20
June, 2026

A News 365Times Venture

20
Saturday
June, 2026

A News 365Times Venture

സർക്കാർ കരാർ അറബിക്കടലിൽ എറിയാൻ പറ്റുമോ? പ്രസംഗത്തിലെ വാക്കുകൾ വലിയ രാഷ്ട്രീയമായി കൊണ്ടുവരുന്നു- മന്ത്രി കെ.എം. ഷാജി

Date:



Kerala News


സർക്കാർ കരാർ അറബിക്കടലിൽ എറിയാൻ പറ്റുമോ? പ്രസംഗത്തിലെ വാക്കുകൾ വലിയ രാഷ്ട്രീയമായി കൊണ്ടുവരുന്നു: മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുമ്പ് സ്വീകരിച്ച നിലപാടിൽനിന്ന് മലക്കംമറിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പ്രതിപക്ഷത്തായിരുന്നപ്പോൾ താൻ നടത്തിയ പ്രസംഗങ്ങളിലെ വാക്കുകളെ ഇപ്പോൾ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രസംഗങ്ങളിൽ പലവിധ പ്രയോഗങ്ങളും ഉണ്ടാകാറുണ്ടെന്നും അതൊന്നും വലിയ ചർച്ചയാക്കേണ്ടതില്ലെന്നുമാണ് ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചത്.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പി.എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയും എന്നായിരുന്നു നേരത്തെ കെ.എം. ഷാജി പ്രഖ്യാപിച്ചിരുന്നത്. ഈ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് മന്ത്രിയുടെ പുതിയ ന്യായീകരണം.

“ഒരു സർക്കാരിന് കരാർ അറബിക്കടലിൽ കൊണ്ടുപോയി എറിയാൻ പറ്റുമോ? പ്രസംഗത്തിൽ അങ്ങനെ പല പ്രയോഗങ്ങളും ഉണ്ടാകും. അതെല്ലാം വലിയ രാഷ്ട്രീയമായി അവതരിപ്പിക്കുകയാണ്. ഒരു ഔദ്യോഗിക കരാറിൽനിന്ന് വൈരാഗ്യബുദ്ധി കാണിച്ചുകൊണ്ട് സർക്കാരിന് പെട്ടെന്ന് ഇറങ്ങിപ്പോരാൻ കഴിയില്ല,” എന്നായിരുന്നു കെ.എം. ഷാജിയുടെ വിശദീകരണം.

കേന്ദ്രം ഭരിക്കുന്നവർ പല പേരുകളിൽ പദ്ധതികൾ കൊണ്ടുവരാറുണ്ട്. കോൺഗ്രസ് ഭരണകാലത്ത് ‘ഇന്ദിരാ ആവാസ് യോജന’ പോലുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികളിലെ ആശയപരമായ വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ട് പോകും. കേന്ദ്ര സർക്കാരിന്റെ പണം മുഴുവൻ വേണ്ടെന്നുവെക്കുന്ന സമീപനം യു.ഡി.എഫ് സ്വീകരിക്കില്ല.

മുൻപ് എൽഡിഎഫ് സർക്കാർ കേന്ദ്രഫണ്ട് കൈപ്പറ്റിയപ്പോൾ യു.ഡി.എഫ് അതിനെ ആക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിച്ചത് എസ്.എസ്.കെ ഫണ്ടാണെന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മന്ത്രി കെ.എം. ഷാജി തയ്യാറായില്ല.

അതേസമയം, കെ.എം. ഷാജിയുടെ മലക്കം മറിച്ചിലിനെ വിമർശിച്ച് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രം​ഗത്തെത്തിയിരുന്നു. ഷാജിയെ നിലപാടുകളുടെ രാജകുമാരനെന്ന് പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം പരഹിസിച്ചത്.

ഫേസ്ബുക്കിൽ ഷാജിയുടെ വിശദീകരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. കഴിഞ്ഞ ദിവസം എം.എം. മണിയടക്കമുള്ള സി.പിഐ.എം നേതാക്കളും ഷാജിയെ പരിഹസിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

 

Content Highlight: Minister KM Shaji has reversed his previous stance regarding the PM Shri scheme.

 




ആദര്‍ശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related