ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോൽവി

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോൽവി. മലയാളി താരം സഞ്ജു സാംസണ്‍ (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന് ഒമ്പത് റൺസ് അകലെ ഇന്ത്യ വീണു. ലഖനൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന്‍ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യര്‍ (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്. മോശം തുടക്കമായിരുന്നു ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്‍ (3), ശിഖര്‍ ധവാന്‍ (4) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി.

കഗിസോ റബാദ, വെയ്ന്‍ പാര്‍നെല്‍ എന്നിവര്‍ക്കായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന റിതുരാജ് ഗെയ്കവാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരുടെ മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി. റിതുരാജ് 42 പന്തുകളാണ് നേരിട്ടത്. കിഷന്‍ 37 പന്തുകളും നേരിട്ടു. ഇരുവരും 79 പന്തുകളിൽ നിന്ന് 40 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്.

എന്നാല്‍, റിതുരാജിനെ തബ്രൈസ് ഷംസിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഡി കോക്ക് സ്റ്റംപ് ചെയ്ത് പുറത്താക്കി. പതിനെട്ടാം ഓവറില്‍ കിഷനും മടങ്ങി. കേശവ് മഹാരാജിന്റെ പന്തില്‍ ജന്നെമന്‍ മലാനായിരുന്നു ക്യാച്ച്. ഇതോടെ ഇന്ത്യ നാലിന് 51 എന്ന നിലയിലായി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- ശ്രേയസ് സഖ്യം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ശ്രേയസായിരുന്നു കൂടുതല്‍ അഗ്രസീവായി കളിച്ചത്. 37 പന്തുകളില്‍ നിന്നാണ് ശ്രേയസ് 50 റണ്‍സെടുത്തത്. എട്ട് ബൗണ്ടറികള്‍ ശ്രേയസിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. വാലറ്റം തകരുമെന്ന് തോന്നിച്ചെങ്കിലും ഷാര്‍ദുല്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. സഞ്ജുവിനൊപ്പം 93 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഠാക്കൂറിനായി. 31 പന്തുകള്‍ നേരിട്ട ഠാക്കൂര്‍ അഞ്ച് ബൗണ്ടറികള്‍ നേടി. ലുംഗി എന്‍ഗിഡിക്കായിരുന്നു വിക്കറ്റ്.

തൊട്ടടുത്ത പന്തില്‍ കുല്‍ദീപ് യാദവും (0) മടങ്ങി. അവസാന രണ്ട് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 37 റണ്‍സായിരുന്നു. എന്നാല്‍ 39-ാം ഓവറില്‍ സഞ്ജുവിന് സ്‌ട്രൈക്ക് പോലും കിട്ടിയില്ല. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. ഷംസിയുടെ ആദ്യ മൂന്ന് പന്തില്‍ സഞ്ജു 14 റണ്‍സ് നേടിയെങ്കിലും ജയത്തിന് ഒമ്പത് റൺസ് അകലെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.