7
November, 2026

A News 365Times Venture

7
Saturday
November, 2026

A News 365Times Venture

അമിത് ഷാ മോദിയെ കണ്‍ഫ്യൂഷനാക്കരുത്; എന്നോട് എസ്.ഐ.ആറില്‍ സംവാദത്തിന് വരാന്‍ പറയൂ: രാഹുല്‍ ഗാന്ധി

Date:

ന്യൂദല്‍ഹി: എസ്.ഐ.ആറിനെക്കുറിച്ച് താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രേരിപ്പിക്കൂ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷായോട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദിയെ ആശയക്കുഴപ്പത്തിലാക്കുകയല്ല അമിത് ഷാ ചെയ്യേണ്ടതെന്നും പകരം ഈ സംവാദത്തിനായി പ്രേരിപ്പിക്കണമെന്നും രാഹുല്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

‘അമിത് ഷാ ജി, മോദി ജിയെ ആശയക്കുഴപ്പത്തിലാക്കരുത്. പകരം, എന്നോടൊപ്പം ഒരു തുറന്ന സംവാദത്തിന് തയ്യാറാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കൂ. ഏത് വേദിയിലും, എപ്പോള്‍ വേണമെങ്കിലും ആകാം. ഭയപ്പെടേണ്ട,’ രാഹുല്‍ കുറിച്ചു.

എസ്.ഐ.ആറില്‍ ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചുള്ള അമിത് ഷായുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകളെക്കുറിച്ചുള്ള ഒരു വീഡിയോയും രാഹുല്‍ എക്‌സില്‍ പങ്കുവെച്ചു. എസ്.ഐ.ആറിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ഡിസംബറില്‍ അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അമിത് വ്യാഴാഴ്ച പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനകള്‍ തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോ ആണ് രാഹുല്‍ പങ്കുവെച്ചത്.

വ്യാഴാഴ്ച കര്‍ണാലില്‍ നടന്ന ബി.ജെ.പിയുടെ ‘ജനാധിപത്യം സംരക്ഷിക്കുക, അരാജകത്വം നീക്കുക’ എന്ന പദയാത്രയ്ക്കിടെയാണ് ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് അമിത് പറഞ്ഞത്. രാഹുല്‍ ഗാന്ധി അരാജകത്വവാദിയെ പോലെയാണ് ഇടപെടുന്നതെന്ന ആരോപണവും ആഭ്യന്തര മന്ത്രി ഉന്നയിച്ചിരുന്നു.

താനുമായി തുറന്ന സംവാദത്തിന് തയ്യാറാകാന്‍ രാഹുല്‍ ഗാന്ധി മോദിയെ ഒന്നിലധികം തവണ വെല്ലുവിളിച്ചിരുന്നു. പ്രധാനമന്ത്രി ഒരു രാജ്യദ്രോഹിയാണെന്ന് അഞ്ച് മിനിറ്റിനുള്ളില്‍ തെളിയിക്കാന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

‘മോദി ജി, അദാനി ജിയുടെ ഉടമസ്ഥതയിലുള്ള എന്‍.ഡി.ടി.വിയില്‍ വെച്ച് നമുക്ക് സംവാദം നടത്താം. വേദിയും വിധികര്‍ത്താവും നിങ്ങളുടേതാണ്. അത് അദാനി ജിയോ അതല്ലെങ്കില്‍ മോഹന്‍ ഭാഗവത് ജിയോ ആകട്ടെ. എനിക്ക് വിരോധമില്ല.

നരേന്ദ്ര മോദി ഒരു ദേശദ്രോഹിയാണെന്ന് വെറും അഞ്ച് മിനിറ്റിനുള്ളില്‍ ഞാന്‍ തെളിയിച്ചുതരാം, ഇതൊരു ഉറപ്പാണ്!’ എന്നാണ് ബുധനാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ പറഞ്ഞത്.

ഈ തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും ഒരു തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ ആദ്യമായി വെല്ലുവിളിച്ചത്. ചൊവ്വാഴ്ച അദ്ദേഹം ഈ ആവശ്യം ആവര്‍ത്തിക്കുകയും ചെയ്തു. ഏത് വേദിയില്‍ വെച്ചും ചര്‍ച്ച ചെയ്യാമെന്ന് രാഹുല്‍ അന്നും പറഞ്ഞിരുന്നു.

‘മോദി ജി, 24 മണിക്കൂര്‍ പിന്നിട്ടു. ഞാന്‍ താങ്കളെ വെല്ലുവിളിച്ചിരിക്കുകയാണ്. പ്രതിപക്ഷം ദേശവിരുദ്ധരാണെന്ന് താങ്കള്‍ പറയുന്നു. ഏതെങ്കിലും ഒരു വേദി തിരഞ്ഞെടുക്കൂ, എന്നിട്ട് എന്നോട് സംവാദത്തിന് വരൂ. ആരാണ് ദേശവിരുദ്ധന്‍? വിദേശ ശക്തികളുമായി ബന്ധമുള്ളത് ആര്‍ക്കാണ്? എന്തൊക്കെ ബന്ധങ്ങളാണ് അവരുമായുള്ളത്?’ എന്നാണ് രാഹുല്‍ ചൊവ്വാഴ്ച ചോദിച്ചത്.

Content Highlight: Rahul Gandhi tells Amit Shah not to confuse PM Modi, but to convince him to hold open debate on SIR

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related