ഇസ്താംബൂള്‍: 2023 ഒക്ടോബറില്‍ ഗസയിലെ യുദ്ധം തുടങ്ങിയതിന് ശേഷം 262 ഫലസ്തീനി മാധ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 433 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് ഗസ സര്‍ക്കാരിന്റെ മീഡിയ ഓഫീസ്.
ഫലസ്തീന് പത്രപ്രവര്‍ത്തകരോടുള്ള അന്താരാഷ്ട്ര ഐക്യദാര്‍ഢ്യദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് കണക്കുകള്‍ പുറത്തുവിട്ടത്.
‘ആധുനിക ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയാനകമായ ആക്രമണങ്ങള്‍ക്കും ആസൂത്രിതമായ നാശങ്ങളുടെ പരമ്പരയ്ക്കുമാണ്’ ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഗസ മുനമ്പിലുള്ളവര് വിധേയരായിരിക്കുന്നതെന്ന് മീഡിയ ഓഫീസ് പറഞ്ഞു.
കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ 26 സ്ത്രീകളും ഉള്‍പ്പെടുന്നു.
യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇസ്രഈല്‍ അധിനിവേശ സേന 50 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 23 പേര് ഇപ്പോഴും ഭയാനകമായ സാഹചര്യങ്ങളില്‍ തടവില്‍ തുടരുകയാണ് എന്നും മീഡിയ ഓഫീസ് പറയുന്നു.
ഫലസ്തീനിലെ മാധ്യമമേഖലയ്ക്ക് സംഭവിച്ചിരിക്കുന്നത് 800 മില്ല്യണ്‍ ഡോളറിന്റെ നാശനഷ്ടമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. 12 അച്ചടി പ്രസിദ്ധീകരണങ്ങളുടെയും 23 ഡിജിറ്റല്‍ മാധ്യമസ്ഥാപനങ്ങളുടെയും ഓഫീസുകള്‍ ഇസ്രഈല്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തു. 12 റേഡിയോ സ്റ്റേഷനുകളുടെയും 16 ടെലിവിഷന്‍, സാറ്റലൈറ്റ് ചാനലുകളെയും 27 പ്രിന്റിങ് പ്രസ്സുകളെയും ഈ നാശം ബാധിച്ചു.
പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന അഞ്ച് സംഘടനകളുടെ ഓഫീസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ഫലസ്തീനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമപരവും പ്രവര്‍ത്തനപരവുമായ സംരക്ഷണം നല്‍കുന്നതിന് ഉടനടി അടിയന്തരമായി ഇടപെടണമെന്ന് അന്താരാഷ്ട്ര സമുഹത്തോടും ഐക്യരാഷ്ട്രസംഘടനയോടും ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ജേണലിസ്റ്റുകളോടും ഫെഡറേഷന് ഓഫ് ജേണലിസ്റ്റുകളോടും മീഡിയ ഓഫീസ് അഭ്യര്‍ത്ഥിച്ചു.
മാധ്യമ ഓഫീസുകളുടെയും വാര്‍ത്താവിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും നാശം ഫലസ്തീനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ഫലസ്തീനി മാധ്യമപ്രവര്‍ത്തകരുടെ ജോലിയെ സാരമായി ബാധിക്കുന്നുണ്ട്.
എങ്കിലും വൈദ്യുതിമുടക്കം, ടെലികമ്മ്യൂണിക്കേഷന്‍ തടസങ്ങള്‍, ഇന്ധനക്ഷാമം, കെട്ടിടങ്ങളുടെ നാശം തുടങ്ങിയ തടസങ്ങള്‍ക്കിടയില്‍ നിന്നും മാധ്യമപ്രവര്‍ത്തകര്‍ ജോലി തുടരുന്നുണ്ട്. വിദേശത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ ഗസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രഈല്‍ തടയുന്നുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ തുടരുന്ന ഗസയിലെ യുദ്ധത്തില്‍ ഏകദേശം 74,000 ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും 90% സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വ്യാപകനാശം വരുത്തുകയും ചെയ്തിട്ടുണ്ട്. 2025 ഒക്ടോബര്‍ മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടായിട്ടും ഇസ്രഈല്‍ ഗസയില്‍ ആക്രമണങ്ങള്‍ തുടരുകയാണ്.
Content Highlight: 262 Palestinian journalists killed by Israel since Gaza war: Media office




