26
August, 2026

A News 365Times Venture

26
Wednesday
August, 2026

A News 365Times Venture

അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതി- ഉദയനിധി അറസ്റ്റില്‍; വ്യാപക പ്രതിഷേധവുമായി ഡി.എം.കെ

Date:



India


അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതി: ഉദയനിധി അറസ്റ്റില്‍; വ്യാപക പ്രതിഷേധവുമായി ഡി.എം.കെ

ചെന്നൈ: തമിഴ് നാട്ടില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു. ഇന്നലെ (ഓഗസ്റ്റ് മൂന്ന്, തിങ്കള്‍) തഞ്ചാവൂരില്‍ കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കര്‍ഷക സമരത്തില്‍ സംസാരിക്കുന്നതിനിടെ ഒരു സ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയിലെടുത്ത കേസിലാണ് ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യും ഒരു അഭിനേത്രിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് പ്രതിപക്ഷ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ചെന്നൈ നീലങ്കിരിയില്‍ ഉദയനിധിയുടെ വസതിയില്‍ പൊലീസ് എത്തിയിരുന്നു. കേസില്‍ ഉദയനിധിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.

തഞ്ചാവൂരില്‍ കര്‍ഷക സമരത്തില്‍ സംസാരിക്കുമ്പോള്‍ ഉദയനിധി സ്റ്റാലിന്‍ മുഖ്യമന്ത്രി വിജയ്‌യെ വിമര്‍ശിച്ചിരുന്നു. ഇതിനിടെ റാലിയില്‍ പങ്കെടുത്ത ഒരാള്‍ ഒരു നടിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ ഉദയനിധി നടത്തിയ പരാമര്‍ശം ദ്വയാര്‍ത്ഥ പ്രയോഗമാണെന്നാണ് പ്രതിപക്ഷ നേതാവിനെതിരായ പരാതിയില്‍ പറയുന്നത്.

പരാമര്‍ശത്തെത്തുടര്‍ന്ന് ഉദയനിധിക്കെതിരെ ഭരണകക്ഷി ടി.വി.കെയുടെയും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കള്‍ പ്രതിഷേധമറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവില്‍ നിന്ന് വരാന്‍ പാടില്ലാത്ത തരം പ്രതികരണമാണ് ഉദയനിധിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഉദയനിധിയുടെ പരാമര്‍ശം അറപ്പുളവാക്കുന്നതും നാണം കെട്ടതുമാണന്നെ് ബി.ജെ.പി തമിഴ് നാട് വക്താവ് നാരായണന്‍ തിരുപ്പതി അഭിപ്രായപ്പെട്ടു.

അതേ സമയം ഉദയനിധി ഒരു സ്ത്രീയെയും ലക്ഷ്യം വച്ചല്ല പരാമര്‍ശം നടത്തിയതെന്ന് ലോക്‌സഭയിലെ ഡി.എം.കെ എം.പി ടി.ആര്‍ ബാലു പറഞ്ഞു. ഉദയ നിധിക്കെതിരായ റിപ്പോര്‍ട്ടുകള്‍ കള്ളമാണെന്നും ബാലു പറഞ്ഞു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധിയുടെ അഭിഭാഷക സംഘവും പൊലീസും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും കസ്റ്റഡി നീക്കവുമായി പൊലീസ് മുന്നോട്ടു പോവുകയായിരുന്നു. ഒരു ടി.വി.കെ നേതാവിന്റെ പരാതിയില്‍ തഞ്ചാവൂര്‍ പൊലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ ഉദയനിധിയെ തഞ്ചാവൂരിലേക്ക് മാറ്റുമെന്നാണ് വിവരം.

തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നതായി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഉദയനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ പറയാത്ത കാര്യത്തിനാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നതെന്നും ഉദയനിധി അവകാശപ്പെട്ടു. ശരിയായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാനാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും ഉദയനിധി ആരോപിച്ചു. തനിക്കെതിരായ പൊലീസ് നടപടി ഒരു തമാശയാണെന്നും ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു.

ശക്തമായ വകുപ്പുകള്‍ ചുമത്തിയാണ് ഉദയനിധിക്കെതിരെ കേസെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപപ്പോര്‍ട്ട് ചെയ്തു. ബി.എന്‍.എസ് പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, ശത്രുത വളര്‍ത്തല്‍, കലാപാഹ്വാനം, ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കല്‍, പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കല്‍, ക്രിമിനല്‍ ഭീഷണി, സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള മനഃപൂര്‍വമായ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ഉദയനിധിക്കെതിരെ ചുമത്തിയിട്ടുണ്ട്.

ബി.എന്‍.എസ് 196, 192, 352, 79, 296(യ), 61, 351(2) വകുപ്പുകള്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ നാലാം വകുപ്പും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമാണ് കേസ്.

ഉദയനിധിയുടെ അറസ്റ്റിന് പിന്നാലെ ഡി.എം.കെ വ്യാപക പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പൊലീസ് എത്തിയതിനെത്തുടര്‍ന്ന് ഉദയനിധിയുടെ വീട്ടില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. അറസ്റ്റില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവും ആരംഭിച്ചിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് ഡി.എം.കെ പ്രവര്‍ത്തകര്‍ പാര്‍ലമെന്റിലും പ്രതിഷേധിച്ചു.

Content Highlight: DMK’s Udhayanidhi Stalin arrested over remarks at Thanjavur Farmer Protest




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related