India
ദല്‍ഹിയില്‍ ബി.ജെ.പി മന്ത്രിയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് തൃണമൂല്‍ വിമത എം.പിമാര്‍; എന്‍.ഡി.എ സഖ്യത്തിന് നീക്കം
ന്യൂദല്‍ഹി: ഭരണമുന്നണിയായ എന്‍.ഡി.എയ്ക്ക് പിന്തുണ നല്‍കാനുള്ള നീക്കവുമായി തൃണമൂല്‍ വിമതര്‍. പാര്‍ട്ടിയുടെ 28 ലോക്‌സഭാ എം.പിമാരില്‍ 20 പേരുടെ പിന്തുണ തങ്ങള്‍ക്കുള്ളതായാണ് വിമത പക്ഷം അവകാശപ്പെടുന്നത്. ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്കാവാനും എന്‍.ഡി.എയെ പിന്തുണയ്ക്കാനും വിമത എം.പിമാര്‍ നീക്കം നടത്തുന്നതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബി.ജെ.പിയുടെ പശ്ചിമ ബംഗാളിന്റെ നിരീക്ഷണ ചുമതലയുള്ള നിരീക്ഷകന്‍ കൂടിയായ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിന്റെ ദല്‍ഹിയിലെ വസതിയില്‍ വിമത എം.പിമാരില്‍ ചിലര്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പങ്കെടുത്തതായാണ് വിവരം.
ഇതിനിടെ 20 എം.പിമാരുടെ പിന്തുണ തങ്ങള്‍ക്കുള്ളതായി വിമത എം.പി. കകോലി ഘോഷ് ദസ്തിദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യേക ബ്ലോക്കാവാന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്നും എന്‍.ഡി.എയെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി.
നിലവില്‍ 12 തൃണമൂല്‍ എം.പിമാര്‍ മാത്രമാണ് വിമത പക്ഷത്തേക്ക് പോയതെന്നാണ് മമതാ ബാനര്‍ജിയുടെ പക്ഷത്തുള്ളവര്‍ അവകാശപ്പെടുന്നത്. ഇതിനിടെയാണ് 20 എം.പിമാര്‍ വിമതപക്ഷത്തുള്ളതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. വിമത എം.പിമാരില്‍ 14 പേരെങ്കിലും ബി.ജെ.പി മന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം.
വിമത എം.പിമാരുടെ യോഗത്തിന്റെ ഫോട്ടോകളും വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്‌സഭാ എം.പിമാര്‍ക്കും മുഖ്യമന്ത്രിക്കും ഒപ്പം തൃണമൂലില്‍ നിന്ന് രാജിവച്ച രാജ്യസഭാ എം.പി. ശേഖര്‍ റോയും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സുഖേന്ദു ശേഖര്‍ റോയ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചത്. രാജ്യസഭാ എം.പി സ്ഥാനവും റോയ് രാജിവച്ചിട്ടുണ്ട്. ഒരു രാജ്യസഭാ എം.പി കൂടി തൃണമൂലില്‍ നിന്ന് രാജിവയ്ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്ത്യ മുന്നണി യോഗത്തിനായി ഡല്‍ഹിയിലെത്തിയ ദിവസം തന്നെയാണ് വിമത എം.പിമാര്‍ ബി.ജെ.പി മന്ത്രിയുടെ വീട്ടില്‍ യോഗം ചേര്‍ന്നിട്ടുള്ളത്. മമതയ്ക്ക് പുറമെ മരുമകനും ടി.എം.സി നേതാവുമായ അഭിഷേക് ബാനര്‍ജിയും ഇന്ത്യ മുന്നണി യോഗത്തിനായി ദല്‍ഹിയിലെത്തിയിരുന്നു.
ഈ മാസം മൂന്നിനായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍ന്നത്. വിമത നേതാവ് റിതബ്രത ബാനര്‍ജി പശ്ചിമ ബംഗാളില്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട വിമത നേതാവ് റിതബ്രത ബാനര്‍ജിയെ പശ്ചിമ ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ രവീന്ദ്രനാഥ് ബോസ് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു.
പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ആകെ 80 തൃണമൂല്‍ എം.എല്‍.എമാരാണുള്ളത്. ഇതില്‍ 58 പേരുടെ ശക്തമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് റിതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം അവകാശപ്പെട്ടിരുന്നു. തങ്ങളാണ് ‘യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്നും വിമതര്‍ അവകാശപ്പെട്ടിരുന്നു.
Content Highlight: Trinamool rebel MP’s Reportedly Met at BJP Minister’s Residence; plan to support NDA




