വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ സ്വയംഭോഗവും നഗ്നതാ പ്രദര്‍ശനവും: യുവതിയുടെ വസ്ത്രമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് വാര്‍ഡന്‍



ചെന്നൈ: തിരുച്ചിറപ്പള്ളി എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം. ഹോസ്റ്റലിലെ ഇന്റര്‍നെറ്റ് തകരാര്‍ പരിഹരിക്കാനെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്. വിദ്യാര്‍ത്ഥിനിക്ക് മുന്നില്‍ യുവാവ് നഗ്‌നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തി. വിദ്യാര്‍ത്ഥിനി ഭയന്ന് പുറത്തേക്കോടി. ഹോസ്റ്റല്‍ വാര്‍ഡനോട് പരാതിപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥിനിയെ ശകാരിക്കുകയാണുണ്ടായത്. പെണ്‍കുട്ടി ധരിച്ച വസ്ത്രമാണ് പ്രശ്‌നത്തിന് കാരണമെന്ന് വാര്‍ഡന്‍ കുറ്റപ്പെടുത്തി.

Read Also: രണ്ടിടത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് രാഹുലിനായി ചെലവഴിച്ചത് 1.40 കോടി

‘ഞാന്‍ മുറിയിലിരുന്ന് പഠിക്കുകയായിരുന്നു, അപ്പോഴാണ് വൈ ഫൈ കണക്ഷന്‍ ശരിയാക്കാന്‍ എത്തിയ ടെക്‌നീഷ്യന്‍ നഗ്‌നതാപ്രദര്‍ശനം നടത്തി എന്റെ മുന്നില്‍ സ്വയംഭോഗം തുടങ്ങിയത്. ഞാന്‍ പേടിച്ച് പുറത്തേക്ക് ഓടി. പിന്നീട് മറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം തിരിച്ചു വന്നപ്പോഴേക്കും അയാള്‍ പോയിരുന്നു. അയാളുടെ ശരീരദ്രവം തറയിലാകെ കിടപ്പുണ്ടായിരുന്നു. തെളിവായി ഫോട്ടോ എടുത്തുവച്ചു. തുടര്‍ന്ന് വാര്‍ഡനോട് പരാതിപ്പെടാന്‍ ചെന്നു. നീയെന്നെ ബുദ്ധിമുട്ടിക്കുകയാണ് എന്നാണ് എല്ലാം കേട്ട ശേഷം അവര്‍ പറഞ്ഞത്. ഞാനാകെ തകര്‍ന്നുപോയി. വൈ ഫൈ ശരിയാക്കിത്തന്നിട്ടും ഒരു നന്ദിയുമില്ലെന്ന് വാര്‍ഡന്‍ പറഞ്ഞു. ഇനി ഇലക്ട്രിക്, പ്ലംബ്ബിങ് പരാതികള്‍ വന്നാല്‍ ചെയ്യില്ലെന്ന് അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. ഞാന്‍ പാന്റ്‌സ് ധരിച്ചിരുന്നില്ല എന്നാണ് വാര്‍ഡന്‍ പൊലീസുകാരോട് പറഞ്ഞത്. സംഭവം നടക്കുമ്പോള്‍ ഞാന്‍ കാല്‍ വരെയെത്തുന്ന പാവാട ധരിച്ചിരുന്നു. എന്നിട്ടാണ് വാര്‍ഡന്‍ ഇങ്ങനെ പറഞ്ഞത്’- പെണ്‍കുട്ടി പറഞ്ഞു.

അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിനിയെ അപഹസിച്ച വാര്‍ഡനെതിരെ രാത്രി മുഴുവന്‍ ഹോസ്റ്റലിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. മലയാളി വിദ്യാര്‍ഥികള്‍ അടക്കം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാര്‍ഡനെ മാറ്റണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഡീന്‍ ഉറപ്പ് നല്‍കിയത്തോടെയാണ് രാവിലെ 5 മണിക്ക് പ്രതിഷേധം അവസാനിച്ചത്. നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവിനെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. എന്‍ഐടി വാര്‍ഡനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ട്രിച്ചി കലക്ടര്‍ പ്രദീപ് കുമാര്‍ വ്യക്തമാക്കി.