കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ മാപ്പ് പറയണെന്ന് എ.പി. സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്. വി.ഡി സതീശന്‍ തന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെക്കുറിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ പരാമര്‍ശത്തെ മുഖ്യന്ത്രി വി.ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ആ വിമര്‍ശനത്തിലാണ് ‘കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു,’ എന്ന് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി നടത്തിയത് ഇസ്‌ലാം വിരുദ്ധ പരമാര്‍ശമാണെന്ന് മുസ്‌ലിം ജമാഅത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ‘ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്നത് മുഖമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല,’ എന്നും സംഘടന അഭിപ്രായപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ പ്രസ്താവന പദവിക്ക് നിരക്കാത്തതെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹ്മത്തുല്ല സഖാഫിയുടെ പ്രതികരണം.
സ്ത്രീകളും പുരുഷന്‍മാരും അടുത്ത് ഇടപഴകുന്നതിനെതിരെയാണ് കാന്തപുരം പറഞ്ഞതെന്നും സഖാഫി പറഞ്ഞു. ‘ഉസ്താദിന്റെ ആറു പതിറ്റാണ്ടിലധികം നീണ്ട സ്ത്രീ സമുദ്ധാരണ ചരിത്രം മുന്നില്‍ വെച്ചു വേണ്ടേ മുഖ്യമന്ത്രിയെപ്പോലുള്ള ഒരാള്‍ അടര്‍ത്തിയെടുത്ത ഒരു വാക്കിന് അര്‍ത്ഥം കല്‍പ്പിക്കാന്‍. അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേര്‍ന്നുള്ള രംഗപ്രവേശമാണ് വലിയ നാശമുണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞത്,’ റഹ്മത്തുല്ല സഖാഫി കുറിച്ചു.
ഇന്നലെ ഒരു ബി.ജെ.പി നേതാവ് മുഖ്യമന്ത്രിയുടെ നട്ടെല്ലിന്റെ ഉറപ്പ് പരിശോധിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതാണ് ഇന്നദ്ദേഹം പറഞ്ഞതെന്നും എസ്.വൈ.എസ് നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കാന്തപുരം ഉസ്താദിനൊപ്പം ചേര്‍ത്ത് പറയാന്‍ പറ്റിയ ഒരു സ്ത്രീ സമുദ്ധാരകനും കേരളത്തിലില്ലെന്ന് നന്നായറിയുന്നയാളാണ് നമ്മുടെ മുഖ്യമന്ത്രിയെന്നും പോസ്റ്റില്‍ പറയുന്നു.
‘അന്യ പുരുഷന്മാരുമായി അനിയന്ത്രിതമായി ഇഴകിച്ചേര്‍ന്നുള്ള രംഗപ്രവേശമാണ് വലിയ നാശമുണ്ടാക്കുമെന്ന് ഉസ്താദ് പറഞ്ഞത്. ഇത് പണ്ടേ പറയുന്നതും എല്ലാ രക്ഷിതാക്കളും അവരെ മക്കളെ ഓര്‍മിപ്പിക്കുന്നതുമാണ്. ഇനി അങ്ങനെ കൂടിക്കലര്‍ന്ന് നിയന്ത്രണമില്ലാതെ പെരുമാറിയാല്‍ എന്ത് നാശമാണ് ഉണ്ടാവുകയെന്ന് മുഖ്യ മന്ത്രി ഭരിക്കുന്ന കേരളത്തിലെ സ്ത്രീപീഡന കേസുകളുടെ കണക്ക് വ്യക്തമാക്കുന്നു,’ എന്നും റഹ്മത്തുല്ല സഖാഫി കുറിച്ചു.
കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവര്‍ വീടുകളില്‍ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.
ഇസ്‌ലാമിക ചരിത്രത്തെ വളച്ചൊടിച്ചാണ് കാന്തപുരം സംസാരിച്ചത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നത് ഏവര്‍ക്കും അറിയാവുന്ന ചരിത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പ്രവാചകന്റെ മറ്റൊരു ഭാര്യയായ അയിഷ യുദ്ധരംഗത്ത് പട നയിച്ച സര്‍വ്വസൈന്യാധിപയായിരുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ബില്‍കിസ് രാജ്ഞി നാടുഭരിച്ച ഭരണാധികാരിയായിരുന്നു. ഇത്തരത്തില്‍ ഭരണനേതൃത്വത്തിലും വിപണിയിലും യുദ്ധരംഗത്തും സ്ത്രീകള്‍ അടയാളപ്പെടുത്തിയ ചരിത്രത്തെ വികലമാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് അടുത്തിടെ കാന്തപുരം ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ‘സ്ത്രീകള്‍ അവരുടെ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണം,’ എന്ന് കാന്തപുരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറയുകയും ചെയ്തു. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി കാന്തപുരത്തെ വിമര്‍ശിച്ചത്.
Content Highlight: Kerala Muslim Jamaath and SYS Against CM VD Satheesans Response to Kanthapuram’s Remark




