13
June, 2026

A News 365Times Venture

13
Saturday
June, 2026

A News 365Times Venture

ഇന്ത്യ മുന്നണിയിലെ പ്രസംഗം- പിണറായിയെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്നതിനപ്പുറം രാഹുല്‍ ഗാന്ധി പറഞ്ഞ 5 കാര്യങ്ങള്‍

Date:



India


ഇന്ത്യ മുന്നണിയിലെ പ്രസംഗം: പിണറായിയെ കെട്ടിപ്പിടിക്കാന്‍ കഴിയില്ലെന്നതിനപ്പുറം രാഹുല്‍ ഗാന്ധി പറഞ്ഞ 5 കാര്യങ്ങള്‍

ന്യൂദല്‍ഹി: രാജ്യത്ത് എല്ലാ ഭരണ സംവിധാനങ്ങളെയും ബി.ജെ.പി നിയന്ത്രിക്കുന്ന സമയത്ത് പഴയ ശൈലിയില്‍ മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളോട് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച നടന്ന ഇന്ത്യമുന്നണി യോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ ഈ കാര്യം അഭിപ്രായപ്പെട്ടത്. പ്രസംഗത്തിന്റെ പൂര്‍ണരൂപം കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കെട്ടിപ്പിടിക്കാന്‍ തനിക്ക് സാധിക്കില്ല എന്ന പരാമര്‍ശവും പ്രസംഗത്തില്‍ രാഹുല്‍ നടത്തിയിരുന്നു. മുന്നണിയുടെ ഐക്യം സംബന്ധിച്ച് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം.

‘നമ്മള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. കേരള മുന്‍ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ അത് ചെയ്യില്ല. കാരണം അദ്ദേഹവുമായി ഞാന്‍ രാഷ്ട്രീയമായി സംഘര്‍ഷത്തിലാണ്. അപ്പോള്‍ നമ്മള്‍ തിരിച്ചറിയണം പ്രതിപക്ഷം ദുര്‍ബലമെന്ന് വരുത്തിത്തീര്‍ക്കാന്‍ നമുക്ക് നേര്‍ക്ക് വലിയ ആക്രമണമാണ് നടക്കുന്നതെന്ന്,’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

1. ഇന്ത്യ മുന്നണിയിലെ സംശയം മാറണം

ഇന്ത്യ മുന്നണിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അത് മാറേണ്ടതുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. രാഷ്ട്രീയം പ്രവര്‍ത്തിക്കാത്തപ്പോള്‍ പ്രതിരോധമാണ് പ്രവര്‍ത്തിക്കുക എന്നും ഇന്ത്യ മുന്നണി പ്രതിരോധത്തിന്റെ മാര്‍ഗത്തിലേക്ക് മാറേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

‘എങ്ങനെ ബി.ജെ.പിയെ തോല്‍പിക്കാമെന്ന് ഇന്ത്യമുന്നണിയില്‍ തന്നെ സംശയമുണ്ട്. പക്ഷേ നമ്മള്‍ ഒരുമിച്ച് നിന്ന് പോരാടിയാല്‍ അവരെ പരാജയപ്പെടുത്താം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ അല്ലാതെ ഇവിടെ ഒരാളും ബി.ജെ.പിയെ നമുക്ക് തോല്‍പ്പിക്കാനാവും എന്ന് വിശ്വസിച്ചിരുന്നില്ല. ഇപ്പോള്‍ ഇവിടെ ഉള്ള എല്ലാവരും നമുക്ക് ബി.ജെ.പിയെ തോല്‍പിക്കാനാവും എന്ന് വിശ്വസിക്കാനാരംഭിക്കണം. അപ്പോള്‍ എനിക്ക് ഉറപ്പ് തരാനാവും അവര്‍ തിരഞ്ഞെടുപ്പില്‍ കള്ളത്തരങ്ങള്‍ കാണിച്ചാലും അവരെ പരാജയപ്പെടുത്താന്‍ നമുക്ക് സാധിക്കുമെന്ന്,’ രാഹുല്‍ പറഞ്ഞു.

