13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

അസമില്‍ സ്‌കൂള്‍ ടിഫിനില്‍ ബീഫ് ബിരിയാണി കൊണ്ടുവന്നെന്ന് പരാതി; മുസ്‌ലിം വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍, അമ്മ അറസ്റ്റില്‍

Date:



India


അസമില്‍ സ്‌കൂള്‍ ടിഫിനില്‍ ബീഫ് ബിരിയാണി കൊണ്ടുവന്നെന്ന് പരാതി; മുസ്‌ലിം വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍, അമ്മ അറസ്റ്റില്‍

ദിസ്പൂര്‍: അസമിലെ ഗോള്‍പാറ ജില്ലയില്‍ സ്‌കൂള്‍ ടിഫിനില്‍ ബീഫ് കൊണ്ടുവന്ന് സഹപാഠികള്‍ക്ക് നല്‍കിയെന്ന ആരോപണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൃഷ്ണായ് ടൗണിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂണ്‍ 5 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

കുട്ടിക്ക് ബീഫ് പാകം ചെയ്ത് സ്‌കൂളിലേക്ക് കൊടുത്തയച്ചെന്ന പേരിലാണ് കുട്ടിയുടെ അമ്മയും പ്രാദേശിക സ്വയംസഹായ സംഘത്തിലെ ജീവനക്കാരിയുമായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്താനുള്ള മനപൂര്‍വവും ദുരുദ്ദേശ്യപരവുമായ ശ്രമം, നിരവധി വ്യക്തികള്‍ ചേര്‍ന്ന് നടത്തുന്ന ക്രിമിനല്‍ പ്രവൃത്തികള്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥിയെ പിന്നീട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഹിന്ദു വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒരു മുസ്‌ലിം വിദ്യാര്‍ത്ഥി തന്റെ ടിഫിന്‍ ബോക്‌സില്‍ ബീഫ് ബിരിയാണി കൊണ്ടുവരികയും അത് മറ്റ് നാല് മുസ്‌ലിം സഹപാഠികളുമായി പങ്കിടുകയും ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എന്നാല്‍ ഈ ബിരിയാണി രണ്ട് ഹിന്ദു സഹപാഠികളെ നിര്‍ബന്ധിച്ച് കഴിപ്പിച്ചു എന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ ഈ വാദത്തെ എതിര്‍ത്ത് കസ്റ്റഡിയിലുള്ള കുട്ടികളിലൊരാളുടെ പിതാവായ മുസ്തഫിസുര്‍ റഹ്മാന്‍ രംഗത്തെത്തി.

കുട്ടി മറ്റ് രണ്ട് ഹിന്ദു സഹപാഠികള്‍ക്കും ഭക്ഷണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ ഇറച്ചിയല്ല, ചോറ് മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ബീഫാണ് കൊണ്ടുവന്നതെന്നറിഞ്ഞ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കാതെ അധ്യാപകന്റെ ഓഫീസിലേക്ക് ഓടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനാധ്യാപകന്‍ അപ്പോള്‍ത്തന്നെ ഇടപെട്ട് വിഷയം സ്‌കൂളില്‍ വെച്ചുതന്നെ പരിഹരിക്കുകയും മാതാപിതാക്കളോട് പറയരുതെന്ന് കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, ഹിന്ദു വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ വിവരമറിയിച്ചതോടെ സംഭവം പുറത്താവുകയും ബജ്‌രംഗദള്‍, ആര്‍.എസ്.എസ് തുടങ്ങിയ ഹിന്ദുത്വ സംഘടനകള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തു. ഈ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് കുട്ടിയുടെ അമ്മയുടെ അറസ്റ്റും വിദ്യാര്‍ത്ഥിയുടെ കസ്റ്റഡിയും രേഖപ്പെടുത്തിയത്.

വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും നേരില്‍ക്കണ്ട ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (AASU) നേതാവ് മനിദുല്‍ ഇസ്‌ലാം ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി. ഹിന്ദു സഹപാഠികള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടികള്‍ പരസ്പരം ഭക്ഷണം പങ്കിടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി

സ്‌കൂള്‍ അധികൃതര്‍, സ്‌കൂള്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രാദേശിക ഗ്രൂപ്പുകള്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രാഥമിക യോഗം വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നതിനെ അനുകൂലിച്ചതായി എസ്.എം.ഡി.സി പ്രസിഡന്റ് സുബ്രത ദാസ് അറിയിച്ചു.

ചൊവ്വാഴ്ച നടക്കുന്ന ഔദ്യോഗിക യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. സംഭവത്തില്‍ ആരോപണവിധേയരായ മറ്റ് നാല് മുസ്‌ലിം വിദ്യാര്‍ത്ഥികളെയും പൊലീസ് നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.

എന്നാല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാനുള്ള നീക്കത്തെ എ.എ.എസ്.യു നേതാവ് മനിദുല്‍ ശക്തമായി എതിര്‍ത്തു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നും പ്രദേശത്ത് സാമുദായിക ഐക്യം പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ഗോല്‍പാറ ജില്ലാ കമ്മീഷണര്‍ പ്രോദീപ് തിമുങ്ങും പൊലീസ് സൂപ്പര്‍വൈസര്‍ നബനീത് മഹന്തയും സ്‌കൂള്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ജില്ലാ കമ്മീഷണര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളിലെ ടിഫിന്‍ ബോക്‌സുകളില്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ ടിഫിനുകളില്‍ സസ്യാഹാരം മാത്രമേ കൊണ്ടുവരാവൂ എന്ന് സ്‌കൂള്‍ അധികൃതര്‍ നേരത്തെ തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. പുതിയ നിര്‍ദേശപ്രകാരം സ്‌കൂളുകളില്‍ മത്സ്യവും മാംസവും പൂര്‍ണമായി നിരോധിക്കാനും, വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി മുട്ട മാത്രം കൊണ്ടുവരാന്‍ അനുമതി നല്‍കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

അസമില്‍ പശുവും ഗോമാംസവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കടുത്ത സാമുദായിക സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. 2016-നും 2020-നും ഇടയില്‍ സംസ്ഥാനത്ത് ഗോമാംസത്തിന്റെ പേരില്‍ ഒരു ഡസനിലധികം ആള്‍ക്കൂട്ട ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അസമില്‍ സ്വകാര്യമായി ബീഫ് കഴിക്കുന്നത് അനുവദനീയമാണെങ്കിലും, റെസ്റ്റോറന്റുകള്‍ പോലുള്ള പൊതു ഇടങ്ങളിലും സാമൂഹിക പരിപാടികളിലും ഇത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 2024 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നതിന് സംസ്ഥാനവ്യാപകമായി പൂര്‍ണ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Assam: Muslim woman arrested, son detained for allegedly forcing Hindu students to eat ‘beef’ tiffin




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related