ്റിസ് കാന്ത് പിന്നീട് വിശദീകരിച്ചിരുന്നെങ്കിലും, യുവാക്കളെ അധിക്ഷേപിച്ചതിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

ഈ വിവാദ പരാമര്‍ശത്തെ പരിഹസിച്ചും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പേരിനോട് സാദൃശ്യം പുലര്‍ത്തിയുമാണ് സോഷ്യല്‍ മീഡിയയില്‍ ‘കോക്രോച്ച് ജന്ത പാര്‍ട്ടി’ (CJP) എന്ന പേരില്‍ ഒരു മൂവ്‌മെന്റ് ആരംഭിച്ചത്.

മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന അഭിഷേക് ദിപ്കെ മെയ് 16നാണ് കോക്രോച്ച് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടാന്‍ സി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്.

പരീക്ഷാ ക്രമക്കേടുകളുടെ പേരില്‍ രാജ്യത്ത് വലിയ രീതിയില്‍ വിമര്‍ശനം നേരിടുന്ന വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ഇന്ന് ജന്ദര്‍മന്ദറില്‍ പ്രതിഷേധിക്കാനുള്ള നീക്കത്തിലാണ്.

അതേസമയം, വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെയും ചോദ്യം ചെയ്യലിനെയും അപലപിച്ചുകൊണ്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കി. ചീഫ് ജസ്റ്റിസിന്റെ പ്രസംഗത്തിന് ശേഷം ഒരു വ്യക്തി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് ഹൈക്കമ്മീഷന്‍ ആരോപിക്കുന്നത്.

‘ഇത്തരം അപമര്യാദയായ പെരുമാറ്റം അസ്വീകാര്യവും പൊതു സംവാദത്തില്‍ പുലര്‍ത്തേണ്ട മര്യാദകള്‍ക്ക് നിരക്കാത്തതുമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ജനാധിപത്യ സമൂഹത്തിന്റെ സ്വാഭാവിക ഭാഗമാണ്. എന്നിരുന്നാലും, അവ സിവിലായി, ബഹുമാനത്തോടെ പ്രകടിപ്പിക്കണം,’ എന്നാണ് ഹൈക്കമ്മീഷന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.

ഇതിന് പിന്നാലെ, രാജ്യത്തെ സുപ്രധാന പദവിയിലിരിക്കുന്ന വ്യക്തിയില്‍ നിന്ന് പൗരന്മാര്‍ക്കെതിരെ ഉണ്ടായ മോശം പരാമര്‍ശങ്ങളെക്കുറിച്ച് ചോദ്യം ചോദിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തെ തടയുന്നതാണ് ഹൈക്കമ്മീഷന്റെ നിലപാടെന്ന വിമര്‍ശനവും ഉയര്‍ന്നു.

Content Highlight: Tense exchange over ‘dissent in India’ question at CJI Surya Kant’s London lecture event

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

അമേരിക്ക-ഇറാന്‍ ചര്‍ച്ചകളില്‍ ഇസ്രഈല്‍ ഭാഗമല്ല; ഹിസ്ബുല്ലയെ പൂര്‍ണമായും തകര്‍ക്കുന്നത് വരെ ആക്രമണമെന്ന് ഇസ്രഈല്‍

  ടെല്‍ അവീവ്: അമേരിക്കയും ഇറാനും തമ്മില്‍ നടത്തുന്ന നയതന്ത്ര ചര്‍ച്ചകളില്‍...