തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ പഴയന്നൂർ ഭഗവതിക്ഷേത്രം. കൊച്ചിരാജവംശത്തിന്റെ പരദേവതയും ഉപാസനമൂർത്തിയുമാണ് പഴയന്നൂർ ഭഗവതി. പ്രധാന പ്രതിഷ്ഠകൾ വിഷ്ണുവും ഭഗവതിയുമാണ്. ആദ്യം ഇവിടെ വിഷ്ണുക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പള്ളിപുറം ക്ഷേത്രം എന്നായിരുന്നു പേർ. പള്ളിപുറത്തപ്പൻ എന്നാണ് ഭഗവാൻ അറിയപ്പെടുന്നത്. പെരുമ്പടപ്പുസ്വരൂപത്തിലെ ഒരു രാജാവ് കാശിയിലെ പുരാണപുരിയിൽ നിന്നും ഭഗവതിയെ ഭജിച്ച് ഈ വിഷ്ണുക്ഷേത്രത്തിൻറെ തിടപ്പള്ളിയിൽ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ ഉപദേവതയ്ക്കാണ് പിന്നീട് വിഷ്ണുവിനൊപ്പം പ്രാധാന്യം ലഭിച്ചത്.
പുരാണപുരി മലയാളീകരിച്ച് പഴയന്നൂർ ആയതാണ് എന്നാണ് വിശ്വാസം. ദേവി ഒരു പൂവൻകോഴിയുടെ രൂപത്തിലാണത്രെ അവിടെ നിന്നും രാജാവിനോടൊപ്പം വന്നത്. അന്നിവിടെ പള്ളിപ്പുറത്ത് മഹാവിഷ്ണുക്ഷേത്രം മാത്രമാണുണ്ടായിരുന്നത്. ഒരു ബാലികയുടെ രൂപത്തിൽ തിടപ്പള്ളിയിൽ കയറി ഭഗവതി ഭക്ഷണം ചോദിച്ചു എന്നും പെട്ടെന്ന് ദേവി അപ്രത്യക്ഷയായി എന്നുമാണ് ഐതീഹ്യം. അതിനാൽ തിടപ്പള്ളിയോട് ചേർന്ന് പുറത്താണ് ദേവിയുടെ ശ്രീകോവില്. രാവിലെ 4.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 8 മണി വരെയും ക്ഷേത്രം തുറന്നിരിക്കും. മീനമാസത്തിലെ തിരുവോണം നാളിലാണ് ഉത്സവം ആറാട്ട്.
അതിന് എട്ടു ദിവസം മുൻപ് കൊടിയേറ്റ്. ആ ദിവസങ്ങളിൽ കഞ്ഞിയും പുഴുക്കും ഭക്തർക്ക് നൽകുന്നു. എല്ലാ മാസവും തിരുവോണം നക്ഷത്രത്തിന് അന്നദാനം ഉണ്ട്.അന്നദാനം വഴിപാട് കഴിക്കുന്നത് വിശേഷമാണ്. ഇവിടത്തെ പ്രസാദ ഭക്ഷണം കഴിക്കുന്ന ഭക്തന്റെ സകല മനക്ലേശവും ഭഗവതി ഒഴിവാക്കി കൊടുക്കുന്നു. ഭഗവതി ഇവിടെ ഭക്ഷണം കഴിക്കാനിരിക്കുന്ന രൂപത്തിൽ അഭയവരദഹസ്തവുമായിട്ടുള്ള രൂപത്തിലാണ് പ്രതിഷ്ഠ. ചതുർബാഹു രൂപത്തിൽ മഹാവിഷ്ണുവിനെ നരസിംഹ സങ്കൽപത്തിലാണ് പൂജിക്കുന്നത്. പ്രഹ്ലാദന് അനുഗ്രഹം കൊടുക്കുന്ന ശാന്തസ്വരൂപനാണ് ഭഗവാൻ.
കുട്ടികൾ ഇല്ലാത്തവർ കുട്ടിയുണ്ടായാൽ തൊട്ടിലിൽ കുട്ടിയെ ഇവിടെ കൊണ്ടുവന്ന് കിടത്താം എന്ന് നേർന്നാൽ കുട്ടികൾ ഉണ്ടാകും എന്നാണ് വിശ്വാസം.കോഴികളെ പറപ്പിക്കലും കോഴിക്ക് അരി നൽകലും ഇവിടത്തെ പ്രധാന വഴിപാടാണ്. ധാരാളം പൂവൻകോഴികളെ ക്ഷേത്രപരിസരത്തും മതിലിനകത്തും കാണാം. ഇവിടെ കോഴിക്ക് അശുദ്ധിയില്ല. കൂകി തുടങ്ങും മുൻപ് കോഴിയെ സമർപ്പിക്കണം.ഒരു കോഴിയേയും വിൽക്കില്ല. എല്ലാത്തിനെയും വളർത്തുന്നു.