പരിശീലകരെ പുറത്താകിയതിൽ റെക്കോർഡ് സൃഷ്ടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസൺ. ഇന്നലെ ബ്രണ്ടൻ റോഡ്ജേഴ്സ്, ഗ്രഹാം പോട്ടർ എന്നീ പരിശീലകർ കൂടി പുറത്തായതോടെയാണ് പ്രീമിയർ ലീഗ് ഇക്കുറി റെക്കോർഡിട്ടത്. 12 പരിശീലകരാണ് ഈ സീസണിൽ പ്രീമിയർ ലീഗിൽ പുറത്തായത്.
പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ബേൺമത്താണ് ആദ്യ മാസം തന്നെ പരിശീലകനെ പുറത്താക്കിയത്. സ്കോട്ട് പാർക്കറാണ് പുറത്തായത്. പിന്നാലെ ചെൽസിയുടെ തോമസ് ടുഷേൽ വീണു. വോൾവ്സിന്റെ ബ്രൂണോ ലഗെ, ആസ്റ്റൺ വില്ലയുടെ സ്റ്റീവൻ ജെറാർഡ്, സതാംപട്ന്റെ റാൾഫ് ഹസൻഹട്ടിൽ, എവർട്ടന്റെ ഫ്രാങ്ക് ലാംപാർഡ്, ലീഡ്സിന്റെ ജെസ്സെ മാർഷ്, സതാംപ്ടന്റെ തന്നെ നതാൻ ജോൺസ്, ക്രിസ്റ്റൽ പാലസിന്റെ പാട്രിക്ക് വിയേര, ടോട്ടനത്തിന്റെ അന്റോണിയോ കോണ്ടെ, ലെസ്റ്റർ സിറ്റിയുടെ ബ്രണ്ടൻ റോഡ‍്ജേഴ്സ്, ചെൽസിയുടെ ഗ്രഹാം പോട്ടർ എന്നിവരാണ് തുടർന്ന് പുറത്തായത്. ചെൽസിയും ടോട്ടനവും രണ്ട് പരിശീലകരെ വീതം ഇക്കുറി പുറത്താക്കി.
നാല് വർഷത്തെ സേവനത്തിന് ശേഷമാണ് റോഡ്ജേഴ്സിന്റെ ലെസ്റ്റർ പുറത്താക്കുന്നത്. പ്രീമിയർ ലീഗിൽ 19-ാം സ്ഥാനത്ത് തുടരുന്ന ലെസ്റ്റർ തരംതാഴ്ത്തൽ ഭീഷണി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് പുറത്താക്കിയത്. 2019 ഫെബ്രുവരിയിൽ ലെസ്റ്ററിന്റെ ചുമതലയേറ്റ റോഡ്ജേഴ്സ് അവരെ ഒരിക്കൽ എഫ്എ കപ്പ് ജേതാക്കളാക്കി. രണ്ട് തവണ പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ അഞ്ചാം സ്ഥാനത്തെത്തിക്കാനും റോഡ്ജേഴ്സിനായി.