ജാർഖണ്ഡിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി : ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായേക്കും


റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി. 56 സീറ്റുകളാണ് ഇന്ത്യ മുന്നണി സംസ്ഥാനത്ത് നേടിയത്.

നിലവിലെ സാഹചര്യത്തില്‍ ജെ എം എം നേതാവ് ഹേമന്ത് സോറന്‍ തന്നെ മുഖ്യമന്ത്രി ആകാനാണ് സാധ്യത. സഖ്യകക്ഷികളുടെ വകുപ്പ് സംബന്ധിച്ച് ഇന്ന് റാഞ്ചിയില്‍ ചര്‍ച്ച നടക്കും.

എല്ലാ പാര്‍ട്ടികളുടെയും പിന്തുണ നേടി ഉടനടി ഗവര്‍ണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മന്ത്രിസഭ രൂപീകരണത്തിന് മുന്‍പ് ഹേമന്ത് സോറന്‍ ദല്‍ഹിയിലെത്തി ഇന്ത്യ സഖ്യ നേതാക്കളെ കാണുമെന്നാണ് വിവരം.

അതേ സമയം തെരഞ്ഞെടുപ്പിൽ മുന്നണിയിലെ പാര്‍ട്ടികളുടെ പ്രമുഖരായ നേതാക്കളെല്ലാം വിജയിച്ചു. കോണ്‍ഗ്രസിന് 16 സീറ്റുകളാണ് തെരഞ്ഞെടുപ്പില്‍ നേടാനായത്.