മണിപ്പൂരിലെ ജിരിബാം ജില്ലയിൽ ഉൾപ്പെടെ ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ സർക്കാർ അഫ്‌സ്‌പ ഏർപ്പെടുത്തി


ന്യൂദൽഹി : മണിപ്പൂരിൽ അക്രമ സംഭവങ്ങൾ നടന്ന ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽ സുരക്ഷാ സേനയുടെ സൗകര്യാർത്ഥം സായുധ സേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ നിയമം ഏർപ്പെടുത്തി.

വംശീയ കലാപം മൂലം പ്രദേശത്ത് തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.

ഇംഫാൽ വെസ്റ്റ് ജില്ലയിലെ സെക്‌മായി, ലംസാംഗ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്‌പോക്‌പിയിലെ ലെയ്‌മഖോങ്, ബിഷ്‌ണുപൂരിലെ മൊയ്‌റാംഗ് എന്നിവിടങ്ങളിലാണ് അഫ്‌സ്‌പ വീണ്ടും ഏർപ്പെടുത്തിയ പോലീസ് സ്‌റ്റേഷൻ ഏരിയകൾ.

മണിപ്പൂരിലെ ജിരിബാം ജില്ലയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും പോലീസ് സ്റ്റേഷന് നേരെയും അക്രമികൾ വെടിയുതിർത്തതിനെ തുടർന്ന് തിങ്കളാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 11 തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു.