2000 കോടിയുടെ കറൻസിനോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവച്ചു


കോട്ടയം: 2000 കോടി രൂപയുടെ കറൻസിനോട്ടുകളുമായി പോയ കേരള പൊലീസ് സംഘത്തെ ആന്ധ്ര പൊലീസ് നാലുമണിക്കൂറിലേറെ തടഞ്ഞുവച്ചു. അനന്തപുർ ജില്ലയിൽ ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കാലാവധി കഴിഞ്ഞ നോട്ടുകൾ ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിക്കാനായി പോയ കേരള പൊലീസ് സംഘത്തെയാണ് ആന്ധ്ര പൊലീസും റവന്യൂ ഉദ്യോ​ഗസ്ഥരുമടങ്ങുന്ന സംഘം തടഞ്ഞുവച്ചത്. തിരഞ്ഞെടുപ്പു പരിശോധനയുടെ ഭാഗമായാണ് തടഞ്ഞത്.

എന്നാൽ, കേരള പൊലീസ് സംഘത്തെ ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. പഴകിയ 500 രൂപ നോട്ടുകൾ 4 ട്രക്കുകളിലാണു കോട്ടയം നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ 30നു ഹൈദരാബാദിലേക്കു കൊണ്ടുപോയത്. ആകെ 2000 കോടി രൂപയാണ് ഉണ്ടായിരുന്നത്.

തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ (റിസർവ് ബാങ്കിൽനിന്നു ലഭിക്കുന്ന നോട്ടുകൾ ശാഖകൾക്കു വിതരണം ചെയ്യുന്ന കേന്ദ്രം) നിന്നു ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കായിരുന്നു യാത്ര. രണ്ടു വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈഎസ്പിയോടൊപ്പം രണ്ടു എസ്ഐമാരും മൂന്നു സീനിയർ സിപിഒമാരും എട്ട് സിപിഒമാരുമാണു സംഘത്തിലുണ്ടായിരുന്നത്. പകൽ മാത്രമായിരുന്നു യാത്ര. രാത്രി പൊലീസ് ആസ്ഥാനങ്ങളിൽ വിശ്രമം.

ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ അനന്തപുർ ജില്ലയിൽ കേരള സംഘത്തെ ആന്ധ്ര പൊലീസ്, റവന്യു സംഘം തടഞ്ഞു. തിരഞ്ഞെടുപ്പു നിരീക്ഷണത്തിന്റെ ഭാഗമായ പരിശോധനയിലായിരുന്നു ആന്ധ്ര പൊലീസ് സംഘം. ഉയർന്ന ഉദ്യോഗസ്ഥരെ ഉൾ‌പ്പെടെ വിളിച്ചെങ്കിലും വൈകിട്ട് നാലോടെയാണു വിട്ടയച്ചത്. ഭക്ഷണം കഴിക്കാൻ പോലും അനുവദിച്ചില്ലെന്നു കേരള പൊലീസ് സംഘം പറയുന്നു.