ന്യൂദല്‍ഹി: സ്ത്രീ സുരക്ഷ ആവശ്യപ്പെട്ട് ദല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ശക്തമാകുന്നു. ക്യാമ്പസുകളിലും പൊതുയിടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കും യാത്രാ ഭീതികള്‍ക്കുമെതിരെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് മഴയെ പോലും അവഗണിച്ച് യൂണിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്‌സിന് മുന്നില്‍ തടിച്ചുകൂടിയത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെയും ഏറ്റവും വലുതുമായ പ്രതിഷേധ മാര്‍ച്ചാണിത്.
ദക്ഷിണ ദില്ലിയിലെ ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ പതിനേഴുകാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിന് പിന്നാലെയാണ് ദില്ലിയിലെ വിവിധ കോളേജുകളില്‍ പ്രതിഷേധം ആരംഭിച്ചത്. ‘ജെന്‍ സികള്‍ ഇവിടെ എത്തിയിരിക്കുന്നത് ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഉണ്ടാക്കാന്‍ മാത്രമല്ല, മാറ്റം അനിവാര്യമായതുകൊണ്ടാണ്’ എന്ന് വ്യക്തമാക്കിയാണ് വിദ്യാര്‍ത്ഥിനികള്‍ തെരുവിലിറങ്ങിയത്.
രാത്രികാലങ്ങളിലെ സഞ്ചാര സ്വാതന്ത്ര്യം, കൃത്യമായ തെരുവ് വിളക്കുകളുടെ അഭാവം, വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടുന്ന ഇരട്ടത്താപ്പുകള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. വിവേചനം തുടങ്ങുന്നത് വീട്ടില്‍ നിന്നാണെന്നും സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങുന്നതിന് പോലും തടസങ്ങളുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ക്യാമ്പസ് പരിസരങ്ങളിലും റോഡുകളിലും സുരക്ഷ വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ആണ്‍കുട്ടികളില്‍ ചെറുപ്പത്തിലേ ബോധവത്ക്കരണം ഉറപ്പാക്കുക എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍.
പഞ്ചാബിലും ബീഹാറിലും പെണ്‍കുട്ടികള്‍ക്കെതിരായ നടന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്.
Content Highlight: Gen Z came here to bring about change, not to make Reels: Protest at Delhi University over women’s safety.




