7
July, 2026

A News 365Times Venture

7
Tuesday
July, 2026

A News 365Times Venture

പ്രവാസി മലയാളികള്‍ വ്യക്തമായ അനീതി നേരിടുന്നു; പ്രവാസി ലീഗല്‍ സെല്‍ കോടതിയിലേക്ക്

Date:



Kerala News


പ്രവാസി മലയാളികള്‍ വ്യക്തമായ അനീതി നേരിടുന്നു; പ്രവാസി ലീഗല്‍ സെല്‍ കോടതിയിലേക്ക്

കോഴിക്കോട്: 2026 ജൂലൈ ഒന്ന് മുതല്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങളുടെ ഫീസ് കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം നിയമനടപടികള്‍ക്ക്.

അന്യായവും വിവേചനപരവുമായ ഈ ഫീസ് വര്‍ധനവ് അടിയന്തരമായി പിന്‍വലിക്കുകയോ യുക്തിസഹമായി പുനപരിശോധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയ സെക്രട്ടറിക്ക് നിവേദനം സമര്‍പ്പിച്ചു.

നിശ്ചിത സമയപരിധിക്കുള്ളില്‍ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ നിയമനടപടികളിലേക്ക് നീങ്ങാനാണ് സംഘടനയുടെ തീരുമാനം.

2026ലെ പാസ്പോര്‍ട്ട് (ഭേദഗതി) ചട്ടങ്ങള്‍ പ്രകാരം എന്‍.ആര്‍.ഐ.കളുടെ സാധാരണ പാസ്പോര്‍ട്ട്, തത്കാല്‍ പാസ്പോര്‍ട്ട്, നഷ്ടപ്പെട്ടതോ കേടായതോ ആയ പാസ്പോര്‍ട്ട്, മൈനര്‍ പാസ്പോര്‍ട്ട്, പി.സി.സി (Police Clearance Certificate) തുടങ്ങിയ എല്ലാ പ്രധാന സേവനങ്ങളുടെയും ഫീസാണ് കുത്തനെ കൂട്ടിയത്.

ഇന്ത്യയില്‍ താമസിക്കുന്ന സ്വദേശികളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് 330% മുതല്‍ 359% വരെ അധിക ഫീസാണ് യാതൊരു ന്യായീകരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഈടാക്കുന്നത്.

ഇന്ത്യയുടെ വിദേശ തൊഴിലാളികളില്‍ വലിയൊരു വിഭാഗം ഗള്‍ഫ് രാജ്യങ്ങളിലെ സാധാരണക്കാരായ ബ്ലൂ-കോളര്‍ തൊഴിലാളികളാണ്. കഠിന സാഹചര്യങ്ങളില്‍ ജോലി ചെയ്ത് സ്വന്തം കുടുംബം പുലര്‍ത്തുന്നതിനൊപ്പം രാജ്യത്തിന് വന്‍തോതില്‍ വിദേശനാണ്യം നേടിത്തരുന്നവരുമാണ് ഇവരില്‍ ഭൂരിഭാഗവും.

അവരെ സംബന്ധിച്ചിടത്തോളം പാസ്പോര്‍ട്ട് എന്നത് ഒരു ആഡംബര യാത്രാരേഖയല്ല, മറിച്ച് വിദേശത്തെ തൊഴില്‍, താമസം, വിസ പുതുക്കല്‍, കോണ്‍സുലര്‍ സേവനങ്ങള്‍ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ നിയമപരമായ രേഖയാണ്.

അതുകൊണ്ടുതന്നെ ഈ നിരക്ക് വര്‍ധനവ് ലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവനത്തെയും നേരിട്ട് ബാധിക്കുന്ന കനത്ത സാമ്പത്തിക ആഘാതമായി മാറിയിരിക്കുകയാണെന്ന് ലീഗല്‍ സെല്‍ വ്യക്തമാക്കി.

പുതുക്കിയ ഉയര്‍ന്ന ഫീസിന് പുറമെ വി.എഫ്.എസ് / ബി.എല്‍.എസ് സര്‍വീസ് ചാര്‍ജുകള്‍, കൂറിയര്‍ ചാര്‍ജുകള്‍, എംബസിയിലേക്കോ സേവന കേന്ദ്രങ്ങളിലേക്കോ ഉള്ള യാത്രാച്ചെലവ്, പാസ്പോര്‍ട്ട് ആവശ്യങ്ങള്‍ക്കായി ജോലിക്ക് അവധി എടുക്കുമ്പോഴുണ്ടാകുന്ന വേതനനഷ്ടം തുടങ്ങി അധിക ബാധ്യതകളും പ്രവാസികള്‍ക്ക് നിലവില്‍ വഹിക്കേണ്ടി വരുന്നുണ്ട്:

ഈ ഫീസ് വര്‍ധനവിന് ആധാരമായ യാതൊരുവിധ ചെലവ് പഠനമോ സാമ്പത്തിക വിശകലനമോ കേന്ദ്ര സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട് ഫീസ് വര്‍ധനവ് യുക്തിസഹമായി അടിയന്തരമായി പുനഃപരിശോധിക്കുക, ഗള്‍ഫ് രാജ്യങ്ങളിലെ ബ്ലൂ-കോളര്‍ (സാധാരണ) പ്രവാസി തൊഴിലാളികള്‍ക്ക് ഇളവുകളോടെയുള്ള പ്രത്യേക പാസ്പോര്‍ട്ട് ഫീസ് ഘടന ഏര്‍പ്പെടുത്തുക, വി.എഫ്.എസ് / ബി.എല്‍.എസ് ഉള്‍പ്പെടെയുള്ള സ്വകാര്യ ഏജന്‍സികളുടെ അധിക സര്‍വീസ് ചാര്‍ജുകള്‍ പുനഃപരിശോധിക്കുക, പുതുക്കിയ ഫീസ് ഘടന നിശ്ചയിക്കാനുണ്ടായ കാരണങ്ങളും അതിന്റെ പഠന റിപ്പോര്‍ട്ടും പൊതുജന മധ്യത്തില്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രവാസികളോടുള്ള ഈ വിവേചനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കാത്ത പക്ഷം കോടതിയെ സമീപിച്ച് നിയമപോരാട്ടം ആരംഭിക്കുമെന്നും പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

Content Highlight: Passport fee hike: Expatriate Keralites face clear injustice; Pravasi Legal Cell to move court.

 

 




ആദർശ് എം.കെ.



ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related