31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

3 വർഷത്തിനിടെ ഗർഭിണികളായത് പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ: ഈ ജനുവരിയിലും ഫെബ്രുവരിയിലുമായി1637 പെൺകുട്ടികൾ

Date:


ചെന്നൈ: തമിഴ്നാട്ടിൽ ശൈശവ വിവാഹങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെന്ന് റിപ്പോർട്ട്. ശൈശവ വിവാഹത്തെ തുടർന്ന് കഴിഞ്ഞ മൂന്നുവർഷത്തിനിടെ തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2021 ജനുവരിക്കും 2024 ജനുവരിക്കും ഇടയിൽ അധികൃതർക്ക് വിവരം ലഭിച്ച 10,686 ശൈശവ വിവാഹങ്ങളിൽ 7486 എണ്ണം തടയാൻ സാധിച്ചിരുന്നു.

സാമൂഹികക്ഷേമ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പരിശ്രമത്തിലൂടെയാണ് ഈ വിവാഹങ്ങൾ തടഞ്ഞത്. എന്നാൽ, അധികൃതർ അറിയാതെ ഇതിലേറെ ശൈശവ വിവാഹങ്ങൾ നടക്കുന്നുണ്ടെന്ന വിവരമാണ് ​ഗർഭം ധരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കണക്കുകൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്.

റാണിപ്പേട്ടിലുള്ള അഭിഭാഷകനും ബാലാവകാശ പ്രവർത്തകനുമായ പ്രഭാകരൻ വിവരാവകാശനിയമത്തിലൂടെ ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് 2021 മുതൽ 2024 ഫെബ്രുവരിവരെ സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഗർഭിണികളായത് കോവിഡ് കാലമായ 2021-ലാണ്. 14,031 പേരാണ് ആ സമയത്ത് ഗർഭം ധരിച്ചത്.

2022-ൽ 10,901 പേരും 2023-ൽ 9565 പേരും ഗർഭിണികളായി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽമാത്രം 1637 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സേലം, തിരുച്ചിറപ്പള്ളി, മധുര ജില്ലകളിലാണ് ഏറ്റവും കൂടുതൽപ്പേർ ഗർഭിണികളായത്. കൃഷ്ണഗിരി, തിരുവള്ളൂർ, ദിണ്ടിക്കൽ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ, ഈറോഡ് ജില്ലകളാണ് തൊട്ടുപിന്നിൽ. ചെന്നൈയിൽ ഈ വർഷം ആദ്യരണ്ടുമാസത്തിൽ 49 പെൺകുട്ടികൾ ഗർഭിണികളായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

2022-ൽ സർക്കാർ ആരംഭിച്ച ‘പുതുമൈ പെൺ തിട്ട’മെന്ന ബോധവത്കരണ പരിപാടി ശൈശവവിവാഹങ്ങൾ കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അധികൃതർ പറയുന്നു. ദാരിദ്ര്യവും സാമ്പത്തികപ്രയാസങ്ങളുമാണ് പെൺകുട്ടികളെ നേരത്തേ വിവാഹം കഴിച്ചയക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത്.

അതേസമയം, നഗരങ്ങളിൽ ജനസംഖ്യാ പെരുപ്പമാണ് കാരണമായി പറയുന്നത്. ബാലവിവാഹ നിരോധന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് കുറ്റകരമാണ്. രണ്ടുവർഷത്തെ തടവുശിക്ഷയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് ശിക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related