പഞ്ചാബിലെ അബോഹര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറും 46 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള സുനില്‍ ജാഖറിന്റെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയാണ് മേയറും കൗണ്‍സിലര്‍മാരും ബിജെപിയിലേയ്ക്ക് ചേര്‍ന്നത്.
അടുത്തിടെ നിയമിതനായ ജാഖര്‍ പഞ്ചാബില്‍ പര്യടനം നടത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കാണുന്നുണ്ട്. മേയര്‍ വിമല്‍ തത്തായി, സീനിയര്‍ ഡെപ്യൂട്ടി മേയര്‍ ഗണ്‍പത് റാം, ഡെപ്യൂട്ടി മേയര്‍ രാജ്കുമാര്‍ നിരണിയന്‍ എന്നിവരുടെ നേതൃത്വത്തിലുളള 49 കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരില്‍ 46 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്.
അബോഹര്‍ എംസിയില്‍ ആകെ 50 സീറ്റുകളാണുള്ളത്, ഇതില്‍ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം കോണ്‍ഗ്രസാണ് വിജയിച്ചത്. അതേസമയം, സുനില്‍ ജാഖറിന്റെ അനന്തരവന്‍ കൂടിയായ സിറ്റിങ് കോണ്‍ഗ്രസ് എംഎല്‍എ സന്ദീപ് ജാഖര്‍ സുനില്‍ ജാഖറിന്റെ സന്ദര്‍ശന പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.
കൗണ്‍സിലര്‍മാര്‍ക്ക് പുറമെ ജില്ലാ കൗണ്‍സില്‍, പ്ലാനിംഗ് ബോര്‍ഡ്, പഞ്ചായത്ത് കമ്മിറ്റി, മാര്‍ക്കറ്റ് കമ്മിറ്റി, മറ്റ് സംഘടനാ മുന്‍ മേധാവികളും അംഗങ്ങളും ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Also read: ‘ഭയന്ന് എന്‍ഡിഎയില്‍ തുടരുന്നവർ തെരഞ്ഞെടുപ്പോടെ പുറത്ത്ചാടും’: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
അബോഹര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. മുമ്പ് 10 തവണ കോണ്‍ഗ്രസ് ഇവിടെ വിജയിച്ചിട്ടുണ്ട്, ജാഖര്‍ കുടുംബം എട്ട് തവണയാണ് ഇവിടെ നിന്ന് അധികാരത്തിലെത്തിയത്. അഞ്ച് തവണ ജനസംഘത്തിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ വിജയം അറിഞ്ഞിട്ടുണ്ട്.
‘പഞ്ചാബിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്, നേരത്തെ ഉണ്ടായിരുന്നതും ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് എത്തിയ പുതിയ പ്രവര്‍ത്തകരും നേതാക്കളും ഈ ഉത്തരവാദിത്തം കൂട്ടായി നിറവേറ്റും’ സുനില്‍ ജാഖര്‍ പറഞ്ഞു. പഞ്ചാബിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുമെന്നും അദ്ദേഹം പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വങ്ങളില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ബിജെപി. പഞ്ചാബിനൊപ്പം തെലങ്കാനയില്‍ ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി ജി കിഷന്‍ റെഡ്ഡിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചു. ജാര്‍ഖണ്ഡിന്റെ ബിജെപി അധ്യക്ഷനായി ബാബുലാല്‍ മരണ്ടിയെയാണ് തെരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശില്‍ ഇനി പാര്‍ട്ടിയെ നയിക്കുക പി പുരന്ദരേശ്വരിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ മാറ്റമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബ്, തെലങ്കാന, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 69 ലോക്സഭാ സീറ്റുകളാണുള്ളത്. കൂടാതെ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി നടത്തിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംവിധാനമാണ് പാര്‍ട്ടി ഈയടുത്തായി സ്വീകരിക്കുന്നത്.