18
June, 2026

A News 365Times Venture

18
Thursday
June, 2026

A News 365Times Venture

വംശഹത്യ നടത്തുന്നവന് പിറന്നാളാശംസകള്‍; യൂറോപ്യന്‍ പാര്‍ലമെന്റില്‍ ട്രംപിനെ പരിഹസിച്ച് സ്പാനിഷ് എം.പി

Date:



World News


വംശഹത്യ നടത്തുന്നവന് പിറന്നാളാശംസകള്‍; യൂറോപ്യന്‍ പാര്‍ലമെന്റില്‍ ട്രംപിനെ പരിഹസിച്ച് സ്പാനിഷ് എം.പി

ബ്രസല്‍സ്: മധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധിയില്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന മൃദുസമീപനങ്ങളെയും നിഷ്‌ക്രിയത്വത്തെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് സ്പാനിഷ് എം.പി ഐറീന്‍ മോണ്ടെറോ.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും മിസ്റ്റര്‍ ജെനൊസൈഡ് (വംശഹത്യ നടത്തുന്നവന്‍) എന്ന് വിളിച്ചുകൊണ്ട് രൂക്ഷമായ ഭാഷയിലായിരുന്നു ഐറീന്റെ പ്രതികരണം.

2026 ജൂണ്‍ 16 ചൊവ്വാഴ്ച, ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് പ്ലീനറി സെഷനില്‍, അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച പുതിയ സമാധാന കരാറിനെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ച ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എണ്‍പതാം ജന്മദിനം കഴിഞ്ഞ ഞായറാഴ്ച (ജൂണ്‍ 14) ആയിരുന്നു. ഇതിനെ മുന്‍നിര്‍ത്തി, അന്തരിച്ച വിഖ്യാത ഹോളിവുഡ് നടി മെര്‍ലിന്‍ മണ്‍റോ പണ്ട് യു.എസ്. പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പാടിയ പ്രശസ്തമായ ശൈലി അനുകരിച്ചാണ് മോണ്ടെറോ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് പോഡിയത്തില്‍ നിന്നുകൊണ്ടാണ് സ്പാനിഷ് എം.പി ട്രംപിന് ‘ആശംസകള്‍ നേര്‍ന്നത്’.

‘നിങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന്റെ ജന്മദിനം ആഘോഷിക്കുകയാണോ? എങ്കില്‍ നമുക്ക് അദ്ദേഹത്തിനായി പാടാം. ഹാപ്പി ബര്‍ത്ത്ഡേ ടു ട്രംപ്, ഹാപ്പി ബര്‍ത്ത്ഡേ മിസ്റ്റര്‍ ജെനൊസൈഡ് എന്ന് അവര്‍ ഇംഗ്ലീഷില്‍ പരിഹാസരൂപേണ പാടുകയായിരുന്നു. പാട്ട് പൂര്‍ത്തിയാക്കിയ ഉടന്‍ അവര്‍ ഡയസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ യൂറോപ്പിന് ആഘോഷിക്കാന്‍ തക്കതായി ഒന്നുമില്ലെന്ന് വാദിച്ച മോണ്ടെറോ, യൂറോപ്യന്‍ യൂണിയന്റെ വിദേശനയ പരാജയങ്ങളെ ചൂണ്ടിക്കാണിച്ച് കാജ കല്ലാസിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചു.

ഒരു വംശഹത്യ തടയാന്‍ നമുക്ക് കഴിഞ്ഞോ? ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തുന്ന നിയമവിരുദ്ധമായ ആക്രമണങ്ങള്‍ തടയാന്‍ സാധിച്ചോ? മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന ഇസ്രഈലുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യൂറോപ്പ് തയ്യാറായോ? ലെബനനിലെ അധിനിവേശം നിര്‍ത്താന്‍ നമുക്ക് കഴിഞ്ഞോ? ഇതൊന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യൂറോപ്പ് എന്താണ് ആഘോഷിക്കുന്നതെന്ന് അവര്‍ ചോദിച്ചു.

ട്രംപ് തന്റെ 80ാം ജന്മദിനം ആഘോഷിക്കുന്നത് സ്വന്തമായി ഒരു ‘റോമന്‍ സാമ്രാജ്യം’ കെട്ടിപ്പടുക്കാനും, ഗ്ലാഡിയേറ്റര്‍മാരെക്കൊണ്ട് പരസ്പരം പോരടിപ്പിക്കാനുമാണെന്ന് അവര്‍ പരിഹസിച്ചു. ട്രംപിന് യുദ്ധം വേണമെങ്കില്‍ സ്വന്തം മക്കളെ യുദ്ധമുന്നണിയിലേക്ക് അയക്കണമെന്നും അവര്‍ തുറന്നടിച്ചു.

വന്‍ശക്തികളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ വിദേശനയമെന്നും മാനുഷിക പ്രതിസന്ധികള്‍ തടയുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടുവെന്നുമുള്ള വിമര്‍ശനം ഉന്നയിച്ച ശേഷമാണ് അവര്‍ ഈ പ്രതിഷേധം നടത്തിയത്.

ഇതിന്റെ വീഡിയോ അവര്‍ പിന്നീട് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുകയും ചെയ്തു.

വാഷിങ്ടണും ടെഹ്റാനും തമ്മില്‍ മധ്യപൂര്‍വേഷ്യയില്‍ നിലനില്‍ക്കുന്ന കടുത്ത സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ താത്കാലിക സമാധാന കരാര്‍.

കരാറിന്റെ ഭാഗമായി ആഗോള എണ്ണ നീക്കത്തിന് ഏറ്റവും നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് വരും വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും തുറന്നുകൊടുക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചതായി ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപ് അവകാശപ്പെട്ടിരുന്നു.

 

Content Highlight:  Happy Birthday Genocide, Spanish MP mocks Trump in European Parliament

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related