World
‘യുദ്ധത്തിന് തയ്യാറാകൂ’; 13 വയസുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ സൈനിക പരിശീലനവുമായി റഷ്യ
മോസ്കോ: സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക പരിശീലനം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി റഷ്യ. പുതിയ അധ്യയന വര്‍ഷം മുതല്‍ കൗമാരക്കാരുടെ നിര്‍ബന്ധിത പാഠ്യപദ്ധതിയില്‍ അടിസ്ഥാന സൈനിക പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
13 വയസുമുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൈനിക ആയുധങ്ങളെക്കുറിച്ചും യുദ്ധസാഹചര്യങ്ങളില്‍ ആവശ്യമായ പരിശീലനങ്ങളെക്കുറിച്ചും പഠിപ്പിക്കും.
മെഷീന് ഗണ്‍, ടാങ്ക് വിരുദ്ധ ആയുധങ്ങള്‍, ഹാന്‍ഡ് ഗ്രനേഡ് തുടങ്ങിയ പ്രധാന ആയുധങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അടിയന്തര സാഹചര്യങ്ങളിലെ പ്രാഥമിക ചികിത്സ, സൈനിക അച്ചടക്കം തുടങ്ങിയവയും പാഠ്യപദ്ധതിയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ പരിമിതമായ രീതിയില്‍ നല്‍കിയിരുന്ന ഇത്തരം പരിശീലനങ്ങളാണ് പുതിയ സംവിധാനത്തില്‍ കൂടുതല്‍ വ്യാപകമാക്കുന്നത്.
‘റഷ്യയുടെ സുരക്ഷയുടെയും പ്രതിരോധത്തിന്റെയും അടിസ്ഥാനങ്ങള്‍’ എന്ന വിഷയത്തിലാണ് സൈനിക പരിശീലനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിലെ ക്ലാസുകളുടെ പകുതിയോളം അടിസ്ഥാന സൈനിക പരിശീലനത്തിനായി മാറ്റിവയ്ക്കുന്നതാണ് പുതിയ രീതി.
റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടെയാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും സൈനികവല്‍ക്കരണം ശക്തമാക്കുന്ന ഈ നടപടി.
ഭാവിയിലെ യുദ്ധസാഹചര്യങ്ങളെ നേരിടാന്‍ യുവതലമുറയെ തയ്യാറാക്കുകയാണ് നടപടിയുടെ ലക്ഷ്യമെന്നാണ് റഷ്യയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്ക് സൈനിക പരിശീലനവും യുദ്ധകേന്ദ്രിത ആശയങ്ങളും കൂടുതല്‍ കടന്നുവരുന്നത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
കുട്ടികളെ യുദ്ധങ്ങള്ക്കൊരുക്കുന്ന റഷ്യയുടെ ശ്രമത്തെ മറ്റ് രാജ്യങ്ങള്‍ വിമര്‍ശിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: ‘Prepare for war’: Russia introduces military training in schools for students aged 13 and above.
അഞ്ജു ചന്ദ്രന്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.




