13
September, 2026

A News 365Times Venture

13
Sunday
September, 2026

A News 365Times Venture

മനുഷ്യരെ ഇല്ലാതാക്കാനുള്ള 10 ശതമാനം സാധ്യത: എ.ഐയെ പിടിച്ചുകെട്ടാന്‍ വര്‍ഷങ്ങളോ മാസങ്ങളോ കാത്തിരിക്കാനാവില്ലെന്ന് സാന്‍ഡേഴ്‌സ്

Date:

വാഷിങ്ടണ്‍: നിര്‍മിത ബുദ്ധി (എ.ഐ) നിയന്ത്രണമില്ലാതെ മുന്നോട്ട് പോകുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉന്നയിച്ച് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ്. എ.ഐ. മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്നത് ഗൗരവതരമായ കാര്യമാണെന്നും അതിനെതിരെ നടപടികളെടുക്കാനായി വര്‍ഷങ്ങളോ മാസങ്ങളോ കാത്തിരിക്കാനാവില്ലെന്നും സാന്‍ഡേഴ്‌സ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

എ.ഐയെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങളെ പ്രേരിപ്പിക്കേണ്ടതുണ്ട്. നമുക്ക് മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കാനാവില്ല. ഇപ്പോള്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നും അവരോട് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവേകപൂര്‍ണ്ണമായ ഏതൊരു നിയമനിര്‍മാണത്തെയും എതിര്‍ക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കാന്‍ എ.ഐ വ്യവസായം തയ്യാറാണ്. അത് തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐയുടെ തലതൊട്ടപ്പനെന്നറിയപ്പെടുന്ന ജോഫ്രെ ഹിന്‍ഡന്‍ ആ സാങ്കേതിക വിദ്യയുടെ അപകട സാധ്യതകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ഹിന്‍ഡന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ സാന്‍ഡേഴ്‌സ് അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹിന്‍ഡന്‍ എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ച് സംസാരിക്കുന്നതിന്റെ വീഡിയോ ആണ് സാന്‍ഡേഴ്‌സ് പങ്കുവച്ചിട്ടുള്ളത്.

എ.ഐ. മനുഷ്യരാശിയെ ഇല്ലാതാക്കാന്‍ 10 ശതമാനം സാധ്യതയുണ്ട് എന്ന് പറഞ്ഞാല്‍ അത് അന്യായമായ ഒരു കണക്കായിരിക്കില്ലെന്ന് ഹിന്റണ്‍ ആ വീഡിയോയില്‍ പറഞ്ഞിരുന്നു. എ.ഐ മനുഷ്യരാശിയെ ഒരു പതിറ്റാണ്ടിനുള്ളില്‍ ഇല്ലാതാക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്നത് ആശങ്കാകരമാണെന്ന് സാന്‍ഡേഴ്‌സ് പ്രതികരിച്ചു.

ഒരു പതിറ്റാണ്ടിനുള്ളില്‍ എ.ഐക്ക് മനുഷ്യരാശിയെ മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍, ആ സാധ്യത കണക്കാക്കാന്‍ വിശ്വസനീയമായ മാര്‍ഗമൊന്നുമില്ലെന്ന് വീഡിയോയില്‍ ഹിന്റണ്‍ പറഞ്ഞിരുന്നു. നമ്മളെക്കാള്‍ ബുദ്ധിമാന്മാരായേക്കാവുന്ന ജീവികളെ മനുഷ്യര്‍ ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്തതിനാലാണ് ആ സാഹചര്യം എങ്ങനെയാണെന്ന് കണക്കാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിര്‍മിത ബുദ്ധിയെ നിയന്ത്രിക്കാനായി നിയമ നിര്‍മാണം നടത്തണമെന്ന് സാന്‍ഡേഴ്‌സ് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലും ആവശ്യപ്പെട്ടു. ഈ നിയമ നിര്‍മാണം നടത്തുന്നതിനെക്കുറിച്ച് സെനറ്റര്‍മാരും സാങ്കേതിക വിദഗ്ധരും അടച്ചമുറിയില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള നടപടികള്‍ താന്‍ സ്വീകരിക്കുമെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

‘തങ്ങള്‍ അപകടകരമായ ഒരു സാങ്കേതികവിദ്യയാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും, അത് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഇവര്‍ക്കെല്ലാം ബോധ്യമുണ്ട്,’ എന്നും നിര്‍മിത ബുദ്ധി ഗവേഷകരെക്കുറിച്ച് സാന്‍ഡേഴ്‌സ് പറഞ്ഞു.

‘അതിബുദ്ധിശാലിയായ എ.ഐ എന്ന അവസ്ഥയിലേക്ക് കടന്നുപോകാന്‍ നമുക്ക് തീര്‍ച്ചയായും ആഗ്രഹമില്ല. അതിനെ നിരോധിക്കുകയും ഇപ്പോള്‍ തന്നെ അത് തടയുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ മനുഷ്യരാശിക്കെതിരെ തിരിയുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നല്‍കിയ മറുപടിയെ ബെര്‍ണി സാന്‍ഡേഴ്‌സ് അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഒരു എ.ഐ സംവിധാനം അപകടകരമാകുകയാണെങ്കില്‍ അത് തടയാന്‍ മനുഷ്യര്‍ക്ക് എല്ലായ്‌പ്പോഴും ഒരു മാര്‍ഗമുണ്ടാകുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഒരു ചെറിയ ഗിയറിട്ട് എ.ഐയെ അപ്പോള്‍ അടച്ചുപൂട്ടാന്‍ സാധിക്കുമെന്നും ട്രംപ് തമാശ പോലെ പറഞ്ഞിരുന്നു. ട്രംപിന്റെ ഈ ഉത്തരം അപകടകരമാണെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.

