അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന ഡിജെൻ ജെൽ മരുന്ന് കമ്പനി തിരിച്ചുവിളിച്ചു; നടപടി സർക്കാർ മുന്നറിയിപ്പിനെ തുടർന്ന്


അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ ആളുകൾ സാധാരണയായി ഉപയോഗിക്കുന്ന അന്‍റാസിഡ് മരുന്നാണ് ഡീജെന്‍ ജെല്‍. എന്നാൽ ഇപ്പോൾ ഡിജെൻ ജെല്ലിനെതിരെ ഡിസിജിഐ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മരുന്നിന് രൂക്ഷ ഗന്ധവും രുചി വ്യത്യാസവും ഉണ്ടെന്ന് ആരോപിച്ച് ഡ്രഗ് റെഗുലേറ്ററി ബോഡിയായ ഡിസിജിഐക്ക് പരാതി ലഭിച്ചതോടെ ആണ് മുന്നറിയിപ്പ് നൽകിയത്. ഇതോടെ ഡിജെൻ ജെല്ലിന്റെ നിരവധി ബാച്ചുകൾ അതിന്റെ മാതൃ കമ്പനിയായ അബോട്ട് ഇന്ത്യ തിരിച്ചു വിളിച്ചു.

ഡിജെൻ ജെല്ലിന് സാധാരണയായി ഒരു പിങ്ക് നിറവും മധുരമുള്ള രുചിയുമാണുള്ളത്. എന്നാൽ ഈ ബാച്ചിലെ ഒരു കുപ്പിയ്ക്ക് വെള്ള നിറവും കയ്പ് രുചിയും രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു എന്നാണ് പരാതി ലഭിച്ചത്. അതിനാൽ രോഗികൾ ഗോവയിലെ ഫാക്ടറിയിൽ നിർമ്മിച്ച ഡിജെന്‍ ജെല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഡിസിജിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഇവിടെ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങൾ സുരക്ഷിതമല്ലെന്നും രോഗികളെ പ്രതികൂലമായി ബാധിക്കാം എന്നും ഡിസിജിഐ കൂട്ടിച്ചേർത്തു.

അതേസമയം ഇത് ഉപയോഗിച്ച് രോഗികൾക്ക് ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അബോട്ട് ഇന്ത്യ സ്ഥിരീകരിച്ചു. കൂടാതെ ഗോവ സൈറ്റിൽ നിർമ്മിച്ച ഡിജെന്‍ ജെല്‍ പരാതിയെ തുടർന്ന് അബോട്ട് ഇന്ത്യ തിരിച്ചുവിളിച്ചെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ ഡിജെന്‍ ജെല്ലിന്റെ ടാബ്ലെറ്റുകൾക്കോ സ്റ്റിക്ക് പായ്ക്കുകൾക്കോ ഇത് ബാധകമായിരിക്കില്ല. മറ്റു പ്രൊഡക്ഷൻ സൈറ്റിൽ നിർമ്മിച്ച ഡിജെന്‍ ജെല്ലുകൾക്കും ഈ നടപടി ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കി. ഓറഞ്ച്, പുതിന, മിക്സഡ് ഫ്രൂട്ട് തുടങ്ങിയ ഫ്ലേവറുകളിൽ ലഭ്യമായ ഗോവയിൽ നിർമ്മിച്ചതും ഇപ്പോഴും കടകളിൽ വിൽക്കുന്നതുമായ ഡിജെന്‍ ജെല്ലുകളുടെ എല്ലാ ബാച്ചുകളും ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

കൂടാതെ ഡോക്ടർമാരും ഹെൽത്ത് കെയർ പ്രൊഫഷണലുകളും രോഗികൾക്ക് നിർദ്ദേശം നൽകുകയും ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുകയും ചെയ്യണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതോടൊപ്പം ഇതുമൂലം ഉണ്ടാകുന്ന ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടർമാർ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അസിഡിറ്റി മൂലം ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ, വയറുവേദന, ഗ്യാസ് തുടങ്ങിയ ലക്ഷണങ്ങൾക്കാണ് രോഗികൾ സാധാരണയായി ഡിജെന്‍ ജെല്ല് ഉപയോഗിച്ചു വരുന്നത്.