27
July, 2026

A News 365Times Venture

27
Monday
July, 2026

A News 365Times Venture

ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു, പ്രതിപക്ഷമെന്ന നിലയില്‍ അതിനെ തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു- ചന്തു സലിംകുമാര്‍

Date:



Kerala


ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു, പ്രതിപക്ഷമെന്ന നിലയില്‍ അതിനെ തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു: ചന്തു സലിംകുമാര്‍

തിരുവന്തപുരം: ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ചന്തു സലിം കുമാര്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചെന്നും പ്രതിപക്ഷമെന്ന നിലയില്‍ അതിനെ തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും ചന്തു സലിം കുമാര്‍ പറഞ്ഞു. ഭരണപക്ഷം പരാജയപ്പെട്ടാല്‍ നമ്മള്‍ അവരെ ചോദ്യം ചെയ്യണം. പ്രതിപക്ഷം പരാജയപ്പെട്ടാല്‍ അവരെയും ചോദ്യം ചെയ്യണമെന്നും ചന്തു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യ ഹിന്ദുക്കളുടെതല്ല. ഇന്ത്യ മുസ്‌ലീങ്ങളുടെതുമല്ല. ഇന്ത്യ ഇവിടുത്തെ ജനങ്ങളുടേതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് പറയുന്നത് ഒരു രാജ്യമല്ല. ജനങ്ങളെ സേവിക്കാനായി ജനങ്ങള്‍ തന്നെ ഉണ്ടാക്കിയ ഒരു ഉപകരണം മാത്രമാണത്. ചിലര്‍ ഇതിനെ ‘അരാഷ്ട്രീയം’ എന്ന് വിളിച്ചേക്കാം. എന്നാല്‍ എന്ത് സംഭവിച്ചാലും സ്വന്തം പാര്‍ട്ടിയെ ന്യായീകരിക്കുക എന്നത് മാത്രമാണ് രാഷ്ട്രീയമെങ്കില്‍, അത് രാഷ്ട്രീയമല്ല. അത് അന്ധമായ അടിമത്തമാണ്

‘ഞാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ ആ പാര്‍ട്ടിയുടെ അടിമയാകണമെന്നാണോ? കോണ്‍ഗ്രസ് ഒരു തെറ്റ് ചെയ്യുമ്പോള്‍ ഞാന്‍ നിശബ്ദനായിരിക്കണമെന്നാണോ? ഒരിക്കലുമില്ല.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് നമുക്ക് അന്ധമായ ഭ്രമം തോന്നുമ്പോള്‍, നമ്മള്‍ സാധാരണ പൗരന്മാരെപ്പോലെ ചിന്തിക്കുന്നത് നിര്‍ത്തുകയും അവരെ ന്യായീകരിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നമ്മള്‍ അവരുടെ ഓരോ തെറ്റുകളെയും ന്യായീകരിക്കുന്നു, ഓരോ മോശം തീരുമാനങ്ങളെയും സംരക്ഷിക്കുന്നു, അങ്ങനെ സാവധാനം നമ്മള്‍ അന്ധരായി മാറുന്നു.

ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മള്‍ ഒരു ലളിതമായ കാര്യം മറന്നുപോയി. നമ്മളാണ് രാഷ്ട്രീയക്കാരെ നിയമിച്ചത്, അല്ലാതെ അവര്‍ നമ്മളെയല്ല.
അവര്‍ പൊതുസേവകരാണ്. അവര്‍ നമുക്കുവേണ്ടിയാണ് ജോലി ചെയ്യേണ്ടത്, അല്ലാതെ നമ്മള്‍ അവര്‍ക്കുവേണ്ടിയല്ല.

അവര്‍ നന്നായി ജോലി ചെയ്യുകയാണെങ്കില്‍ അവരെ ബഹുമാനിക്കുക. ചെയ്യുന്നില്ലെങ്കില്‍ ചോദ്യം ചെയ്യുക, തള്ളിക്കളയുക, വോട്ടുചെയ്ത് പുറത്താക്കുക,’ ചന്തു സലിം കുമാര്‍ പറഞ്ഞു.

ജനങ്ങളെല്ലാം ഒന്നിച്ചുചേര്‍ന്ന് നീതിക്കായി പ്രതിഷേധിക്കാന്‍ തുടങ്ങുമ്പോള്‍, ആ ആശയത്തെ എന്നെന്നേക്കുമായി തടഞ്ഞുനിര്‍ത്താന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങള്‍ക്ക് ആളുകളെ അറസ്റ്റ് ചെയ്യാം, നിശബ്ദരാക്കാന്‍ ശ്രമിക്കാം, പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കാം. എന്നാല്‍ ജനങ്ങളുടെ ശബ്ദം അവഗണിക്കപ്പെടുന്നത് തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ അവിടെ അവസാനിക്കില്ല. അതൊരു വിപ്ലവമായി മാറും.

വിപ്ലവം ശക്തമാകുമ്പോള്‍ സര്‍ക്കാരുകള്‍ വീഴുമെന്നാണ് ചരിത്രം കാണിക്കുന്നത്. ജനതാത്പര്യത്തേക്കാള്‍ വലിയൊരു സര്‍ക്കാരും ഇവിടെയില്ല.

രാഷ്ട്രീയക്കാരെയല്ല, തത്വങ്ങളെ പിന്തുണയ്ക്കുക. പാര്‍ട്ടികളെയല്ല, നീതിയെ പിന്തുണയ്ക്കുക. പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതിന് മുന്‍പ് ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുക.

സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. എന്നാല്‍ ജനങ്ങള്‍ എപ്പോഴും ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയ്ക്കും മുകളിലായിരിക്കും,’ ചന്തു സലിം കുമാര്‍ പറഞ്ഞു.

Content Highlight: BJP divided people, Congress failed as opposition says actor Chandhu Salimkumar




ആര്യ.പി



ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related