കോഴിക്കോട്: യു.ഡി.എഫ് സര്‍ക്കാര്‍ പുനസംഘടിപ്പിച്ച കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ മന്ത്രിമാരല്ലാത്ത അംഗങ്ങളില്‍ മുസ്‌ലിം, ദലിത് പ്രാതിനിധ്യമോ വനിതാ പ്രാതിനിധ്യമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശന് തുറന്ന കത്തുമായി മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക).
‘മുസ്‌ലിം, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദഗ്ധര്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സജീവ മായിരിക്കെത്തന്നെ പുതിയ ആസൂത്രണ ബോര്‍ഡിലെ വൈസ് ചെയര്‍മാനും നാല് അംഗങ്ങളും ഒരൊറ്റ പ്രത്യേക സാമൂഹിക വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നത് അങ്ങേയറ്റം നിരാശാജനകമാണ്,’ എന്ന് ഈ മാസം നാലിന് മലയാളം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മെക്കയുടെ തുറന്ന കത്തില്‍ പറയുന്നു.
കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ്. നിലവില്‍ നിയമിതരായ പലരെക്കാളും മികച്ച പ്രഫഷണല്‍ അക്കാദമിക് യോഗ്യതകളുള്ള വനിതാ വിദഗ്ധര്‍ നമുക്കിടയില്‍ ഏറെയുണ്ടായിട്ടും, ഒ രാള്‍ക്കുപോലും ബോര്‍ഡില്‍ ഇടം ലഭിച്ചില്ലെന്നും മെക്ക ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതിയില്‍ രാഷ്ട്രീയ നിയമനം നേടിയവരില്‍ ഒരാള്‍ക്കു മാത്രമാണ് പി.എച്ച്.ഡി ഉള്ളത്. ബി.ജെ.പി സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു കണ്‍സള്‍ട്ടന്റ് ഇതില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് യോഗ്യതയോ സാമൂഹിക നീതിയോ അല്ല, മറിച്ച് മറ്റു പല താത്പര്യങ്ങളുമാണ് ഈ നിയമനങ്ങള്‍ക്ക് മാനദണ്ഡമായത് എന്നതിലേക്കാണെന്നും മെക്ക ജനറല്‍ സെക്രട്ടറി എന്‍.കെ അലി തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടു.
‘ഇത് നിലവിലെ ഭരണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു വലിയ ചോദ്യം ഉയര്‍ത്തുന്നു. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിം പോലും ഇല്ല എന്നതില്‍ അവര്‍ അഭിമാനിക്കുന്നു. അത്തരത്തിലാവരുതല്ലോ കേരള ആസൂത്രണ ബോര്‍ഡിന്റെ സംഘാടനം.
തിങ്ക്ടാങ്കും ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു രൂപപ്പെടുത്തുന്ന സ്ഥാപനവുമായ ബോര്‍ഡില്‍ മുസ്‌ലിംകളോ ദലിതരോ, സ്ത്രീകളോ ഇല്ല എന്നത് അതീവ അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണ്,’ എന്നും മെക്ക അഭിപ്രായപ്പെട്ടു.
അതേസമയം, സമിതിയിലെ മന്ത്രിമാരല്ലാത്ത അംഗങ്ങളില്‍ സവര്‍ണ ഹിന്ദു വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് അംഗങ്ങളെന്നും ദളിത്, മുസ് ലിം, വനിതാ പ്രാതിനിധ്യത്തിനൊപ്പം ഒ.ബി.സി പ്രാതിനിധ്യവും ഇല്ലെന്നും സാമൂഹ്യ പ്രവര്‍ത്തകനായ സുദേഷ് എം. രഘു പറഞ്ഞു. മെക്കയുടെ കത്തിനെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. എസ്.എന്‍.ഡി.പി യോഗത്തിനോ ഇതര ഒ.ബി.സി സംഘടനകള്‍ക്കോ ദലിത് സംഘടനകള്‍ക്കോ ഇതില്‍ പരാതിയുള്ളതായി കണ്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജി. വിജയ രാഘവന്‍, പി.പി. ബാലന്‍, ശ്രീധര്‍ രാധാകൃഷ്ണന്‍, വരുണ്‍ സന്തോഷ് എന്നിവരാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആസൂത്രണ ബോര്‍ഡില്‍ പുതുതായി നിയമിക്കപ്പെട്ട അംഗങ്ങള്‍. മുന്‍ ടെക്‌നോക്രാറ്റായ ജി. വിജയ രാഘവന്‍ ബോര്‍ഡിലെ മെമ്പര്‍ സെക്രട്ടറി ആണ്. ബോര്‍ഡില്‍ മൂന്നാം തവണയാണ് അംഗമാവുന്നത്.