എല്ലാ ഭരണകൂട സംവിധാനങ്ങളിലും ബി.ജെ.പിയും ആര്‍.എസ്.എസും കൂടുതല്‍ ശക്തിയായി പിടിമുറുക്കുകയാണ്. ഇപ്പോഴത്തേതിന് സമാനമായ അവസ്ഥ 100 കൊല്ലം മുന്‍പ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിട്ടുണ്ട്. 1927 വരെ കോണ്‍ഗ്രസ് രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. എന്നാല്‍ നമുക്ക് സ്വാതന്ത്ര്യം വേണമെന്ന് ഗാന്ധിജി പറഞ്ഞ ശേഷം കോണ്‍ഗ്രസ് പ്രതിരോധ പ്രസ്ഥാനമായി മാറുകയായിരുന്നെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.

രാഷ്ട്രീയം പ്രവര്‍ത്തിക്കാത്തിടത്ത് പ്രതിരോധമാണ് പ്രവര്‍ത്തിക്കുക. പ്രതിരോധമാണ് വിജയിക്കുക. രാഷ്ട്രീയ ചട്ടക്കൂടോ ഭരണ നിര്‍വഹണ സംവിധാനങ്ങളോ നിങ്ങള്‍ക്ക് ആവശ്യമില്ല. പ്രതിരോധത്തിന്റേതായ പ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തേണ്ടത്. ഇവിടെ അനീതി അനുവദിക്കില്ല എന്ന് നിങ്ങള്‍ പറയണം. ഇത് ഒരു ചിന്താരീതിയാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ഈ രീതിയിലാണ് നമ്മള്‍ മുന്നോട്ട് പോവേണ്ടത്. ഇതിനായി മനോഭാവം മാറണമെന്നും രാഹുല്‍ പറഞ്ഞു.

2. രാഷ്ട്രീയത്തിന് പകരം പ്രതിരോധം

ജനത്തിന് ഇവിടെ രോഷമുണ്ട്. പക്ഷേ ഇവിടത്തെ ഭരണകൂട സംവിധാനങ്ങള്‍ ആര്‍.എസ്.എസ് പിടിച്ചടക്കിയിരിക്കുന്നു. അതിനാല്‍ ഇവിടെ സ്വതന്ത്രവും നീതിയുക്തവുമായി തിരഞ്ഞെടുപ്പ് നടക്കുന്നില്ല. തിരഞ്ഞെടുപ്പ് നീതിയുക്തമല്ലാത്തിനാലാണ് ഇന്ത്യ മുന്നണിക്ക് വിജയിക്കാനാവാത്തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

‘ഇറാനിലെ യുദ്ധത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ രൂക്ഷമായവയാണ്. ഇവിടെ ജനത്തെ സംഘടിപ്പിക്കേണ്ടതുണ്ട്. നമ്മള്‍ വിഘടിച്ച് നില്‍ക്കുന്നുവെന്ന ചിന്ത ഒഴിവാക്കണം. അത് ബി.ജെ.പിയും അവരുടെ മാധ്യമ രംഗത്തെ സുഹൃത്തുക്കളും പ്രചരിപ്പിക്കുന്നതാണ്,’ രാഹുല്‍ പറഞ്ഞു.

3. കോണ്‍ഗ്രസും മറ്റ് ഘടക കക്ഷികളും വ്യത്യസ്തം

രാജ്യത്ത് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയിലെ മറ്റ് ഘടക കക്ഷികളും ഘടനാപരമായി തന്നെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആരംഭിച്ചത് ആധുനിക ഇന്ത്യ രൂപപ്പെടുന്നതിന് മുമ്പ് ഒരു പ്രതിരോധ പ്രസ്ഥാനമായിട്ടാണ്. മറ്റ് പാര്‍ട്ടികളെപ്പോലെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തോട് കൂടിയല്ല കോണ്‍ഗ്രസ് രൂപം കൊണ്ടത്. എല്ലാ ഇന്ത്യക്കാരും തുല്യരെന്ന ആശയം സംരക്ഷിക്കുന്ന ഒരു പ്രതിരോധ പ്രസ്ഥാനമായാണ് കോണ്‍ഗ്രസ് ആരംഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

