30
June, 2026

A News 365Times Venture

30
Tuesday
June, 2026

A News 365Times Venture

എ.കെ.ജിയെ അധിക്ഷേപിച്ച പുഴുത്ത നാക്കുകൊണ്ട് പച്ചക്കള്ളം പറഞ്ഞതിൽ അതിശയമില്ല, ഫ്രസ്‌ട്രേഷൻ തീർക്കേണ്ടത് കെ.എസ്.യുവിനോട്; ബൽറാമിനെതിരെ എസ്.എഫ്.ഐ

Date:

എ.കെ.ജിയെ അധിക്ഷേപിച്ച പുഴുത്ത നാക്കുകൊണ്ട് പച്ചക്കള്ളം പറഞ്ഞതിൽ അതിശയമില്ല, ഫ്രസ്‌ട്രേഷൻ തീർക്കേണ്ടത് കെ.എസ്.യുവിനോട്; ബൽറാമിനെതിരെ എസ്.എഫ്.ഐ

തിരുവനന്തപുരം: പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണെന്ന എം.എൽ.എ വി.ടി. ബൽറാമിന്റെ പ്രസ്താവനയെ വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ കെ. ശിവപ്രസാദ്. കഴിഞ്ഞ പത്ത് വർഷക്കാലം എസ്.എഫ്.ഐ എന്താണ് ചെയ്തതെന്ന് സാമാന്യം രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരു മുതിർന്ന കോൺഗ്രസ് നേതാവും പറഞ്ഞുതരുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശിവപ്രസാദ് പറഞ്ഞു.

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.ജെ. കുര്യന്റെ വാക്കുകളെ ഓർമിപ്പിച്ചായിരുന്നു ശിവപ്രസാദിന്റെ പോസ്റ്റ്.

‘എസ്.എഫ്.ഐയുടെ സമരം നിങ്ങൾ കണ്ടോ’ എന്ന് പി.ജെ. കുര്യൻ ചോദിച്ചത് ഒരു പണിയും എടുക്കാതെ, സമരവും ചെയ്യാതെ മടിപിടിച്ചിരുന്ന യൂത്ത് കോൺഗ്രസ് നേതാക്കന്മാരോടാണെന്നും അവരെ ഒന്ന് ഉണർത്താൻ വേണ്ടിയായിരുന്നു അതെന്നും ശിവപ്രസാദ് പറഞ്ഞു.

അദ്ദേഹത്തിന്റെ പഴയ പ്രസ്താവനകൾ പരിശോധിച്ചാൽ ഇപ്പോഴും ഇത് വ്യക്തമാകുമെന്നും, മനസ്സുണ്ടെങ്കിൽ അത് നോക്കി മനസ്സിലാക്കാൻ ബൽറാം തയ്യാറാകണമെന്നും പോസ്റ്റിൽ പറയുന്നു.

എ.കെ.ജിയെ അധിക്ഷേപിച്ച പുഴുത്ത നാക്കുകൊണ്ട് എസ്.എഫ്.ഐക്കെതിരെ സംസാരിക്കാൻ പച്ചക്കള്ളം പറഞ്ഞതിൽ ലേശം പോലും അതിശയം തോന്നുന്നില്ല. സാധാരണയായി കള്ളം പറയുന്നവർക്കും അധിക്ഷേപങ്ങൾ നടത്തുന്നവർക്കും കോൺഗ്രസിൽ ഇന്ന് മുന്തിയ പരിഗണന ലഭിക്കാറുണ്ട്. ആ വിഭാഗത്തിൽ എ പ്ലസ് ഗ്രേഡ് ഉണ്ടായിട്ടും ബൽറാം ഇന്നത്തെ കോൺഗ്രസിൽ പരിഗണിക്കപ്പെടാതെ പോകുന്നതിൽ സങ്കടമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണപക്ഷത്തിരിക്കുമ്പോഴും വിക്കറ്റ് എണ്ണാൻ മാത്രമാണ് ബൽറാമിന്റെ യോഗമെന്നും, ഒന്നാലോചിച്ചാൽ അദ്ദേഹത്തിന് തന്നെ വലിയ ഫ്രസ്ട്രേഷൻ തോന്നിയേക്കാമെന്നും, എന്നാൽ ആ ഫ്രസ്ട്രേഷൻ തീർക്കേണ്ടത് എസ്.എഫ്.ഐക്ക് നേരെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാർ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ നിശബ്ദമായി നോക്കിനിൽക്കുന്ന, താൻ മുമ്പ് ഭാരവാഹിയായിരുന്ന കെ.എസ്.യുവിനോടാണ് ബൽറാം ആ ഫ്രസ്ട്രേഷൻ പ്രകടിപ്പിക്കേണ്ടത്. ഇനി കെ.എസ്.യുക്കാരും ബൽറാമിനെ മൈൻഡ് ചെയ്യുന്നില്ലെങ്കിൽ അത് കാര്യമാക്കേണ്ടതില്ലെന്നും, വെറുതെ ഇരുന്ന് ക്ഷീണിച്ചതാണെന്ന് കരുതി ആശ്വസിച്ചാൽ മതിയെന്നും പോസ്റ്റിൽ പരിഹസിക്കുന്നു.

എസ്.എഫ്.ഐ സമരരംഗത്ത് തുടരുകയാണെന്നും എന്നാൽ കെ.എസ്.യു ഉറക്കത്തിലാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഉറങ്ങുന്ന കെ.എസ്.യുവിനെ വിളിച്ചുണർത്താൻ വേണ്ടി, കള്ളം പറയാൻ പാഴാക്കുന്ന ഈ സമയം മാറ്റിവെക്കുന്നത് നന്നാവുമെന്നും ശിവപ്രസാദ് പരിഹസിച്ചു.

 

Content highlight: SFI slams VT Balram

 




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related