തദ്ദേശ ഭരണ വിദഗ്ദ്ധനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) മുന്‍ ഡയറക്ടറുമാണ് പി.പി. ബാലന്‍. പരിസ്ഥിതി പ്രവര്‍ത്തകനാണ് ശ്രീധര്‍ രാധാകൃഷ്ണന്‍
വൈസ്-ചെയര്‍പേഴ്‌സണ്‍ കെ.എം. ചന്ദ്രശേഖര്‍ ആണ് ബോര്‍ഡിലെ മന്ത്രി അല്ലാത്ത മറ്റൊരു അംഗം. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയാണ് അദ്ദേഹം. മുഖ്യമന്ത്രി വി.ഡി സതീശന്‍ ചെയര്‍മാനായ ബോര്‍ഡില്‍ മന്ത്രിമാരെന്ന നിലയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍ എന്നിവരും അംഗങ്ങളാണ്. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാണ്.
മെക്കയുടെ കത്തിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,
ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കുന്ന തിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ നടത്തിവരുന്ന പോരാട്ടങ്ങള്‍ പ്രശംസനീയമാണ്. സ്വാഭാവികമായും സമത്വവും വൈവിധ്യവും സാമൂഹിക ഉള്‍ച്ചേര്‍ക്കലും കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ വിട്ടുവിഴ്ചയില്ലാതെ ഉയര്‍ത്തിപ്പിടിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, താങ്കള്‍ നയിക്കുന്ന സര്‍ക്കാര്‍ ഭരണഘടനാപരമായ ഈ മൗലിക തത്വങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയാണെന്ന പ്രതീതിയാണ് പുതിയ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഘടന മുന്നോട്ടുവെക്കുന്നത്.
മുസ്ലിം, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള ഒട്ടേറെ വിദഗ്ധര്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സജീവ മായിരിക്കെത്തന്നെ പുതിയ ആസൂത്രണ ബോര്‍ഡിലെ വൈസ് ചെയര്‍മാനും നാല് അംഗങ്ങളും ഒരൊറ്റ പ്രത്യേക സാമൂഹിക വിഭാഗത്തില്‍ നിന്നുള്ളവരാണ് എന്നത് അങ്ങേയറ്റം നിരാശാജനകമാണ്. കേരളത്തിലെ ജനസംഖ്യയുടെ പകുതിയിലധികവും സ്ത്രീകളാണ്.
നിലവില്‍ നിയമിതരായ പലരെക്കാളും മികച്ച പ്രഫഷണല്‍ അക്കാദമിക് യോഗ്യതകളുള്ള വനിതാ വിദഗ്ധര്‍ നമുക്കിടയില്‍ ഏറെയുണ്ടായിട്ടും, ഒ രാള്‍ക്കുപോലും ബോര്‍ഡില്‍ ഇടം ലഭിച്ചില്ല. വിദഗ്ധ സമിതിയില്‍ രാഷ്ട്രീയ നിയമനം നേടിയവരില്‍ ഒരാള്‍ക്കു മാത്രമാണ് പി.എച്ച്.ഡി ഉള്ളത്. ബി.ജെ.പി സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു കണ്‍സള്‍ട്ടന്റ് ഇതില്‍ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് യോഗ്യതയോ സാമൂഹിക നീതിയോ അല്ല, മറിച്ച് മറ്റു പല താല്‍പ ര്യങ്ങളുമാണ് ഈ നിയമനങ്ങള്‍ക്ക് മാനദണ്ഡമായത് എന്നതിലേക്കാണ്.
ഇത് നിലവിലെ ഭരണത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഒരു വലിയ ചോദ്യം ഉയര്‍ത്തുന്നു. ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിം പോലും ഇല്ല എന്നതില്‍ അവര്‍ അഭിമാനിക്കുന്നു. അത്തരത്തിലാവരുതല്ലോ കേരള ആസൂത്രണ ബോര്‍ഡിന്റെ സംഘാടനം.
തിങ്ക്ടാങ്കും ദീര്‍ഘകാലത്തേക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു രൂപപ്പെടുത്തുന്ന സ്ഥാപനവുമായ ബോര്‍ഡില്‍ മുസ്‌ലിംകളോ ദലിതരോ, സ്ത്രീകളോ ഇല്ല എന്നത് അതീവ അസ്വസ്ഥത ഉളവാക്കുന്ന കാര്യമാണ്.
കേരളത്തിന്റെ സാമൂഹിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാവണമായിരുന്നു ഉത്തരമൊരു പ്രധാന സ്ഥാപനത്തിന്റെ ഘടനയെന്ന് കേരള മുഖ്യമന്ത്രിയായ അങ്ങയെ ഓര്‍മപ്പെടുത്തട്ടെ.
എന്‍.കെ അലി,
ജനറല്‍ സെക്രട്ടറി, മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍
അസോസിയേഷന്‍-മെക്ക
Content Highlight: Muslim Employees Cultural Association’s Open Letter to Kerala CM about Representation in Planning Board