‘ഞങ്ങള്‍ മൗലികമായി ആര്‍.എസ്.എസിന് എതിരാണ്. ബി.ജെ.പിക്കോ ആര്‍.എസ്.എസ്സിനോ ഒപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ആര്‍.എസ്.എസ്സിന് മുന്നില്‍ തലകുനിക്കാതിരിക്കുന്നതിലും ഭേദം തല വെട്ടിക്കളയുന്നതാണെന്ന് കരുതുന്ന ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എനിക്കറിയാം,’ രാഹുല്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയില്‍ ആശയക്കുഴപ്പം ഉണ്ടെന്ന് എനിക്കറിയാം. ആശയക്കുഴപ്പത്തിന് കാരണം നിങ്ങള്‍ എസ്.പിയും ആര്‍.ജെ.ഡിയും ടി.എം.സിയും നിങ്ങളുടെ പഴയ മാര്‍ഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കും എന്ന് കരുതുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4. ഭരണകൂട സംവിധാനങ്ങളെ ബി.ജെ.പി നിയന്ത്രിക്കുന്നു

‘ഇന്ത്യന്‍ ഭരണകൂടം നീതിയുക്തമായ ഇടം മുന്നോട്ട് വയ്ക്കുന്നെങ്കില്‍ മാത്രമാണ് ആ പഴയ മാര്‍ഗങ്ങള്‍ ഫലപ്രദമാവൂ. പക്ഷേ നീതിയുക്തമായ ഭരണകൂടം മുന്നോട്ട് വയ്ക്കുന്ന ഇടം ഇന്നില്ല. ഭരണകൂട സംവിധാനങ്ങളെ ബി.ജെ.പി നിയന്ത്രിക്കുകയാണ്,’ രാഹുലിന്റെ പ്രസംഗത്തില്‍ പറയുന്നു. നിയമവ്യവസ്ഥയും രഹസ്യാന്വേഷണ സംവിധാനങ്ങളും മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ ബി.ജെ.പി നിയന്ത്രിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.

‘പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് തൂത്തുവാരാന്‍ കഴിയുമെന്ന് വിശ്വസിച്ച ടി.എം.സി സുഹൃത്തുക്കകള്‍ എനിക്കുണ്ടായിരുന്നു. അവരോട് നിങ്ങള്‍ സ്വപ്‌നലോകത്താണെന്ന് പറഞ്ഞിരുന്നു. കാരണം എന്താണ് സംഭവിക്കുക എന്ന് ഞാന്‍ കണ്ടിരുന്നു. അത് ഞാന്‍ ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഹരിയാനയിലും മഹാരാഷ്ട്രയിലും കണ്ടിരുന്നു. എന്നിട്ടും നിങ്ങളില്‍ പലര്‍ക്കും ഇപ്പോഴും മനസ്സിലായിട്ടില്ല,’ രാഹുല്‍ ചൂണ്ടിക്കാട്ടി.

5. മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളും എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണക്കുന്നു

‘കോണ്‍ഗ്രസ് ഒരു പ്രതിരോധ പാര്‍ട്ടിയാണ്. ഭരണകൂട സംവിധാനത്തിന്റെ തണല്‍ അതിന് ആവശ്യമില്ല. ഇപ്പോള്‍ കൂടുതല്‍ ഭരണകൂട സ്ഥാപനങ്ങളെ ബി.ജെ.പി നിയന്ത്രിക്കുകയാണ്. അവര്‍ ഭരണകൂട സ്ഥാപനങ്ങളെ എത്രത്തോളം പിടിച്ചടക്കുന്നോ അതിനെതിരെ അത്രത്തോളം ഭരണഘടനയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പൊരുതും,’ രാഹുല്‍ പറഞ്ഞു.

എനിക്ക് നിങ്ങളോട് പോരാടാന്‍ താത്പര്യമില്ല. കാരണം നിങ്ങള്‍ ഞങ്ങളുടെ സഖ്യകക്ഷികളാണ്. നമ്മള്‍ പ്രതിരോധത്തിന്റെ മനോഭാവത്തിലേക്ക് മാറണം. പ്രതിരോധത്തിന്റെ രീതി മാത്രമാണ് പ്രവര്‍ത്തിക്കുക.

മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഭരണകൂട സംവിധാനങ്ങളുമെല്ലാം ഇവിടെ എന്‍.ഡി.എ സര്‍ക്കാരിനെ പിന്തുണക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലും ആ സര്‍ക്കാര്‍ അതിജീവിക്കില്ല. ഇവിടത്തെ ജനാധിപത്യത്തെയും ജനത്തിന്റെ ഭാവിയെയും സര്‍ക്കാര്‍ തകര്‍ത്തുവെങ്കിലും അവര്‍ അതിജീവിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

Content Highlight: Rahul Gandhi Speech at INDIA bloc Meeting




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related