അഴിമതിയുടെ കറപുരളാത്തവർക്ക് വേണം വോട്ട് നൽകാൻ, കെജ്രിവാളിന് വോട്ട് ചെയ്യരുതെന്ന പ്രസ്താവനയുമായി അണ്ണാ ഹസാരെ


ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച് അല്ലാത്തവർക്കാണ് വോട്ടുകൾ നൽകേണ്ടത്. പണത്തിനോടുള്ള ആസക്തി കെജ്രിവാളിനെ അഴിമതിക്കാരൻ ആക്കിയെന്നും ഹസാരെ പ്രതികരിച്ചു.

കറ പുരളാത്ത സ്ഥാനാർത്ഥികൾക്ക് വേണം ഏവരും വോട്ട് നൽകാൻ. അല്ലാതെ ഇഡിയുടെ അന്വേഷണം നേരിടുന്നവർക്ക് അല്ല. മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിന്റെ പേര് ഉയർന്നു വന്നത് അപലപനീയമാണ്. പണത്തിനോടുള്ള ആസക്തിയാണ് അഴിമതിയിലേക്ക് കെജ്രിവാളിനെ നയിച്ചത്. ഇത്തരം ആളുകളെ വീണ്ടും വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കരുതെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ഹസാരെ കെജ്രിവാളിനെതിരെ രംഗത്ത് വരുന്നത്. കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ അണ്ണാ ഹസാരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അഴിമതിയ്‌ക്കെതിരെ കർശന നിലപാട് സ്വീകരിച്ചിരുന്ന പാർട്ടിയാണ് ആംആദ്മി. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ നടപടികൾ പാർട്ടിയുടെ തത്വങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണെന്നായിരുന്നു അണ്ണാ ഹസാരെ പറഞ്ഞത്. മോശമായ മാർഗ്ഗങ്ങളിലൂടെ പണം സമ്പദിക്കുകയാണ് പാർട്ടി പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2011 ലാണ് അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിൽ കെജ്രിവാൾ ചേർന്നത്. ഇതിന്റെ പിറ്റേ വർഷം ആയിരുന്നു ആംആദ്മിയുടെ രൂപീകരണം. പതിയെ ആംആദ്മിയിൽ സ്ഥാധീനം നേടിയെടുത്ത കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം സ്വയം ഏറ്റെടുക്കുകയായിരുന്നു. കഴിവുള്ള പല നേതാക്കളെയും അദ്ദേഹം ഒതുക്കുകയും ചെയ്തു എന്നും ആരോപണമുണ്ട്. അന്ന് മുതൽ ഇന്നുവരെ നിരവധി അഴിമതി ആരോപണങ്ങൾ ആണ് കെജ്രിവാളിനെതിരെ ഉയർന്നിട്ടുള്ളത്.