വിപണി പിടിച്ചെടുത്ത് ഹോട്ടലുകൾ! അയോധ്യയിൽ റൂം വാടക ഉയർന്നത് അഞ്ചിരട്ടിയിലധികം


അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കത്തിക്കയറി ഹോട്ടൽ റൂം വാടക. നിലവിൽ, അയോധ്യയിലെ ഹോട്ടൽ റൂം ബുക്കിംഗിൽ 80 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിമാൻഡ് വർദ്ധിച്ചതോടെ ഹോട്ടൽ മുറിയുടെ ഒരു ദിവസത്തെ വാടക എക്കാലത്തെയും ഉയരത്തിൽ എത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഏകദേശം അഞ്ചിരട്ടയിലധികമാണ് വാടക ഉയർന്നത്. ചില ആഡംബര മുറികളിൽ ഒരു ദിവസം തങ്ങണമെങ്കിൽ ഒരു ലക്ഷം രൂപ വരെ ചെലവാകും.

നിരക്കുകളിൽ വൻ വർദ്ധനവ് ഉണ്ടായിട്ടും ഹോട്ടലുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഏകദേശം 3 ലക്ഷം മുതൽ 5 ലക്ഷം വരെ ആളുകൾ അയോധ്യയിൽ എത്തിയേക്കുമെന്നാണ് വിലയിരുത്തൽ. ഇതിനോടകം തന്നെ നഗരത്തിലെ ഒട്ടുമിക്ക ഹോട്ടലുകളും ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ജനുവരി 22-ന് സിഗ്നെറ്റ് കളക്ഷൻ ഹോട്ടലിലെ ഒരു മുറിയുടെ വാടക 70,240 രൂപയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഈ മുറിയുടെ നിരക്ക് 16,800 രൂപ മാത്രമായിരുന്നു. അതായത്, വെറും ഒരു വർഷം കൊണ്ട് വാടക നാലിരട്ടിയിലധികം ഉയർന്നു.