നവജാത ശിശുക്കൾ വെന്ത് മരിച്ച ആശുപത്രിക്ക് ലൈസൻസില്ല, ഡോക്ടർമാർക്ക് യോഗ്യതയുമില്ല: ആപ്പ് സർക്കാരിനെതിരെ പരാതി


ന്യൂഡൽഹി: ഡല്‍ഹിയിലെ വിവേക് വിഹാര്‍ ആശുപത്രിയില്‍ ഏഴ് നവജാതശിശുക്കള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരവ് ഭരദ്വാജ് അടിയന്തരയോഗം വിളിച്ചു. അലോപ്പതി ഡോക്ടര്‍ക്ക് പകരം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത് ആയുര്‍വേദ ഡോക്ടര്‍. രോഗികളെ ചികിത്സിച്ചിരുന്നത് ആശുപത്രി ഉടമയുടെ ദന്തഡോക്ടറായ ഭാര്യയാണെന്നും വിവരം.

തീപിടുത്തത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു, വിവേക് വിഹാര്‍ ആശുപത്രി അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മാര്‍ച്ച്‌ 31ന് അവസാനിച്ച ലൈസന്‍സ് ആശുപത്രി അധികൃതര്‍ പുതുക്കിയിട്ടില്ല. ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോക്ടര്‍മാരുടെ യോഗ്യത സംബന്ധിച്ച്‌ സംശയങ്ങള്‍ നിലനില്‍ക്കുന്നു.

സംഭവത്തില്‍ നടപടി ശക്തമാക്കിയ പോലീസ് ആശുപത്രി ഉടമ നവീന്‍ കിഞ്ചി ഡ്യൂട്ടി ഡോക്ടര്‍ ആകാശ് എന്നിവരെ അറസ്റ്റ് ചെയ്തു. ഡ്യൂട്ടി ഡോക്ടര്‍ ആകാശ് ആയുര്‍വേദ ഡോക്ടര്‍ എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ആശുപത്രി ഉടമയുടെ ദന്തഡോക്ടര്‍ ആയ ഭാര്യയുടെയും നേതൃത്വത്തിലാണ് ചികിത്സകള്‍ നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ഗുരുതര വീഴ്ചകള്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ചതിന് പിന്നാലെ ദേശീയ ബാലവകാശ കമ്മീഷന്‍ നേരിട്ട് അന്വേഷണം ആരംഭിച്ചു. വിവേക് വിഹാര്‍ ആശുപത്രിയില്‍ ഉണ്ടായ വീഴ്ചകള്‍ പരിശോധിക്കാന്‍ ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭോജിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.