ചാറ്റ്ജിപിടിക്ക് നിരോധനവുമായി ഈ പാശ്ചാത്യ രാജ്യം, നിരോധനത്തിന് പിന്നിലെ കാരണം ഇതാണ്

ലോകത്താദ്യമായി ചാറ്റ്ജിപിടി നിരോധിച്ച് പ്രമുഖ പാശ്ചാത്യ രാജ്യമായ ഇറ്റലി. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ യുഎസ് സ്റ്റാർട്ടപ്പ് ഓപ്പൺ എഐ സൃഷ്ടിച്ച ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലി നിരോധിക്കുന്നത്. ഇറ്റാലിയൻ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചാറ്റ്ജിപിടിക്ക് ഏർപ്പെടുത്തിയ നിരോധനം ഉടൻ തന്നെ പ്രാബല്യത്തിലാകുന്നതാണ്. അതേസമയം, തങ്ങൾ എല്ലാ തരത്തിലുള്ള സ്വകാര്യതാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഓപ്പൺഎഐ അറിയിച്ചിട്ടുണ്ട്

ചാറ്റ്ജിപിടിയുടെ സ്വകാര്യതാ നയങ്ങളുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി നിരവധി സംശയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം സംശയങ്ങൾക്ക് ഉത്തരം നൽകാൻ ഓപ്പൺഎഐക്ക് 20 ദിവസത്തെ സമയമാണ് നൽകിയിട്ടുള്ളത്. ഇറ്റലിക്ക് പുറമേ, ചാറ്റ്ജിപിടിയെ നിരോധിക്കാൻ അയർലൻഡും നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് സൂചന. ടെക് ലോകത്ത് മാസങ്ങൾ കൊണ്ട് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടി 2022 നവംബറിലാണ് ആദ്യമായി അവതരിപ്പിച്ചത്. നിലവിൽ, പ്രീമിയം സബ്സ്ക്രിപ്ഷനിൽ വരെ ചാറ്റ്ജിപിടി ഉപയോഗിക്കാൻ സാധിക്കും.