22
November, 2026

A News 365Times Venture

22
Sunday
November, 2026

A News 365Times Venture

ഇസ്രഈലില്‍ നിര്‍ണായക രാഷ്ട്രീയ നീക്കം; സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന്റെ പാര്‍ട്ടിയെ ക്ഷണിച്ച് ഐസന്‍കോട്ട്

Date:

 

ജറുസലേം: ഒക്ടോബര്‍ 27-ന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇസ്രഈലില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി, കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ‘ലിക്കുഡ്’ പാര്‍ട്ടിയെ സഖ്യചര്‍ച്ചകള്‍ക്ക് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട്. ശനിയാഴ്ച ആണ് ഐസന്‍കോട്ട് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതല്‍ തീവ്രമായ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് നീക്കം.

സാധ്യമായ ഏറ്റവും വലിയ ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമത്തിന്റെ ഭാഗമായാണ് ലിക്കുഡ് പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്ന് യാഷര്‍ പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയപരിധി അടുത്ത മാസം ആദ്യവാരം അവസാനിക്കാനിരിക്കെയാണ് ഐസന്‍കോട്ടിന്റെ ഈ നിര്‍ണായക നീക്കം.

ഐസന്‍കോട്ടിന്റെ ക്ഷണത്തിന് പിന്നാലെ, ദേശീയ ഐക്യസര്‍ക്കാരില്‍ പങ്കാളികളാകുന്നതിനുള്ള തങ്ങളുടെ വ്യവസ്ഥകള്‍ ലിക്കുഡ് പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നെതന്യാഹുവിനും നിലവിലെ സര്‍ക്കാരിനുമെതിരായ എല്ലാ വ്യക്തിപരമായ ആക്രമണങ്ങളും പ്രകോപനങ്ങളും രാഷ്ട്രീയ ബഹിഷ്‌കരണങ്ങളും പൂര്‍ണമായും അവസാനിപ്പിക്കണം, ഇസ്രഈലിനെ ‘ജൂത ജനതയുടെ ദേശീയ രാഷ്ട്രമായി’ അംഗീകരിക്കുന്ന എല്ലാ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സംയുക്ത പ്രഖ്യാപനം നടത്തണം, ഫലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ എതിര്‍ക്കണമെന്നും നിലവിലെ നയങ്ങള്‍ തുടരണമെന്നും ലിക്കുഡ് പാര്‍ട്ടി ആവശ്യപ്പെട്ടു.

രാജ്യത്തെ സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ ദേശീയ ഐക്യസര്‍ക്കാര്‍ അനിവാര്യമാണെന്ന് നെതന്യാഹു ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പ്രധാനമന്ത്രി പദം പങ്കിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് ഐസന്‍കോട്ടിന്റെ നിലപാട്.

നെതന്യാഹുവുമായി ചേര്‍ന്ന് റൊട്ടേഷന്‍ കരാറിന് തയ്യാറല്ലെന്നും, കാലാവധി മുഴുവന്‍ ഐസന്‍കോട്ട് തന്നെ പ്രധാനമന്ത്രിയായി തുടരണമെന്നുമാണ് യാഷര്‍ പാര്‍ട്ടിയുടെ വ്യവസ്ഥ.
അതേസമയം, പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നഫ്താലി ബെന്നറ്റ് , നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയാകുന്നത് തടയുമെന്ന തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

ബെന്നറ്റിന്റെ പാര്‍ട്ടിയുടെ പ്രതിനിധികള്‍ സഖ്യചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും, സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കിടയില്‍ തീവ്രയാഥാസ്ഥിതിക പാര്‍ട്ടികളുടെ പങ്കാളിത്തം, സൈനിക സേവന നിയമം എന്നിവയെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഒക്ടോബര്‍ 27-ന് നടന്ന തെരഞ്ഞെടുപ്പില്‍ 120 അംഗ പാര്‍ലമെന്റില്‍ (നെസെറ്റ്) ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമായ 61 സീറ്റുകള്‍ നേടാനായിരുന്നില്ല. മുന്‍ തെരഞ്ഞെടുപ്പില്‍ 68 സീറ്റുകളുണ്ടായിരുന്ന നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യം ഇത്തവണ 53 സീറ്റുകളിലേക്ക് ചുരുങ്ങി. തുടര്‍ന്ന് 67 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ, നവംബര്‍ എട്ടിന് പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിനെ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു.

പാര്‍ലമെന്റ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ജോയിന്റ് ലിസ്റ്റ് (11 സീറ്റ്), റാം (8 സീറ്റ്) എന്നീ രണ്ട് അറബ് ഭൂരിപക്ഷ പാര്‍ട്ടികള്‍ ഐസന്‍കോട്ട് സഖ്യത്തെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇവര്‍ക്കൊപ്പം ചേര്‍ന്ന് ഔദ്യോഗിക സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് ഐസന്‍കോട്ടിന്റെ സഖ്യത്തിലെ വലതുപക്ഷ-മധ്യവര്‍ത്തി നേതാക്കള്‍ കര്‍ശന നിലപാടെടുത്തതോടെയാണ് ഭൂരിപക്ഷം തികയ്ക്കാന്‍ ലിക്കുഡ് പാര്‍ട്ടിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്.

നവംബര്‍ എട്ട് മുതല്‍ 28 ദിവസമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഐസന്‍കോട്ടിന് ലഭിച്ചിട്ടുള്ള സമയം. ആവശ്യമെങ്കില്‍ പ്രസിഡന്റിന് 14 ദിവസം കൂടി നീട്ടിനല്‍കാന്‍ സാധിക്കും. ഈ സമയപരിധിക്കുള്ളില്‍ സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇസ്രഈല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

 

Content Highlight: Significant political move in Israel; Eisenkot invites Netanyahu’s party to form a government.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related