27
August, 2026

A News 365Times Venture

27
Thursday
August, 2026

A News 365Times Venture

കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കണം- യൂസുഫ് പത്താന്‍ അടക്കം തൃണമൂല്‍ വിട്ട 20 എം.പിമാര്‍ക്ക് നോട്ടീസ്

Date:

കൂറുമാറ്റ നിയമ പ്രകാരം അയോഗ്യരാക്കണം: യൂസുഫ് പത്താന്‍ അടക്കം തൃണമൂല്‍ വിട്ട 20 എം.പിമാര്‍ക്ക് നോട്ടീസ്

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ 20 എം.പിമാര്‍ക്ക് പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ നോട്ടീസ് അയച്ച് ലോക്സഭാ സെക്രട്ടേറിയറ്റ്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് അഭിഷേക് ബാനര്‍ജിയുടെ പരാതി. നോട്ടീസില്‍ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് തൃണമൂല്‍ വിട്ട എം.പിമാരോട് ലോക്സഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ടി.എം.സി വിട്ട എംപിമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നാണ് അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ പറയുന്നത്. പരാതിയില്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നിര്‍ദേശപ്രകാരം സെക്രട്ടേറിയറ്റ് ഈ എം.പിമാര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഈ വിഷയത്തില്‍ അഭിഷേക് ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചതിന് ശേഷമാണ് എം.പിമാര്‍ക്ക് നോട്ടീസ് അയക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചത്.

20 വിമത എം.പിമാര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യരാക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വൈകിപ്പിക്കുന്നതായി പറഞ്ഞ് അഭിഷേക് ബാനര്‍ജി സുപ്രീംകോടതിയില്‍ ഹരജി സമര്‍പിച്ചിരുന്നു. ഈ ഹരജി കഴിഞ്ഞ ദിവസം സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്പീക്കറുടെ നിര്‍ദേശ പ്രകാരം ലോക്‌സഭാ സെക്രട്ടറിയേറ്റ് എം.പിമാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചായിരുന്നു അഭിഷേക് ബാനര്‍ജിയുടെ ഹരജി പരിഗണിച്ചത്. ഹരജിയില്‍ കോടതി ലോക്‌സഭാ സ്പീക്കര്‍ അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

തൃണമൂല്‍ വിമത എം.പിമാരായ മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍, കക്കോലി ഘോഷ് ദസ്തിദാര്‍, സുദീപ് ബന്ദ്യോപാധ്യായ, ശതാബ്ദി റോയ്, പ്രസൂണ്‍ ബാനര്‍ജി, രചന ബാനര്‍ജി, ജഗദീഷ് ചന്ദ്ര ബര്‍മ ബസുനിയ, ദീപക് അധികാരി, സയാനി ഘോഷ്, പാര്‍ഥ ഭൗമിക്, അരൂപ് ചക്രവര്‍ത്തി, ബാപ്പി ഹല്‍ദാര്‍, എം.ഡി അബു താഹിര്‍ ഖാന്‍, കാലിപദ സരന്‍ ഖേര്‍വാള്‍, അസിത് കുമാര്‍ മല്‍, ജൂണ്‍ മാലിയ, മിതാലി ബാഗ്, ഖലീലുര്‍ റഹ്‌മാന്‍, മാലാ റോയ്, ശര്‍മിള സര്‍ക്കാര്‍ എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഈ എം.പിമാര്‍ക്കെതിരെയാണ് ഇപ്പോള്‍ ലോക്സഭാ സെക്രട്ടേറിയറ്റും നോട്ടീസ് അയച്ചത്.

നിലവില്‍ ടി.എം.സിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഈ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍.സി.പി.ഐ) എന്ന സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ തൃണമൂല്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഇവര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതായി അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ പറയുന്നു.

ജൂണ്‍ 18-നായിരുന്നു ഈ വിഷയത്തില്‍ അഭിഷേക് ബാനര്‍ജി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ അവസാനത്തിലും ഈ മാസം 12നും ബാനര്‍ജി സ്പീക്കറെ സമീപിച്ചിരുന്നു. ഇതിന് ശേഷമാണ് ബാനര്‍ജി സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlight: 20 rebel TMC MPs get Lok Sabha notices on Abhishek Banerjee’s disqualification plea, seeks response within 7 days




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related