India
എന്തുകൊണ്ട് അവര്‍ പാര്‍ട്ടി ഓഫീസിലെത്തി; എങ്ങനെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു: ദല്‍ഹി പൊലീസിനെതിരെ ഐഷെ ഘോഷ്
ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ.കെ.ജി ഭവനിലെത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയ ദല്‍ഹി പൊലീസ് നടപടിയെ ചോദ്യം ചെയ്ത് എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷ്. പൊലീസിന്റെ നടപടി പ്രശ്‌നകരമാണെന്നും ഐഷെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താന്‍ രണ്ട് ദിവസം മുമ്പ് താന്‍ പൊലീസിനെ കണ്ടിരുന്നു. അവര്‍ പറഞ്ഞത് എല്ലാം ശരിയാണെന്ന് ആയിരുന്നു. അതിന് ശേഷം തന്നെ പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന സാഹചര്യമുണ്ടായിരുന്നില്ലെന്ന് ഐഷെ പറഞ്ഞു.
പൊലീസ് എ.കെ.ജി ഓഫീസിലേക്ക് വരേണ്ട സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. അത് സി.പി.ഐ.എമ്മിന്റെയുടെ ആസ്ഥാനമാണ്. തന്നെ വിളിപ്പിക്കണമെങ്കില്‍ ഹോസ്റ്റലിലേക്കോ സര്‍വകലാശാലയിലേക്കോ വീട്ടിലേക്കോ നോട്ടീസ് നല്‍കാമായിരുന്നു. പൊലീസ് തന്നെ കോണ്‍ടാക്ട് ചെയ്തിരുന്നില്ലെന്നും ഐഷെ പറഞ്ഞു.
തനിക്ക് ഒളിവില്‍ കഴിയേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തന്നെ വിളിക്കാനോ നോട്ടീസ് നല്‍കാനോ പൊലീസിന് എപ്പോഴും സാധിക്കുമായിരുന്നുവെന്നും ഐഷെ ചൂണ്ടിക്കാട്ടി.
‘ഒരു പൗരയെന്ന നിലയില്‍ നിയമം പാലിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. നിയമം നടപ്പാക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. പക്ഷേ അത് നടപ്പാക്കിയ രീതി പ്രശ്‌നകരമാണെന്നാണ് ഞങ്ങള്‍ പറയുന്നത്.
നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനുള്ള അവകാശമുണ്ടെങ്കില്‍ അത് ചെയ്യാം. എന്നാല്‍ എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ കയറി എന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്? ഇത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്,’ ഐഷെ പറഞ്ഞു.
പൊലീസ് എങ്ങനെ ലൊക്കേഷന്‍ മനസ്സിലാക്കി
പൊലീസ് അറസ്റ്റ് ചെയ്യാന്‍ വന്ന സമയത്ത് തന്റെ ലൊക്കേഷന്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയുമായിരുന്നുള്ളൂവെന്നും ഐഷെ ചൂണ്ടിക്കാട്ടി. പൊലീസിന് സ്ഥലം എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്നത് സംശയകരമാണെന്നും അവര്‍ പറഞ്ഞു.
താന്‍ അടക്കമുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും ഐഷെ പറഞ്ഞു. തങ്ങള്‍ വാട്ട്സ്ആപ്പില്‍ എന്തെങ്കിലും ചര്‍ച്ച ചെയ്താല്‍, അത് മറ്റൊരെങ്കിലും അറിയുന്നതിന് മുമ്പ് തന്നെ ദല്‍ഹി പൊലീസില്‍ നിന്ന ഫോണ്‍ കോളുകള്‍ വന്നിട്ടുണ്ട്. ‘നിങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുകയാണോ?’ എന്ന തരത്തിലുള്ള ചോദ്യങ്ങളുന്നയിച്ചാണ് പൊലീസ് വിളിക്കാറുള്ളതെന്നും ഐഷെ വ്യക്തമാക്കി.
സര്‍വൈലന്‍സ് ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല
തന്നെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല സര്‍വൈലന്‍സെന്നും ഐഷെ ചൂണ്ടിക്കാട്ടി. ‘ഇത് എനിക്ക് മാത്രമല്ല, പലരും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഞങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് വിശ്വസ്തരായ അംഗങ്ങള്‍ മാത്രമുള്ള കോര്‍ ഗ്രൂപ്പുകളുണ്ട്. അവിടെ നിന്നുള്ള വിവരങ്ങള്‍ പുറത്തുപോകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല,’ ഐഷെ പറഞ്ഞു.
ഞങ്ങള്‍ ഇതിനകം തന്നെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ സമര്‍പിച്ചിട്ടുണ്ട്. ഇതില്‍ പൊലീസ് സര്‍വൈലന്‍സിനെ ചോദ്യം ചെയ്യുന്നുണ്ട്. കോടതിയുടെ വിധിയെ ഞങ്ങള്‍ മാനിക്കും. ആവശ്യമെങ്കില്‍ ഉയര്‍ന്ന കോടതികളെയും സമീപിക്കും. ഡാറ്റാ സ്വകാര്യത വളരെ ഗൗരവമുള്ള വിഷയമാണെന്നും ഐഷെ പറഞ്ഞു.
പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ ക്യാമറകള്‍ക്ക് മുന്നില്‍ സംസാരിച്ചിട്ടുണ്ട്. പൊലീസ് അവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പിന്നീട് മാതാപിതാക്കളോ അധ്യാപകരോ സര്‍വകലാശാലകളോ വഴി സമ്മര്‍ദ്ദം ചെലുത്താന്‍ അവ ഉപയോഗിക്കുകയും ചെയ്യുമോ എന്ന് തങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും ഐഷെ വ്യക്തമാക്കി.
പുതിയ കഥയുണ്ടാക്കി ആളുകളെ കുടുക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല
വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ സാമൂഹ്യ ‘സാമൂഹ്യവിരുദ്ധര്‍’ ഉണ്ടായിരുന്നെന്ന ബി.ജെ.പിയുടെ ആരോപണത്തെയും ഐഷെ തള്ളിക്കളഞ്ഞു. പുതിയ കഥയുണ്ടാക്കി ആളുകളെ കുടുക്കാന്‍ ശ്രമിക്കു്ന്നത് അംഗീകരിക്കാനിവില്ലെന്നും അവര്‍ പറഞ്ഞു.
‘സര്‍ക്കാര്‍ പ്രതിഷേധത്തില്‍ ‘സാമൂഹ്യവിരുദ്ധര്‍’ ഉണ്ടായിരുന്നുവെന്ന് പറയുന്നുവെങ്കില്‍, പ്രതിഷേധം നടന്നുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്? അന്നൊന്നും ഒന്നും ചെയ്തില്ല. ഇപ്പോള്‍ പുതിയൊരു കഥ സൃഷ്ടിച്ച് ആളുകളെ കുടുക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല,’ ഐഷെ പറഞ്ഞു.
Content Highlight: Aishe Ghosh Press Conference on Delhi Police’s Move to Arrest
റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.




