11
August, 2026

A News 365Times Venture

11
Tuesday
August, 2026

A News 365Times Venture

ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമം; അപലപിച്ച് പ്രതിപക്ഷം

Date:



India


ഝാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമം; അപലപിച്ച് പ്രതിപക്ഷം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് അതിക്രമം. റാഞ്ചിയില്‍ നിയമസഭ ഉപരോധിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

പൊലീസ് ലാത്തികൊണ്ട് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിയമസഭക്ക് സമീപമുള്ള റോഡില്‍ വച്ച് പൊലീസ് വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്.

അതേസമയം, പൊലീസ് നടപടിയെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി തെറ്റാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിദ്യാര്‍ത്ഥികള്‍ക്ക് സമാധാനമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും ചര്‍ച്ചയിലൂടെ മാത്രമെ ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്താനാവൂ എന്നും രാഹുല്‍ പറഞ്ഞു. ‘ജാര്‍ഖണ്ഡില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ ബലപ്രയോഗം തെറ്റാണ്. സമാധാനപരമായി പ്രതിഷേധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്, ചര്‍ച്ചയിലൂടെ മാത്രമേ ഒരു പരിഹാരം കണ്ടെത്താന്‍ കഴിയൂ,’ ഫേസ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ കുറിച്ചു.

വിദ്യാര്‍ത്ഥികളുന്നയിക്കുന്ന വിഷയങ്ങള്‍ കേള്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (ജെ.പി.എസ്.സി), ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (ജെ.എസ്.എസ്.സി) എന്നിവയുടെ പരീക്ഷകളില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെയാണ് ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാന നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിന് നേര്‍ക്കായിരുന്നു പൊലീസ് അതിക്രമം.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് റാഞ്ചിയില്‍ നിയമസഭാ മന്ദിരത്തിന് ചുറ്റുമുള്ള 750 മീറ്റര്‍ ചുറ്റളവില്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 163 പ്രകാരം ഭരണകൂടം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭയിലേക്കുള്ള റാഞ്ചി ജഗന്നാഥ് ക്ഷേത്രത്തിന് സമീപമുള്ള വഴിയില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കാതിരിക്കാന്‍ മൂര്‍ച്ചയുള്ള മുള്ളുവേലികള്‍ സ്ഥാപിച്ചിരുന്നു.

നിയമ സഭാ മന്ദിരത്തിലേക്കുള്ള വഴിയില്‍ ബാരിക്കേഡുകളും പൊലീസ് സ്ഥാപിച്ചിരുന്നു. ഇതില്‍ അവസാനത്തെ ബാരിക്കേഡ് മറികടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കവെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബാരിക്കേഡ് മറികടന്ന് പ്രതിഷേധക്കാര്‍ക്ക് നിയമസഭാ വളപ്പില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടുണ്ട്. നിയമസഭാ വളപ്പില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിച്ചതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സര്‍ക്കാരുമായി മൂന്ന് ഘട്ടമായി നേരത്തെ പ്രതിഷേധക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളില്‍ അടക്കം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ന്നതായി കരുതുന്ന ജെ.എസ്.എസ്.സി-സി.ജി.എല്‍ പി.ജി.ടി, എക്സൈസ് പരീക്ഷകളും ടി.ഡി.പി.ഐ ഏജന്‍സി നടത്തിയ മുഴുവന്‍ പരീക്ഷകളും റദ്ദാക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ജെ.എസ്.എസ്.സി-സി.ജി.എല്‍ ഉള്‍പ്പെടെയുള്ള വിവാദ പരീക്ഷകളിലെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നുണ്ട്.

Content Highlight: Police Action against Jharkhand students protest: Rahul Gandhi slams use of force on students




റെന്വര്‍ പി



കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related