ആര്യന്‍ രാജിന്റെ കൊലപാതകം: ലാലു പ്രസാദ് യാദവിന്റെ സഹോദരന്റെ രണ്ട് പേരക്കുട്ടികള്‍ അറസ്റ്റില്‍



പാറ്റ്‌ന: പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പാറ്റ്‌ന പൊലീസ് അറസ്റ്റ് ചെയ്തു . പിയൂഷ് രാജ്, വികാസ് കുമാര്‍ എന്നിവരാണ് പിടിയിലായത്.

Read Also: ആസ്‌ട്രേലിയയില്‍ കടലില്‍ വീണ് രണ്ട് മലയാളി യുവതികള്‍ മരിച്ചു

ഗോപാല്‍ഗഞ്ച് സ്വദേശി സുദീഷ് കുമാര്‍ യാദവിന്റെ മക്കളാണ് ഇരുവരും. ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ സഹോദരന്‍ മംഗ്രൂ യാദവിന്റെ മകനാണ് സുദീഷ് കുമാര്‍ യാദവ്.

പിറന്നാള്‍ ആഘോഷത്തിനിടെയാണ് 17 കാരനായ ആര്യന്‍ രാജ് കൊല്ലപ്പെട്ടത്. പാറ്റ്‌ന എജി കോളനിയിലെ എസ്ഐ ശ്യാം രഞ്ജന്‍ സിങ്ങിന്റെ മകനാണ്. പ്രതികള്‍ പാറ്റ്‌നയില്‍ ഫ്‌ളാറ്റ് വാടകയ്ക്കെടുത്താണ് താമസിച്ചിരുന്നത്. ആര്യനുമായി വികാസിന് നേരത്തെ തര്‍ക്കമുണ്ടായിരുന്നുവെന്നാണ് സൂചന. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് മദ്യക്കുപ്പികള്‍, കോണ്ടം, ലഹരി വസ്തുക്കള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

പട്ടേല്‍ നഗറിലെ ഗാന്ധി മൂര്‍ത്തി നഗറിലാണ് മരിച്ച ആര്യന്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എന്ന് പറഞ്ഞാണ് ആര്യന്‍ വീട്ടില്‍ നിന്ന് പോയത്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു. അതേസമയത്താണ് ശാസ്ത്രി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ആര്യന്‍ കൊല്ലപ്പെട്ടതായി ഫോണ്‍ കോള്‍ വന്നത്. ഫ്‌ളാറ്റിന്റെ പൂട്ട് തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ആര്യന്റെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റ് സുദീഷ് യാദവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.