പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും: 8 വയസുമുതൽ പീഡനം
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ മുതിർന്ന പൊലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 21 പേർ അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലാണ് രാജ്യത്തെ നടുക്കിയ പെൺവാണിഭം നടന്നത്.
അരുണാചൽ പൊലീസിലെ ഡെപ്യൂട്ടി എസ്പിയായ ബുലന്ദ് മാരിക്, ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സെൻലാർ റോൻയ, അരുണാചൽ പൊലീസിലെ കോൺസ്റ്റബിൾ ടോയ് ബഗ്ര, പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എൻജിനീയറായ തകം ലാംഗ്ഡിപ്, റൂറൽ വർക്ക്‌സ് വകുപ്പിലെ ജൂനിയർ എൻജിനീയറായ മിച്ചി ടാബിൻ എന്നിവർ ഉൾപ്പെടെയാണ് കേസിൽ അറസ്റ്റിലായത്.
10, 12 വയസുള്ള ഓരോ പെൺകുട്ടികളും 15 വയസുള്ള മൂന്ന് പെൺകുട്ടികളെയുമാണ് സംഘം കാമശമനത്തിനായി ഉപയോഗിച്ചിരുന്നത്. അഞ്ച് പെൺകുട്ടികളും അസമിലെ ഗ്രാമങ്ങളിൽ നിന്ന് ഇറ്റാഗറിലേക്ക് കടത്തിയവരാണ്. ഇവരിൽ ആദ്യ രണ്ടുപേർഎട്ടു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സംഘത്തിന്റെ കൈകളിൽ അകപ്പെട്ട് ഇറ്റാനഗറിലേക്കെത്തിയത്. ഇവരെ കഴിഞ്ഞ 10 ദിവസത്തിനിടെ തലസ്ഥാനമായ ഇറ്റാനഗറിലും പരിസരത്തും നടന്ന പരിശോധനയുടെ ഭാഗമായാണ് പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്.
കേസിൽ പോക്‌സോ ആക്ട് ഉൾപ്പെടെ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതുവരെ അറസ്റ്റിലായ 21 പേരിൽ 10 പേർക്കെതിരെ പെൺകുട്ടികളെ കടത്തൽ, ഇടപാടുകാരെ കണ്ടെത്തൽ, ഇരകളെ ഇടപാടുകാരുടെ അടുത്തേക്ക് കൊണ്ടുപോവൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് 11 പേർ ഇരകളെ ലൈംഗികമായി പീഡിപ്പിച്ചവരാണ്.