മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നീട്ടണമെന്ന വാദം അടിയന്തരമായി കേള്‍ക്കണം: കെജ്രിവാളിന്റെ ആവശ്യം നിരസിച്ച് സുപ്രീംകോടതി


ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന കെജ്രിവാളിന്റ ആവശ്യം നിരസിച്ച് സുപ്രീംകോടതി. വാദം ഉടന്‍ കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ഹര്‍ജി കൈമാറിയ ശേഷം മാത്രമേ വാദം കേള്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവധിക്കാല ബെഞ്ച് അറിയിച്ചു.

ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജാമ്യം 7 ദിവസത്തേക്ക് കൂടി നീട്ടി നല്‍കണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം. എന്നാല്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടതെന്നും ഹര്‍ജി തള്ളുന്ന പക്ഷം കെജ്രിവാള്‍ തിരികെ ജയിലിലേക്ക് തന്നെ മടങ്ങേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കെജ്രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്ക് ഗുരുതമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സ്‌കാനിംഗ് പോലുള്ള പരിശോധനകള്‍ക്ക് സമയം ആവശ്യമുള്ളതിനാല്‍ ഒരാഴ്ചത്തേക്ക് കൂടി ജാമ്യം നീട്ടി തരണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ജയിലില്‍ വച്ച് കെജ്രിവാള്‍ ഭാരം കുറയ്ക്കുന്നതിനും പ്രമേഹം പിടിപെടുന്നതിനും വേണ്ടിയുള്ള ഭക്ഷണങ്ങള്‍ കഴിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായാണ് ഉപാധികളോടെ കെജ്രിവാളിന് ജാമ്യം അനുവദിച്ചത്.