സ്വന്തം സ്ഥാപനത്തിലെ നിലപാടും പൊതുവേദിയിലെ നിലപാടും തമ്മില്‍ വൈരുധ്യം; സ്ത്രീകളുടെ തുല്യത സംരക്ഷിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ കടമ: പി ജയരാജന്‍
തിരുവനന്തപുരം: സ്ത്രീകള്‍ പൊതുരംഗത്തേക്ക് വന്നാല്‍ നാശമാണെന്ന സമസ്ത നേതാവ് എ.പി അബൂബക്കര്‍ മുസല്യാരുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്‍.
ഓരോ മതവിശ്വാസിക്കും തന്റെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ ഒരു മതവിശ്വാസത്തിന്റെ പേരില്‍ സ്ത്രീകള്‍ പൊതുസമൂഹത്തില്‍ എങ്ങനെ ജീവിക്കണം, എവിടെ പ്രത്യക്ഷപ്പെടണം, എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് പൊതുസമൂഹത്തിന് മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുമ്പോള്‍, അതിനെക്കുറിച്ച് ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
‘കാന്തപുരം മുസല്യാര്‍ നേതൃത്വം നല്‍കുന്ന മര്‍കസിന്റെ കീഴിലുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനമായ ഫുസ്റ്റാറ്റിന്റെ പ്രചാരണ വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളും കാണുമ്പോള്‍, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരുടെ മുന്നേറ്റത്തിനും നല്‍കുന്ന പ്രാധാന്യം വ്യക്തമാണ്. മര്‍കസുമായി ബന്ധപ്പെട്ട ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത് എന്റെ സുഹൃത്ത് അബ്ദുല്‍ ഹക്കീം അസ്ഹരിയാണ്.
ആ സ്ഥാപനത്തിന്റെ പ്രചാരണത്തില്‍ മുഖം മറയ്ക്കാതെ ആത്മവിശ്വാസത്തോടെ പ്രത്യക്ഷപ്പെടുന്ന ഡോ. ബിസ്‌ന ബദേരി ഉള്‍പ്പെടെയുള്ള വനിതകളെ കാണാം. അതായത്, വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും ലോകത്ത് സ്ത്രീകള്‍ സജീവമായി മുന്നോട്ടുവരുന്നത് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സമീപനം അവിടെ കാണുന്നു.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വേദിയില്‍ സ്ത്രീകള്‍ക്ക് സജീവമായി പ്രത്യക്ഷപ്പെടാനും പഠിക്കാനും മുന്നേറാനും കഴിയുമെങ്കില്‍, പൊതു വേദിയില്‍ സ്ത്രീകള്‍ പ്രത്യക്ഷപ്പെടുന്നതിനെ എന്തുകൊണ്ട് എതിര്‍ക്കണം,’ പി. ജയരാജന്‍ പറഞ്ഞു.
മതവിശ്വാസത്തിന്റെ സംരക്ഷണം പ്രധാനമാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് അതിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും അതേസമയം, സ്ത്രീകളുടെ സ്വാതന്ത്ര്യവും തുല്യതയും പൊതുജീവിതത്തിലെ പങ്കാളിത്തവും സംരക്ഷിക്കണമെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന കടമയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Contradiction between one’s stance within one’s own organization and the position taken on public platforms; upholding gender equality is the duty of a democratic society: P. Jayarajan.




