അയോധ്യക്ക് പിന്നാലെ ബദരിനാഥിലും ഭണ്ഡാര കൊള്ള ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്ര കമ്മിറ്റി
ഡെറാഡൂണ്‍: അയോധ്യ രാമക്ഷേത്ര തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ബദരിനാഥ് ധാമിലെ വഴിപാടുകളിലും സമാനമായ തിരിമറികള്‍ നടന്നതായി ആരോപണം. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ബദരിനാഥ്- കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി (ബി.കെ.ടി.സി) അന്വേഷണത്തിന് ഉത്തരവിട്ടു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ ഗൗരവമായി കണക്കിലെടുത്താണ് അന്വേഷണ സമിതിയെ രൂപീകരിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും ബി.കെ.ടി.സി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പറഞ്ഞു.
കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ആരെയും വെറുതെ വിടില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍, തെളിവുകള്‍, ബന്ധപ്പെട്ടവരുടെ മൊഴികള്‍, എന്നിവയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ബി.കെ.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോഹന്‍ സിങ് രംഗാദ് അറിയിച്ചു.
ബദരി നാഥ്- കേദാര്‍നാഥ് ക്ഷേത്ര നിയമം 1939 പ്രകാരവും മറ്റ് ഉദ്യോഗസ്ഥ പെരുമാറ്റച്ചട്ടങ്ങള്‍ പ്രകാരവും കുറ്റക്കാര്‍ക്കെതിരെ നിയമപരവും വകുപ്പുതലവുമാായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Content Highlight: Allegations of donation box theft at Badrinath follow Ayodhya incident; temple committee orders inquiry.




