ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യക്ക് സുപ്രധാന പദവി നൽകി: അഴിമതി ആരോപിച്ച് ഹര്‍ജി
തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബ് എംഎൽഎയുടെ ഭാര്യ അനില മേരി ഗീവർഗീസിനെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിൽ അഴിമതി ആരോപിച്ച് സുപ്രീംകോടതിയിൽ ഹർജി. തിരുവനന്തപുരം സ്വദേശി മണിമേഖലയാണ് ഹർജി സമർപ്പിച്ചത്. നേരത്തെ സമാനമായ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
ഇതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റാണ് അനില മേരി ഗീവര്‍ഗീസ് പദവി ലഭിക്കുന്നതിനായി ഹാജരാക്കിയതെന്ന് ഉൾപ്പെടെയായിരുന്നു ആരോപണം. ചട്ടങ്ങൾ പാലിക്കാതെയാണു നിയമനമെന്നു ഹർജിയിൽ പറയുന്നുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തായിരുന്നു നിയമനം. അന്ന് മന്ത്രിസഭയിൽ അംഗമായിരുന്നു കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവായ അനൂപ് ജേക്കബ്. മുൻ മന്ത്രി ടിഎം ജേക്കബിൻ്റെ മകനാണ് പിറവം എംഎൽഎയായ അനൂപ് ജേക്കബ്.