സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
മംഗളൂരു : ഇന്നലെ രാവിലെ മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പോലീസ് അറസ്റ്റ് ചെയ്തത്.
മൈസൂർ സ്വദേശികളായ എം ഡി നിഷിത (21), എസ് പാർവതി (20), എൻ കീർത്തന (21) എന്നിവരായിരുന്നു കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത്. നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതികളിൽ ഒരാൾ ആദ്യം അപകടത്തിൽ പെടുകയായിരുന്നു.
മറ്റ് രണ്ട് പേർ ഇവരെ രക്ഷിക്കുന്നതിനായി ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അതേ സമയം റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കിയിട്ടുണ്ട്.