national news
ഗോസംരക്ഷകര്‍ക്ക് ജീവപര്യന്തം; വിധി പ്രസ്താവിച്ച മുസ്‌ലിം വനിതാ ജഡ്ജിക്ക് നേരെ വധഭീഷണിയും വംശീയാധിക്ഷേപവും
ഭോപ്പാല്‍: മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ട മര്‍ദനത്തിലൂടെ കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്ജിക്ക് നേരെ കടുത്ത വധഭീഷണിയും വര്‍ഗീയ അധിക്ഷേപവും.
നര്‍മ്മദാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി തബസ്സും ഖാന് നേരെയാണ് തീവ്രവലതുപക്ഷ ഗ്രൂപ്പുകളില്‍ നിന്നും ഹിന്ദുത്വവാദികളില്‍ നിന്നും അതിരൂക്ഷമായ ആക്രമണമുണ്ടാകുന്നത്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയില്‍ കന്നുകാലികളെ കടത്തുകയാണെന്നാരോപിച്ച് 50കാരനായ നസീര്‍ അഹമ്മദിനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും ഗോരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചുള്ള ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് നസീര്‍ അഹമ്മദ് കൊല്ലപ്പെട്ടു. ഇത് ആള്‍ക്കൂട്ട കൊലപാതകത്തിന്റെ വ്യക്തമായ തെളിവുള്ള കേസാണെന്ന് ജഡ്ജി തബസ്സും ഖാന്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 12നാണ് നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ച് 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി അവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
വിധി പ്രസ്താവത്തിന് പിന്നാലെ ജഡ്ജിയുടെ മതപരമായ വ്യക്തിത്വത്തെ ലക്ഷ്യം വെച്ചുകൊണ്ട് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ആരംഭിച്ചത്. തബസ്സും ഖാന്‍ മുസ്‌ലിം ആയതുകൊണ്ടാണ് ഹിന്ദുക്കളായ പ്രതികള്‍ക്കെതിരെ ഇത്തരമൊരു വിധി നല്‍കിയതെന്ന തരത്തിലായിരുന്നു ഇക്കൂട്ടരുടെ പ്രചരണം.
വലതുപക്ഷ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ ജഡ്ജിക്കെതിരെ ബലാത്സംഗ ഭീഷണികളും വധഭീഷണികളും മുഴക്കുന്നതിനൊപ്പം അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
ഒരു വീഡിയോയില്‍, ശിക്ഷിക്കപ്പെട്ടവരെ 10 ദിവസത്തിനുള്ളില്‍ മോചിപ്പിച്ചില്ലെങ്കില്‍ രാജ്യമെമ്പാടും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്നു.
സുദര്‍ശന്‍ ന്യൂസ് പോലുള്ള മാധ്യമങ്ങളും ഗോസംരക്ഷണ സംഘടനകളും പ്രതികള്‍ക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പഞ്ചാബിലും ഉത്തര്‍പ്രദേശിലും ജഡ്ജിയുടെ കോലം കത്തിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളും അരങ്ങേറി.
വിധി പ്രസ്താവിച്ച ജഡ്ജിക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ വിവിധ ജുഡീഷ്യല്‍ സംഘടനകളും പ്രമുഖരും ശക്തമായി അപലപിച്ചു. ഒരു ജഡ്ജിയുടെ മതത്തെ അടിസ്ഥാനമാക്കി വിധിയുടെ നിയമപരമായ സാധുതയെ ചോദ്യം ചെയ്യുന്നത് നീതിന്യായ വ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും കടുത്ത അപകടമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു.
സുപ്രീം കോടതി ബാര്‍ അസോസിയേഷനും (എസ്.സി.ബി.എ), അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷനും (എസ്.സി.എ.ഒ.ആര്‍.എ) ജഡ്ജിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഭീഷണികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ജഡ്ജി തബസ്സും ഖാന് നിലവില്‍ കനത്ത പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജഡ്ജിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരണം നല്‍കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
സംഭവത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി മുഴക്കിയ രണ്ടുപേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
Content highlight: Life imprisonment for cow vigilantes; Muslim female judge who delivered the verdict faces death threats and racist abuse.
ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.