എ.ഐയെക്കുറിച്ചുള്ള ട്രംപിന്റെ അജ്ഞത ഭയാനകവും അങ്ങേയറ്റം അപകടകരവുമാണെന്ന് സാന്‍ഡേഴ്സ് എക്‌സ് പോസ്റ്റില്‍ കുറിച്ചു. നമ്മള്‍ ഇപ്പോള്‍ എ.ഐ വികസനം താല്‍ക്കാലികമായി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്രിമ സൂപ്പര്‍ ഇന്റലിജന്‍സ് നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃത്രിമ സൂപ്പര്‍ ഇന്റലിജന്‍സിനെ ലക്ഷ്യം വച്ചുള്ള നിയമനിര്‍മ്മാണം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി സാന്‍ഡേഴ്സ് പറഞ്ഞു. ശക്തമായി വരുന്ന എ.ഐ സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ക്ക് കഴിയുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൃത്രിമ സൂപ്പര്‍ഇന്റലിജന്‍സിനെ നിരോധിക്കുകയും വിപുലമായ എ.ഐ വികസനം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്യുന്ന നിയമനിര്‍മ്മാണത്തിനുള്ള പദ്ധതികള്‍ സാന്‍ഡേഴ്സും ടെക്‌സാസില്‍ നിന്നുള്ള പ്രതിനിധി സഭ അംഗം ഗ്രെഗ് കാസറും പ്രഖ്യാപിച്ചിരുന്നു.

കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധി സഭ അംഗം റോ ഖന്നയും എ.ഐയെ നിയന്ത്രിക്കാനുള്ള നടപടികള്‍ക്കായി ആവശ്യപ്പെട്ടിരുന്നു. ഒരു ഫെഡറല്‍ എ.ഐ ഏജന്‍സി സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

ആഗോള മത്സരം കാരണം കമ്പനികള്‍ വേഗതയ്ക്ക് വേണ്ടി സുരക്ഷയെ അവഗണിക്കരുതെന്നും റോ ഖന്ന അഭിപ്രായപ്പെട്ടു. എ.ഐ സുരക്ഷാ മാനദണ്ഡങ്ങള്‍, നിയന്ത്രണം എന്നിവയില്‍ യുഎസ്-ചൈന സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

എ.ഐ കൂടുതലായി വികസിച്ചാല്‍ അതിന് വലിയ നാശനഷ്ടം വരുത്തുന്നതിന് ഭൗതികമായ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് ഹിന്റണ്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എ.ഐ മനുഷ്യരാശിയെ തകര്‍ക്കാന്‍ 10 ശതമാനം സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞെങ്കിലും അത്തരമൊരു അനുമാനം എങ്ങനെ കൃത്യമായി നടത്താമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറയുന്നു.

മനുഷ്യരുമായുള്ള ഇടപെടലുകളിലൂടെ അരാജകത്വം സൃഷ്ടിക്കാനും, ജൈവ-കമ്പ്യൂട്ടര്‍ വൈറസുകള്‍ രൂപകല്‍പ്പന ചെയ്യാനും എ.ഐക്ക് സാധിച്ചേക്കാം. വിനാശകരമായ സൈബര്‍ ആക്രമണങ്ങള്‍ നടത്താനും എ.ഐക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എ.ഐക്ക് നമ്മളെ ഇല്ലാതാക്കണമെന്ന് തോന്നിയാല്‍ അങ്ങനെ ചെയ്യാന്‍ ധാരാളം മറ്റ് വഴികളുമുണ്ട്. എന്നാല്‍ അതിനി അത്തരമൊരു ആഗ്രഹം തോന്നാത്ത രീതിയില്‍ എങ്ങനെ രൂപകല്‍പന ചെയ്യാമെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഹിന്റണ്‍ പറഞ്ഞിരുന്നു.

അടുത്തിടെ ആന്ത്രോപിക് മുന്‍ ഗവേഷകന്‍ ജേക്കബ് കോക്‌സണ്‍ രാജിവെക്കവെ ഉയര്‍ത്തിയ ആശങ്കകളും എ.ഐയുടെ അപകട സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. സ്വയം മെച്ചപ്പെടുത്തുന്ന ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സിലേക്ക് പോകാന്‍ എ.ഐ കമ്പനികള്‍ മത്സരിക്കുകയാണെന്നും അതിന്റെ അപകട സാധ്യതകള്‍ അവര്‍ പരിഗണിക്കുന്നില്ലെന്നും കോക്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight:  ‘We don’t have months’: Bernie Sanders sounds alarm on AI’s ‘extinction’ threat

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം; ഇസ്രഈല്‍ അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിച്ച് ബ്രിക്‌സ് പ്രമേയം

ന്യൂദല്‍ഹി: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ആവശ്യപ്പെട്ടും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം...