ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലംമാറ്റി; മേയര്‍ക്കെതിരെ ആരോപണവുമായി ദഫേദാര്‍



ചെന്നൈ: തമിഴ്‌നാട്ടിലെ മേയര്‍ ആര്‍. പ്രിയക്കെതിരെ വിചിത്ര ആരോപണവുമായി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനിലെ ആദ്യ വനിതാ ദഫേദാറായ എസ്.ബി മാധവി (50). ലിപ്സ്റ്റിക് ഉപയോഗിച്ചതിന്റെ പേരില്‍ മേയര്‍ തനിക്ക് ട്രാന്‍സ്ഫര്‍ നല്‍കിയെന്നാണ് മാധവി ഉന്നയിക്കുന്നത്. ഇതോടെ കേട്ടുകേള്‍വിയില്ലാത്ത ഒരു വിഷയത്തില്‍ വിവാദത്തിലായിരിക്കുകയാണ് ചെന്നൈ കോര്‍പ്പറേഷന്‍.

ലിപ്സ്റ്റിക് ധരിച്ച് വരാറുള്ള മാധവിയെ ഇതുപയോഗിക്കുന്നതില്‍ നിന്ന് മേയറിന്റെ പിഎ ശിവ ശങ്കര്‍ വിലക്കിയിരുന്നു. മേയറുടെ ഔദ്യോഗിക പരിപാടികള്‍ക്ക് എത്തുമ്പോള്‍ ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇക്കാര്യം ചോദ്യം ചെയ്തതോടെ മാധവിയെ മണലി സോണിലേക്ക് സ്ഥലം മാറ്റിയെന്നാണ് മാധവി പറയുന്നത്. ലിപ്സ്റ്റിക് ധരിക്കുന്നത് കുറ്റകരമാണെങ്കില്‍ അക്കാര്യം വ്യക്തമാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് തന്നെ കാണിക്കൂവെന്ന് മാധവി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കൃത്യസമയത്ത് ജോലിക്ക് എത്തുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മെമ്മോയും മാധവിക്ക് ലഭിച്ചിരുന്നു.

Read Also: തന്നെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളം

സംഭവത്തില്‍ ഡിഎംകെ മേയറായ പ്രിയ പ്രതികരിച്ചിട്ടുണ്ട്. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഷാഷന്‍ ഷോയില്‍ ദഫേദാര്‍ മാധവി പങ്കെടുത്തത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചെന്ന് മേയര്‍ ചൂണ്ടിക്കാട്ടി. കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന് മാത്രമാണ് തന്റെ പിഎ ആവശ്യപ്പെട്ടതെന്നും സ്ഥലം മാറ്റിയത് ലിപ്സ്റ്റിക് വിഷയത്തിലല്ലെന്നും മേയര്‍ വിശദീകരിച്ചു.