‘ഒരുമിച്ച്‌ ജീവിക്കണം, അല്ലെങ്കില്‍ മരിക്കും’: 16-കാരനായ കാമുകനെ തേടി യുവതി, പരാതിയുമായി കുടുംബം



ലഖ്നൗ: ഒരുമിച്ച്‌ ജീവിക്കണം, അല്ലെങ്കില്‍ മരിക്കും എന്ന ഭീഷണി മുഴക്കി പ്രായപൂർത്തിയാകാത്ത കാമുകന്റെ വീട്ടില്‍ക്കയറി താമസിച്ച് യുവതി. മീററ്റ് സ്വദേശിയായ യുവതിയാണ് ഉത്തർപ്രദേശിലെ ഷംലി സ്വദേശിയായ 16-കാരനൊപ്പം താമസിക്കാനായി എത്തിയത്. ഇതിനെ തുടർന്ന് 25-കാരിക്കെതിരേ 16-കാരന്റെ കുടുംബം ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കി. ഇതോടെ പോലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി.

കാമുകനായ 16-കാരനെ വിവാഹം കഴിക്കണമെന്നും കാമുകന്റെ വീട്ടില്‍ താമസിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. സാമൂഹികമാധ്യമത്തിലൂടെയാണ് 25-കാരിയും 16-കാരനും സൗഹൃദത്തിലായത്. തുടർന്ന് യുവതി കാമുകനൊപ്പം ജീവിക്കാനായി വീടുവിട്ടിറങ്ങുകയായിരുന്നു. ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു യുവതി. തുടർന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെയാണ് കുടുംബം പരാതിയുമായി ജില്ലാ മജിസ്ട്രേറ്റിനെ സമീപിച്ചത്.

read also: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: യദുവിനെ അറസ്റ്റ് ചെയ്യണോ? പൊലീസ് പറയുന്നത് ഇങ്ങനെ

സാമൂഹികമാധ്യമത്തിലൂടെയാണ് തന്റെ മകൻ യുവതിയെ പരിചയപ്പെട്ടതെന്നായിരുന്നു 16-കാരന്റെ പിതാവിന്റെ പ്രതികരണം. തന്റെ മകന് വിദ്യാഭ്യാസമില്ല. ജോലിക്കും പോകുന്നില്ല. അവർ രണ്ടുപേരും സാമൂഹികമാധ്യമത്തിലൂടെയാണ് സൗഹൃദത്തിലായത്. ഇപ്പോള്‍ യുവതി തന്റെ വീട്ടില്‍ താമസിക്കുകയാണ്. ഇവിടെനിന്ന് ഇറക്കിവിട്ടാല്‍ ജീവനൊടുക്കുമെന്നാണ് യുവതിയുടെ ഭീഷണിയെന്നും പിതാവ് പറഞ്ഞു.