28
September, 2026

A News 365Times Venture

28
Monday
September, 2026

A News 365Times Venture

സര്‍ക്കാര്‍ കമ്പനികള്‍ക്കൊപ്പമാണ് ഞങ്ങളുടെ കൂടെയല്ല; ഗുജറാത്തില്‍ 9,000 കര്‍ഷകരുടെ പ്രതിഷേധം

Date:

ഗാന്ധിനഗര്‍: കൃഷിയിടങ്ങളിലൂടെ ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി ട്രാന്‍സ്മിഷന്‍ ലൈനുകളും ടവറുകളും സ്ഥാപിക്കുന്നതിനെതിരെ ഗുജറാത്തിലെ മോര്‍ബിയില്‍ കര്‍ഷക പ്രതിഷേധം ശക്തമാകുന്നു. അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ പദ്ധതിക്ക് പിന്നാലെ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ മറ്റ് പദ്ധതികള്‍ക്കെതിരെയും വ്യാപിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച 9,000ത്തിലധികം കര്‍ഷകര്‍ മോര്‍ബി കളക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 765 കെ.വി ഹല്‍വാദ് ട്രാന്‍സ്മിഷന്‍ ലൈനാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം.

സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് 21 കര്‍ഷകര്‍ക്കെതിരെ കേസെടുത്തതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനിയായ ഹല്‍വാദ് ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. ഖാവ്ഡയിലെ പുനരുപയോഗ ഊര്‍ജ പാര്‍ക്കില്‍ നിന്നുള്ള വൈദ്യുതി കൈമാറുന്നതിനായാണ് പദ്ധതി.

ഇതിന് പുറമെ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ 800 കെ.വി ട്രാന്‍സ്മിഷന്‍ ലൈനും കര്‍ഷകരുടെ ഭൂമിയിലൂടെ കടന്നുപോകുന്നുണ്ട്.

കര്‍ഷകരുടെ പ്രധാന എതിര്‍പ്പ് നഷ്ടപരിഹാരത്തുകയിലാണ്. നിലവിലെ രീതിയില്‍ ടവര്‍ സ്ഥാപിക്കുന്ന സ്ഥലത്തിന് ഭൂമിയുടെ വിപണി മൂല്യത്തിന്റെ 200 ശതമാനവും വൈദ്യുതി ലൈനിന്റെ റൈറ്റ് ഓഫ് വേ ഭാഗത്തിന് ഗ്രാമപ്രദേശങ്ങളില്‍ 30 ശതമാനവുമാണ് നഷ്ടപരിഹാരം.

എന്നാല്‍ ഇതിലൂടെ ഭൂമിയുടെ യഥാര്‍ഥ നഷ്ടം പരിഹരിക്കപ്പെടുന്നില്ലെന്നാണ് കര്‍ഷകരുടെ വാദം.

സെപ്റ്റംബര്‍ 23ന് ട്രാന്‍സ്മിഷന്‍ ലൈനുകളും ടവറുകളും കടന്നുപോകുന്ന ഭൂമിയുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.

നഷ്ടപരിഹാരം നിശ്ചയിക്കുന്ന മാര്‍ക്കറ്റ് റേറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി ഭൂമിയുടെ മൂല്യനിര്‍ണയത്തിനുള്ള ഉദ്യേഗസ്ഥനെ നിര്‍ദേശിക്കണമെന്നായിരുന്നു നോട്ടീസ്. ഇതിന് രണ്ട് ദിവസം മാത്രം നല്‍കിയതും കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായി.

അതേസമയം, കര്‍ഷകരുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് മോര്‍ബി ജില്ലാ കളക്ടര്‍ സ്വപ്നില്‍ ഖാരെ പറഞ്ഞു. നഷ്ടപരിഹാര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ട്രാന്‍സ്മിഷന്‍ ലൈനുകളുടെ പാത മാറ്റണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ജനവാസം കുറഞ്ഞ ലിറ്റില്‍ റാന്‍ ഓഫ് കച്ചിലൂടെ ലൈനുകള്‍ കൊണ്ടുപോകുകയോ സാധ്യമായ സ്ഥലങ്ങളില്‍ ഭൂമിക്കടിയിലൂടെ കേബിളുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

എന്നാല്‍ നിലവിലെ ട്രാന്‍സ്മിഷന്‍ ലൈനുകളുടെ പാത മാറ്റില്ലെന്ന് സംസ്ഥാന മന്ത്രി കാന്തിലാല്‍ അമൃത്യ പറഞ്ഞിരുന്നു.

Content Highlights: They are siding with government companies, not us; 9,000 farmers protest in Gujarat.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ചോദ്യത്തിന് മറുപടിയില്ല; പകരം കഴുത്തറുക്കല്‍ ആംഗ്യം: അഫ്ഗാന്‍ വനിതാ മാധ്യമപ്രവര്‍ത്തകയോട് പാക് പ്രതിരോധമന്ത്രി

ന്യൂയോര്‍ക്ക്: അഫ്ഗാന്‍ വനിതകളോടുള്ള താലിബാന്‍ നയത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് കഴുത്തറുക്കുന്നതിന്...