28
June, 2026

A News 365Times Venture

28
Sunday
June, 2026

A News 365Times Venture

വെറുമൊരു മുസ്‌ലിം മാത്രം- ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പിന്നോക്ക പദവി നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

Date:



India


വെറുമൊരു മുസ്‌ലിം മാത്രം: ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പിന്നോക്ക പദവി നല്‍കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതപരിവര്‍ത്തനം നടത്തി ഇസ്‌ലാം മതം സ്വീകരിച്ച ഒരാള്‍ക്ക് പിന്നോക്ക വിഭാഗ മുസ്‌ലിം പദവി അവകാശപ്പെടാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി. അത്തരത്തിലുള്ളവര്‍ക്ക് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ഇത്തരം കേസുകളില്‍ സംവരണം അനുവദിച്ചുകൊണ്ട് 2024ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ് ഭരഘടനാ വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍, ജസ്റ്റിസ് പി.ബി. ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്. ഇസ്ലാമിലെ ചില വിഭാഗങ്ങളെ ‘പിന്നോക്കക്കാര്‍’ എന്നും മറ്റുള്ളവരെ ‘മുന്നോക്കക്കാര്‍’ എന്നും തരംതിരിക്കുന്നത് ഖുറാന്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

‘ഒരു വ്യക്തി ഇസ്‌ലാം മതം സ്വീകരിക്കുമ്പോള്‍ അവന്‍ വെറുമൊരു മുസ്ലിം മാത്രമായി മാറുന്നു, അതിലപ്പുറം ഒന്നുമില്ല’ എന്നും കോടതി പറഞ്ഞു. ഒരു ഹൈന്ദവ യുവാവ് ഇസ്‌ലാം മതം സ്വീകരിക്കുകയും മുസ്ലിം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തതിനു ശേഷം, തനിക്ക് ‘മുസ്ലിം ലെബ്ബൈ’ (തമിഴ്നാട്ടില്‍ ബി.സി വിഭാഗത്തില്‍പ്പെട്ട ഒരു മുസ്ലിം ഉപവിഭാഗം) കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തഹസില്‍ദാര്‍ ഈ അപേക്ഷ നിരസിച്ചു. ഇതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ മതം മാറിയതിനു ശേഷവും സംവരണ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നത് നിയമസാധുതയുടെ പരിധിയില്‍ വരില്ലെന്ന് കോടതി പറഞ്ഞു.

തമിഴ്നാട് സര്‍ക്കാര്‍ മുസ്ലിം വിഭാഗത്തിലെ എല്ലാ വ്യക്തികളെയും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചരിത്രപരമായ കാരണങ്ങളാല്‍ അന്‍സാര്‍, ദെക്കാനി, ലബ്ബൈ (റൗത്തര്‍, മരക്കായര്‍ ഉള്‍പ്പെടെ), മാപ്പിള, ഷെയ്ഖ്, സയ്യിദ് തുടങ്ങിയ നിര്‍ദ്ദിഷ്ട ഉപവിഭാഗങ്ങളെ മാത്രമാണ് ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജാതി,ഉപവിഭാഗ പദവികള്‍ ജനനത്തിലൂടെ മാത്രം ലഭിക്കുന്നതാണെന്നും മതം മാറുന്നതിലൂടെ ഒരാള്‍ക്ക് റൗത്തര്‍ മുസ്ലിമാകാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

മനുഷ്യരെല്ലാവരും ആദമിന്റെയും ഹവ്വയുടെയും മക്കളാണെന്നും, അറബിക്ക് അറബിയല്ലാത്തവനേക്കാളൊ വെളുത്തവന് കറുത്തവനേക്കാളൊ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും, ഭക്തിയിലും സല്‍പ്രവൃത്തികളിലും മാത്രമാണ് ശ്രേഷ്ഠതയെന്നുമുള്ള പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനം കോടതി വിധിന്യായത്തില്‍ ഉദ്ധരിച്ചു.

ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായി ഇസ്‌ലാമും ക്രിസ്തുമതവും സാമൂഹിക സമത്വമാണ് വിഭാവനം ചെയ്യുന്നതെന്നും, മതം മാറ്റത്തിനായി ഇത്തരം സമത്വവാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് ശേഷം ഇസ്ലാമിലും ശ്രേണികളുണ്ടെന്ന് അവകാശപ്പെടുന്നത് വഞ്ചനാപരമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട് സര്‍ക്കാരിന്റെ 2024-ലെ ഉത്തരവ് കോടതി വിധികളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതും ഭരണഘടനാ വിരുദ്ധവും ഇസ്ലാമിക തത്വങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് കോടതി വിധിയില്‍ പറയുന്നു.

Content Highlight: Just a Muslim: Backward Class Status cannot be given to those who convert to Islam, says Madras High Court




നിഷാന. വി.വി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related