ന്യൂദല്‍ഹി: ദല്‍ഹിയിലെ വോട്ടര്‍ പട്ടിക പ്രത്യേക തീവ്രപരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകളില്‍ വിമര്‍ശനവുമായി സുപ്രീം കോടതി.
നോ മാപ്പിങ് ചൂണ്ടിക്കാട്ടി വോട്ടര്‍മാര്‍ക്ക് നല്‍കിയ നോട്ടീസുകള്‍ പലതും യാന്ത്രികമായി, വ്യക്തിഗത പരിശോധനയില്ലാതെ പുറപ്പെടുവിച്ചതായി തോന്നുന്നുവെന്ന് കോടതി പറഞ്ഞു.
നോട്ടീസുകള്‍ എങ്ങനെ തയ്യാറാക്കുന്നുവെന്നും വോട്ടര്‍മാരെ പരിശോധനയ്ക്കായി തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്താണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വിശദീകരണം തേടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വോട്ടര്‍ ലിസ്റ്റിലെ പൊരുത്തക്കേട് കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങളും നോട്ടീസ് നല്‍കുന്നതിന് മുമ്പ് അധിക പരിശോധനകള്‍ നടത്തുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
നോട്ടീസ് ലഭിക്കുന്ന വോട്ടര്‍മാര്‍ക്ക് തങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കൃത്യമായി ലഭിക്കണമെന്നും കോടതി വ്യക്തമാക്കി.
ദല്‍ഹിയിലെ എസ്.ഐ.ആര്‍ നടപടിക്കിടെ 33.13 ലക്ഷം വോട്ടര്‍മാരെയാണ് ‘നോ മാപ്പിങ്’ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി നോട്ടീസ് നല്‍കാന്‍ കണ്ടെത്തിയതെന്നാണ് ഹരജിക്കാരുടെ വാദം.
ഇതില്‍ ഏകദേശം 19.33 ലക്ഷം പേര്‍ ‘ലോജിക്കല്‍ ഡിസ്‌ക്രപന്‍സി’ വിഭാഗത്തിലും 13.79 ലക്ഷം പേര്‍ ‘നോ മാപ്പിങ്’ വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ചവര്‍ക്ക് എന്താണ് ക്രമക്കേടായി കണ്ടെത്തിയതെന്നും അത് പരിഹരിക്കാന്‍ എന്ത് രേഖകളാണ് ഹാജരാക്കേണ്ടതെന്നും വ്യക്തമായി അറിയുന്നില്ലെന്നാണ് ഹരജിക്കാരുടെ പരാതി.
പ്രശസ്ത സാമൂഹിക പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
നോട്ടീസ് ലഭിച്ച വോട്ടര്‍മാരുടെ വിവരങ്ങള്‍, ഓരോ നോട്ടീസിനും പിന്നിലെ വ്യക്തമായ കാരണങ്ങള്‍, വോട്ടര്‍മാരെ ‘വിവരങ്ങളിലെ പൊരുത്തക്കേട്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ പുറത്തുവിടണമെന്നാണ് ഹരജി.
ഇതിനായി ഉപയോഗിക്കുന്ന അല്‍ഗോരിതം, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ എന്നിവയും വെളിപ്പെടുത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
എന്നാല്‍ നോട്ടീസുകളില്‍ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരിശോധനയ്ക്കായി പറയുന്ന 12 രേഖകള്‍ മാത്രമല്ല, മറ്റ് രേഖകളും പരിഗണിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
നടപടികള്‍ക്കായി 14,000 ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും 1,200 ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്നും വോട്ടര്‍മാരുടെ സഹായത്തിനായി സഹായ ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് നടപടികള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള മാര്‍ഗങ്ങളും കോടതി നിര്‍ദേശിച്ചു. സാധാരണയായി ഉയരുന്ന പരാതികള്‍ക്ക് ആവശ്യമായ മറുപടികള്‍ വ്യക്തമാക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും കോടതി പറഞ്ഞു.
പരിശോധനാ നടപടികള്‍ക്കുള്ള സമയപരിധി ഒക്ടോബര്‍ 29 വരെയാണെന്നും ആവശ്യമായാല്‍ സമയപരിധി നീട്ടാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
Content Highlights: Delhi SIR: Supreme Court states notices issued to voters were machine-generated.




